ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി

രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്‌സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

Update: 2019-02-06 10:05 GMT

ന്യൂഡല്‍ഹി: ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്തിന് ആരംഭിച്ച വാദത്തിന്റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്.

രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്‌സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടു.ഇതിനായി ഏഴുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുംഭമാസ പുജകള്‍ക്ക് നട തുറക്കും മുമ്പ് വിധിയുണ്ടാകില്ലെന്നാണ് കരുതുന്നത്.

സ്ത്രീകള്‍ക്ക് തടസ്സങ്ങളില്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ദിര ജയ്‌സിങ് വാദത്തിനിടെ ആവശ്യപ്പെട്ടു. ശുദ്ധികലശം തൊട്ടുകൂടായ്മയുടെ തെളിവാണെന്നും അവര്‍ പറഞ്ഞു.സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ദൈവത്തിന് മുന്നില്‍ എല്ലാ വിശ്വാസികളും തുല്യരാണ്. ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തില്‍ പോകണം എന്നാണ് വിശ്വാസമെങ്കില്‍ അത് സംരക്ഷിക്കപ്പെടണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.

ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയെ മാനിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായും അഭിഭാഷകന്‍ ദ്വിവേദി അറിയിച്ചു.ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലം തന്നെയില്ല. തുല്യാവകശം എന്നത് എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എം എം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Tags: