പാകിസ്താന്‍ മതേതര രാജ്യമായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരേണ്ടിവരില്ലായിരുന്നു; വിവാദ പരാമര്‍ശവുമായി അസമിലെ ബിജെപി മന്ത്രി

1956 ലെ പൗരത്വ ബില്ലില്‍ വരുത്തുന്ന ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമേതര അഭയാര്‍ത്ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവിനുള്ളില്‍ പൗരാവകാശം ലഭിക്കും.

Update: 2019-12-04 15:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൗരത്വഭേദഗതി ബില്ല് പാസ്സാക്കിയതിന് പരോക്ഷമായി പാകിസ്താനെ കുറ്റപ്പെടുത്തി അസം മന്ത്രി. അസമിലെ ബിജെപി മന്ത്രി ഹിമന്ദ ബിശ്വാസ് ശര്‍മയാണ് വിചിത്രമായ ന്യായീകരണവുമായി രംഗത്തെത്തിയത്.

പാകിസ്താന്‍ മതേതരമായിരുന്നെങ്കില്‍ ഇന്ത്യയില്‍ പൗരത്വഭേദഗതി ബില്ല് പാസാക്കേണ്ടിവരില്ലായിരുന്നു. പാകിസ്താനില്‍ മതപീഡനം നടക്കുന്നതുകൊണ്ടാണ് ഇത് ചെയ്യേണ്ടിവന്നത്- സിഎന്‍എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ബിശ്വാസ് ശര്‍മ പറഞ്ഞു.

ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ പൗരാവകാശ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയ സാഹചര്യത്തില്‍ ബില്ല് അടുത്ത ആഴ്ച തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബില്ല് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി 150 സംഘടനകളില്‍ പെട്ട 600 ഓളം പേരുമായി നൂറു മണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനര്‍ കൂടിയായ ശര്‍മ പറഞ്ഞു. പൗരത്വ ബില്ല് അതിന്റെ അവാസന രൂപത്തില്‍ വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

1956 ലെ പൗരത്വ ബില്ലില്‍ വരുത്തുന്ന ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമേതര അഭയാര്‍ത്ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവിനുള്ളില്‍ പൗരാവകാശം ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ 11 വര്‍ഷം തുടര്‍ച്ചയായി താമസിക്കണമെന്നത് 6 വര്‍ഷമായി ചുരുക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

ബില്ല് മുസ്ലിം വിരുദ്ധമാണെന്ന വാദത്തെ ശര്‍മ്മ തള്ളിക്കളഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്ന് പീഡനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതിനെതിരേ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.  

Tags:    

Similar News