വിമാനത്താവളത്തില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്; മോദി അസം സന്ദര്‍ശനം റദ്ദാക്കി

'ഖെലോ ഇന്ത്യ ഗെയിംസിനായി പ്രധാനമന്ത്രി അസം സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് തന്നെ ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തും'. ഗാര്‍ഗ് പറഞ്ഞു.

Update: 2020-01-08 07:11 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി അസാമില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കി. ഈ വെള്ളിയാഴ്ച്ച ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി അസാം സന്ദര്‍ശിക്കാനിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാം സന്ദര്‍ശിക്കുന്നത് ഉചിതമല്ലെന്ന് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് 'നോര്‍ത്ത് ഈസ്റ്റ് നൗ' റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി ഗെയിംസ് ഉദ്ഘാടനത്തിനായി അസമില്‍ വന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഡിസംബര്‍ 29 ന് ആള്‍ അസം വിദ്യാര്‍ഥി യൂനിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസാമിലെ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗും പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

'ഖെലോ ഇന്ത്യ ഗെയിംസിനായി പ്രധാനമന്ത്രി അസം സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് തന്നെ ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തും'. ഗാര്‍ഗ് പറഞ്ഞു. പ്രതിഷേധങ്ങളിലൂടെ എത്രത്തോളം തങ്ങള്‍ ഈ നിയമത്തിനെതിരാണെന്നും പിന്‍വലിക്കാന്‍ മോദിക്ക് മേല്‍ സമ്മര്‍ദ്ദമേറുമെന്നും ഗാര്‍ഗ് പറഞ്ഞു.

അതെസമയം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ആരംഭിക്കുന്നതോടെ പ്രതിഷേധങ്ങള്‍ തണുക്കുമെന്നാണ് അസം സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഞായറാഴ്ച്ച നടന്ന ഇന്ത്യശ്രീലങ്ക ടി20മല്‍സരത്തിനിടെയും സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നു. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, ധനമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ എന്നിവര്‍ക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ സ്‌റ്റേഡിയത്തിലുയര്‍ന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആസാമില്‍ ഡിസംബര്‍ 16ന് നടത്താനുദ്ദേശിച്ചിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും മാറ്റിവെച്ചിരുന്നു.

Tags:    

Similar News