പൂത്തിരിയുടെ പരിചാരകയ്ക്ക് പുരസ്‌കാര പുഞ്ചിരി

Update: 2020-03-06 14:35 GMT

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 14ലെ പൂത്തിരി(നമ്പര്‍ 34) അങ്കണവാടിയിലെ അധ്യാപിക സി ജി പ്രമീളയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജില്ലാ അങ്കണവാടി അധ്യാപികയ്ക്കുള്ള അര്‍വാര്‍ഡ്. പുത്തന്‍ചിറ മാണിയന്‍കാവ് ഭഗവതി ക്ഷേത്രത്തിനു പുറകിലായി 1998ല്‍ പിറവിയെടുത്ത 34ാം നമ്പര്‍ പൂത്തിരി അങ്കണവാടിയിലെ പ്രഥമ അധ്യാപിക കൂടിയാണ് അവാര്‍ഡിന് അര്‍ഹയായ പ്രമീളാ സജീവന്‍. ഭര്‍ത്താവിന്റെ മരണശേഷം ഏകമകള്‍ പ്രസീതയോടൊപ്പം പുത്തന്‍ചിറ കോവിലകത്ത് കുന്നിലുള്ള മുസ് ലിം പള്ളിക്ക് അടുത്ത് താമസിക്കുകയാണിവര്‍. വിവാഹിതയായ മകള്‍ പ്രസീതയുടെ ഭര്‍ത്താവ് ഷിജു പ്രവാസിയാണ്. പുത്തന്‍ചിറയിലെ അങ്കണവാടികളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഈ അങ്കണവാടിക്ക് സ്വന്തമായ അധ്യാപികയാണിവര്‍. 22 കുട്ടികളും ഇവര്‍ക്ക് സ്വന്തം കുട്ടികള്‍ തന്നെ. ഇവിടുത്തെ ആയ വാസന്തിയും ടീച്ചറും പ്രദേശവാസികളും കുട്ടികളുടെ രക്ഷാകര്‍ത്താക്കളുമായി നല്ല രീതിയിലുള്ള സൗഹൃദത്തിലൂടെ അങ്കണവാടിയെ മികവിലേക്ക് ഉയര്‍ത്തുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അത്ര നിസ്സാരമല്ല. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ അങ്കണവാടിയെ 2019-2020ലെ മികച്ച അങ്കണവാടികളില്‍ ഒന്നായിക്കണ്ട് ശിശു സൗഹൃദ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുകയും ഒരു ലക്ഷം രൂപയുടെ ആധുനിക കളി ഉപകരണങ്ങളും എല്‍ഇഡിടിവി അടക്കമുള്ളവയും ലഭിച്ചിട്ടുണ്ട്.

    2019-2020 പദ്ധതിയില്‍പെടുത്തി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ഈ കേന്ദ്രത്തിലേക്കുള്ള റോഡ് ടാറിങ് നടത്തുകയും കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം ട്രസ്സ് വര്‍ക്ക് നടത്താനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. അവയുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞിട്ടുണ്ട്. 12000 രൂപ ചെലവില്‍ ജലനിധിയുടെ വാട്ടര്‍ കണക്്ഷനും അനുവദിച്ചിട്ടുണ്ട്. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രമീള ടീച്ചര്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ഓണാഘോഷം, ശിശുദിനം, ഗാന്ധിജയന്തി, പെരുന്നാള്‍, വിഷു പോലുള്ള വിശേഷ ദിവസങ്ങള്‍ കുട്ടികളുടെ മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചും ആചരിച്ചും വരുന്നു. തിരുവോണ സദ്യ പ്രദേശത്തെ മുതിര്‍ന്നവരെ ആദരിച്ചും കുട്ടികള്‍ക്ക് മുതിര്‍ന്നവരോടുള്ള പ്രതിബദ്ധതയെ കുറിച്ചും കാണിച്ചുകൊടുത്ത് സംയുക്തമായി ആഘോഷിക്കാറുണ്ട്. പണ്ടാരില്‍ കുമാരന്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് അങ്കണവാടി കെട്ടിടം സ്ഥിതി ചെയ്യുന്നത്.

    ഇതിലേക്കുള്ള റോഡ് പ്രദേശവാസികളായ മൂന്നു തറവാട്ടുകാര്‍ സംഭാവന ചെയ്ത ഭൂമിയില്‍ കൂടിയുള്ളതാണ്. പ്രമീള സജീവന്റെ ഉപജീവന മാര്‍ഗ്ഗവും ഇതില്‍നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. 25 വര്‍ഷം മുമ്പ് അകാലചരമമടഞ്ഞ വെണ്‍മനശ്ശേരി സജീവനാണ് ഭര്‍ത്താവ്. നാളെ വൈകീട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യും. തങ്ങളുടെ പ്രിയങ്കരിയായ അധ്യാപികയ്ക്ക് പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍.




Tags:    

Similar News