ശബരിമല: ഹര്‍ത്താലിലെ അക്രമം; സംഘപരിവാര നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, ആര്‍എസ്എസ് പ്രാന്ത് സംഘ ചാലക് പി ഇ ബി മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

Update: 2019-01-08 09:07 GMT
കൊച്ചി: ശബരിമല യുവതീ പ്രവേശനത്ത ചോദ്യം ചെയ്ത് സംഘടിപ്പിച്ച ഹര്‍ത്താലിലെ നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംഘ് പരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, ആര്‍എസ്എസ് പ്രാന്ത് സംഘ ചാലക് പി ഇ ബി മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഹര്‍ത്താല്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസമിതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. മാതാ അമൃതാനന്ദമയീ, ടിപി സെന്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ശബരിമല കര്‍മ സമിതി രക്ഷാധികാരികളാണ്.ശബരിമല കര്‍മ സമിതി ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും കോടതി പരിഗണിക്കും. മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് കെപി ശശികല, എസ് ജെആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ടിപി സെന്‍കുമാര്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസം, ഒ രാജഗോപാല്‍ തുടങ്ങിയവരെ എതിര്‍കക്ഷിയാക്കി ഹര്‍ജി സമര്‍പ്പിച്ചത് .

ഹര്‍ത്താലിന്റെ മറവില്‍ സംഘ് പരിവാരം സംസ്ഥാന വ്യാപകമായി വന്‍ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളും നിരവധി വാഹനങ്ങളും, വ്യാപാര സ്ഥാപനങ്ങലും അക്രമികള്‍ തകര്‍ത്തിരുന്നു. പലയിടത്തും സിപിഎം,എസ്ടിപിഐ, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും സംഘ്പരിവാരം ആക്രമണം അഴിച്ചുവിട്ടിരുന്നു.ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2187 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ 6914 പേരില്‍ 954 പേര്‍ റിമാന്‍ഡിലാണ്.

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്ത്‌വകള്‍ കണ്ടുകെട്ടിയോ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചോ നഷ്ടത്തിന് തുല്യമായ പണം ഈടാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ വ്യക്തമാക്കിയിരുന്നു. ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News