ശബരിമല പ്രശ്‌നം: ചര്‍ച്ചയ്ക്കു തയ്യാറെന്ന് പന്തളം കൊട്ടാരം

ഇനി ഫെബ്രുവരി 13നാണു അടുത്ത മണ്ഡലകാലം ആരംഭിക്കുക

Update: 2019-01-20 01:47 GMT

പത്തനംതിട്ട: യുവതി പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംഘര്‍ഷങ്ങളും അക്രമങ്ങളും അരങ്ങേറിയ ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് പന്തളം കൊട്ടാരം. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ പിടിവാശിയാണ് ദോഷം ചെയ്തതെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ പറഞ്ഞു. യുവതികള്‍ പ്രവേശിച്ചതിനു തെളിവായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ലിസ്റ്റ് അടി ഇരന്നുവാങ്ങുന്നതിനു തുല്യമായി. സര്‍ക്കാര്‍ നയം കാരണം വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. ഭക്തരില്‍ ആശങ്കയുണ്ടായതിനാല്‍ വരവ് കുറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടാവുന്ന വിഷയമാണിതെന്നും ആ അവസരം അദ്ദേഹം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം കഴിഞ്ഞ് രാവിലെ 6.20ഓടെ ശബരിമല നടയടച്ചു. ആചാരക്രമങ്ങള്‍ക്കു ശേഷം മേല്‍ശാന്തി നടയടച്ച് താക്കോല്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പിച്ചു. ഇനി ഫെബ്രുവരി 13നാണു അടുത്ത മണ്ഡലകാലം ആരംഭിക്കുക. അതിനു മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു പന്തളം കൊട്ടാരം ചര്‍ച്ചയ്ക്കു തയ്യാറാവുന്നതെന്നാണു സൂചന.

    നേരത്തേ, സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും പലപ്പോഴും പന്തളം കൊട്ടാരം പങ്കെടുത്തിരുന്നില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയാണെന്ന് ആരോപിച്ച കൊട്ടാരം പ്രതിനിധികള്‍ എന്‍എസ്എസ്, ശബരിമല കര്‍മസമിതി എന്നിവരുടെ നിലപാടിനോടാണ് യോജിച്ചിരുന്നത്. എന്നാല്‍, സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നത് ഭരണഘടനാ ബാധ്യതയാണെന്ന നിലപാടില്‍ ഉറച്ചുനിന്ന സര്‍ക്കാര്‍, ഒടുവില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പട്ടിക സുപ്രിംകോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ ചിലര്‍ പുരുഷന്‍മാരാണെന്നും ചിലര്‍ 50 വയസ്സ് പിന്നിട്ടവരാണെന്നും തുടരന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ ഹര്‍ത്താലുകളില്‍ സംസ്ഥാന വ്യാപകമായി വ്യാപക ആക്രമണങ്ങളാണുണ്ടായത്. ഏതായാലും സംഘര്‍ഷഭരിതമായ ഒരു മണ്ഡലകാലത്തിനു പരിസമാപ്തി കുറിക്കുമ്പോള്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സന്നദ്ധത അറിയിച്ച പന്തളം കൊട്ടാരം പ്രതിനിധികളുടെ പരാമര്‍ശം വിഷയത്തില്‍ മഞ്ഞുരുക്കത്തിന്റെ സാധ്യതയാണു തെളിഞ്ഞുവരുന്നതെന്നാണു വിലയിരുത്തല്‍.

    പന്തളം കൊട്ടാരം പ്രതിനിധിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആവുന്ന വിധത്തിലെല്ലാം ചര്‍ച്ചയ്ക്കു തയ്യാറാവുമെന്നും ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു.







Tags:    

Similar News