കെഎഎസ് ഇരട്ട സംവരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനം; നടപ്പാക്കാന്‍ അധികാരമുണ്ടെന്ന് കേരളം

സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനം അല്ലാത്തതിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നും ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത് നയപരമായ തീരുമാനമാണെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Update: 2021-04-18 06:25 GMT

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കി സുപ്രിം കോടതിയില്‍ കേരളത്തിന്റെ സത്യവാങ്മൂലം. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനം അല്ലാത്തതിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നും ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത് നയപരമായ തീരുമാനമാണെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപവത്കരിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണം. അതിനാല്‍ ഇത് പുതിയ നിയമനത്തിന് തുല്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രീം രണ്ടിലും മൂന്നിലും ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം ആണെന്നും സര്‍ക്കാര്‍ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.

ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിന് സംവരണം നല്‍കുന്നത് ഇരട്ട സംവരണം ആണെന്നാണ് സമസ്ത നായര്‍ സമാജം ഉള്‍പ്പടെ ഉള്ള ഹര്‍ജിക്കാരുടെ വാദം. സംവരണം നീതിയുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി 14 ദിവസം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി പിഎസ്‌സിയും നേരത്തെ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.

Tags: