ജപ്തി നടപടി വിവേചനപരം; ഹർത്താലിന്റെ മറവിൽ നീതി നിഷേധമെന്ന് എസ്ഡിപിഐ

Update: 2023-01-21 11:14 GMT

കണ്ണൂർ: ഹർത്താലിന്റെ മറവിൽ ഭരണകൂടം സ്വീകരിക്കുന്ന ജപ്തി നടപടി വിവേചനപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിരവധി ഹർത്താലുകൾ അരങ്ങേറിയിട്ടുണ്ട്. ശബരിമല ഹർത്താലിലും സിപിഎം നടത്തിയ ഹർത്താലുകളിലും വിഴിഞ്ഞം സമരത്തിലും കെഎസ്ആർടിസി ബസുകളും പോലീസ് വാഹനങ്ങളും ആക്രമിക്കപ്പെടുകയും അഗ്നിക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നും സ്വീകരിക്കാത്ത നടപടിയാണ് ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ജപ്തി നടപടികൾ അരങ്ങേറുന്നത്. ഹർത്താൽ കേസിൽ പ്രതീയല്ലാത്തവരുടെ സ്വത്തുക്കൾ പോലും ജപ്തി ചെയ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ മെമ്പറുടെ സ്വത്ത് ജപ്തി ചെയ്തു. കണ്ണൂരിൽ വര്ഷങ്ങളായി പ്രവാസിയായ വ്യക്തിയുടെ സ്വത്തും ജപ്തി ചെയ്തിരിക്കുകയാണ്. കോടതി ഉത്തരവിന്റെ മറവിൽ രഹസ്യ അജണ്ട നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി കുറ്റപ്പെടുത്തി. വിവേചനപരമായ നടപടികൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുമെന്നും ജനാധിപത്യ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടി പറമ്പ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി എന്നിവർ പങ്കെടുത്തു.

Tags:    

Similar News