സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കശ്മീര്‍ മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിരോധനം

Update: 2019-11-11 14:34 GMT

ശ്രീനഗര്‍: കശ്മീരില്‍ മാധ്യപ്രവര്‍ത്തകരുടെ ഏക ആശ്വാസമായ മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരോധനമെന്ന് റിപോര്‍ട്ട്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനായി കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് മീഡിയ ഫെസിലിറ്റേഷന്‍ സെന്റര്‍. തങ്ങള്‍ തയ്യാറാക്കിയ വാര്‍ത്തകള്‍ ക്യൂ നിന്നാണ് ഓരോരുത്തരും സ്വന്തം പത്രങ്ങളിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും അയക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്രനാളും തടഞ്ഞിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസമാണ് ഏതാനും പേരെ തിരിച്ചയച്ചത്. മാസികകളിലും ആഴ്ചപ്പതിപ്പുകളിലും ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കുണ്ട്.

മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് മെയില്‍ അയക്കാന്‍ സാധിക്കാത്തവര്‍ നിലവില്‍ തങ്ങളുടെ പത്ര-മാധ്യമ ഓഫിസുകളിലേക്ക് വാര്‍ത്തകള്‍ പെന്‍ഡ്രൈവുകളിലാക്കി കൊടുത്തയക്കുകയാണ്. ജോലിയുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്ന് തടയുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.

മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ കാത്തുനില്‍ക്കേണ്ടി വരുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ല. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ നിലവില്‍ രണ്ട് തവണ ഓഫിസ് കെട്ടിടം മാറ്റിയിരുന്നു.

ഫെസിലിറ്റേഷന്‍ സെന്ററില്‍ വരുന്നവര്‍ മാധ്യമ സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് നിയമം കൊണ്ടുവന്നതോടെയാണ് പലരും പുറത്തായത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ പുറത്താക്കുന്നതിന് കാരണം പറഞ്ഞിട്ടില്ല.   

Tags:    

Similar News