മോദി സര്‍ക്കാരിനു താക്കീതായി കൊല്‍ക്കത്തയില്‍ ഐക്യ ഇന്ത്യാ റാലി
ബിജെപിക്ക് ഇനി അച്ഛാദിന്‍ വരില്ലെന്നു മമാതാ ബാനര്‍ജി പറഞ്ഞു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തില്‍ വിളിച്ചുചേര്‍ത്ത ഐക്യ ഇന്ത്യാ റാലി മോദി സര്‍ക്കാരിനു താക്കീതായി മാറി. പ്രതിപക്ഷ നേതാക്കളുടെ സംഗമമായി മാറിയ റാലിയില്‍ രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെല്ലാം പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, എല്‍ജെപി നേതാവ് ശരത് യാദവ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജിഗോങ് അരാങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, രാംജത്മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ, ഗുജറാത്തിലെ ബിജെപി വിരുദ്ധ നേതാക്കളായ ഹാര്‍ദിക് പേട്ടല്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തില്ല. പാര്‍ട്ടി പരിപാടിയായതിനാല്‍ പകരം മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയാണ് അയച്ചത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിനിധിയായി അയക്കുന്നുണ്ട്. ബിജെപി നേതാവും മുന്‍ എംപിയുമായ എംപി ശത്രുഘ്‌നന്‍ സിന്‍ഹ മോദിക്കെതിരേ ആഞ്ഞടിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്നു അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഇനി അച്ഛാദിന്‍ വരില്ലെന്നു മമാതാ ബാനര്‍ജി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടേതായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പക്ഷം. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും 125 സീറ്റിന് മുകളില്‍ പോവില്ലെന്നും ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നത്. 40 ലക്ഷം പേരെ അണിനിരത്തി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ വിറപ്പിക്കുകയാണ് മമതയുടെയും പ്രതിപക്ഷത്തിെന്റയും ലക്ഷ്യം.