ബാലഭാസ്‌കറിന്റെ അപകടമരണം; സ്വര്‍ണക്കടത്ത് പ്രതികളുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു.

Update: 2019-06-01 05:43 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പ്രതികളുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ-ഓഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആര്‍ഐ സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റുചെയ്തിരുന്നു.

കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ തേടിയത്. പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും.

ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോ-ഓഡിനേഷന്‍ ജോലികള്‍ക്കിടെ വിദേശയാത്രകള്‍ നടത്തിയിരുന്നുവെന്നാണ് ആരോപണം. അപകടം നടന്ന ദിവസം എവിടെ എത്തിയെന്ന് തിരക്കി ബാലഭാസ്‌കറിന്റെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നിരുന്നുവെന്നും അപകടശേഷം ആശുപത്രിയില്‍ ആദ്യമെത്തിയത് പ്രകാശ് തമ്പിയാണെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ വലിയ അടുപ്പം കാണിച്ചില്ല എന്നതാണ് സംശയം ഉയര്‍ത്തുന്നത്. ബാലഭാസ്‌കറിന്റെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് സുഹൃത്തുക്കള്‍ക്കായിരുന്നുവെന്നും അച്ഛന്‍ കെ സി ഉണ്ണിയുടെ പരാതിയിലുണ്ട്. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. ബാലഭാസ്‌കറിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ അര്‍ജുനെ ഇവിടെ നിയോഗിച്ചതും ഒളിവില്‍ കഴിയുന്ന വിഷ്ണുവാണെന്നാണ് ക്രൈബ്രാഞ്ചിന് ലഭിച്ച പുതിയ വിവരം. 

Tags:    

Similar News