തങ്ങള്‍ മാവോവാദി പ്രവര്‍ത്തകരെങ്കില്‍ മുഖ്യമന്ത്രി തെളിവ് ഹാജരാക്കണം; അലന്‍ ഷുഹൈബ്, താഹ ഫസല്‍

തങ്ങള്‍ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിനുള്ള കൃത്യമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബുവെച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പറയേണ്ടി വരുമെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സിപിഎമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ തങ്ങള്‍ കുറെ തെണ്ടി നടന്നിട്ടുള്ളതാണെന്ന് താഹ ഫസല്‍ പറഞ്ഞു

Update: 2020-01-16 10:10 GMT

കൊച്ചി: തങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും  മാവോവാദികളാണെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും. കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അലന്‍ ഷുഹൈബ് ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങള്‍ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിനുള്ള കൃത്യമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബുവെച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പറയേണ്ടി വരുമെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സിപിഎമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ തങ്ങള്‍ കുറെ തെണ്ടി നടന്നിട്ടുള്ളതാണെന്ന് താഹ ഫസല്‍ പറഞ്ഞു.ഇരുവരെയും അടുത്ത മാസം 17 വരെ കൊച്ചിയിലെ എന്‍ ഐ പ്രത്യേക കോടതി റിമാന്റു ചെയ്തു.വിയ്യൂരിലെ അതീവ സുരക്ഷ ജയിലില്‍ ഇരുവരെയും പാര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്.തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തോടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് . കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന് ആദ്യമായിട്ടാണ് കേസ് എന്‍ ഐ എ കോടതി ഇന്ന് പരിഗണിച്ചത്.

Tags: