ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍?: ഡല്‍ഹി തീസ് ഹസാരി കോടതി

ഡല്‍ഹി പോലിസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണെന്ന്. ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?.

Update: 2020-01-14 09:58 GMT

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലിസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് തീസ് ഹസാരി കോടതി. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജമാ മസ്ജിദിനു സമീപം ഡിസംബര്‍ 21ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാകുന്നത്.

ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?. ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍? ഡല്‍ഹി പോലിസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണെന്ന്. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. എന്ത് അനുമതി? സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണെന്നും കോടതി പറഞ്ഞു.

വാദത്തിനിടെ ഒരുഘട്ടത്തില്‍, ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരായുകയും ചെയ്തു. ആരാധനാലയങ്ങൾക്ക് പുറത്ത് ആരെയെങ്കിലും വിലക്കുന്ന നിയമം ഉണ്ടെങ്കിൽ അത് കാണിച്ചു തരുമെന്ന് ആഗ്രഹിക്കുന്നതായി ജഡ്ജി പറഞ്ഞു. തുടർന്ന് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും ജഡ്ജി ചോദ്യങ്ങൾ ഉന്നയിച്ചു.

ഡൽഹി പോലിസ് വളരെ പിന്നോക്കാവസ്ഥയിലാണെന്ന് കരുതുന്നുണ്ടോ, അവർക്ക് രേഖകളോ തെളിവുകളോയില്ലേ? ചെറിയ കാര്യങ്ങളിലൊക്കെ ഡൽഹി പോലിസ് തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അതില്ലാഞ്ഞതെന്നും ജഡ്ജി ചോദിച്ചു. കേസിലെ അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ താൻ സന്നദ്ധനാണെന്നും, തെളിവുകളൊന്നും നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യില്ലെന്ന് ആസാദ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News