3000 പേര്‍ക്ക് താമസിക്കാന്‍ 2.5 ഹെക്ടറില്‍ തടങ്കല്‍ പാളയം; അസം മുസ്‌ലിംകള്‍ ഭീതിയില്‍

ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള 2.5 ഹെക്ടര്‍ സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്.

Update: 2019-09-14 06:27 GMT

ഗോല്‍പാറ: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) അന്തിമ പട്ടികയും പുറത്ത് വന്നതോടെ പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ അസമില്‍ ആദ്യത്തെ കൂറ്റന്‍ തടങ്കല്‍ പാളയം ഒരുങ്ങുന്നു. 2.5 ഹെക്ടറില്‍ 3000 പേര്‍ക്ക് താമസിക്കാവുന്ന തടങ്കല്‍ പാളയമാണ് ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ആര്‍സിയുടെ പ്രധാന ഇരകള്‍ തങ്ങളായിരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഭീതിയില്‍ കഴിയുകയാണ് അസമിലെ മുസ്‌ലിംകള്‍.


ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. എന്‍ആര്‍സി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷത്തിലധികം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. ഇവരില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൗരത്വം നേടുന്നവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടി വരും.

ഗോല്‍പാറ ജില്ലയിലെ മാറ്റിയയിലെ കൂട്ട തടങ്കല്‍ പാളയത്തില്‍ 3,000 പേര്‍ക്ക് താമസിക്കാനാകും. ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള 2.5 ഹെക്ടര്‍ സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്. തടവുകാരെ പാര്‍പ്പിക്കാന്‍ 15 നാല് നില കെട്ടിടങ്ങളുണ്ടാകും. മഴ മൂലം നിര്‍മാണത്തില്‍ കാലതാമസം നേരിട്ടെങ്കിലും ഈ വര്‍ഷം ഡിസംബറോടെ 'കൂറ്റന്‍ ജയില്‍' തയ്യാറാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ആശുപത്രി, ഓഡിറ്റോറിയം, ഒരു പൊതു അടുക്കള, 180 ടോയ്‌ലറ്റുകള്‍, വാഷ്‌റൂമുകള്‍ എന്നിവയും ഇവിടെ ഉണ്ടാകും. തടങ്കല്‍ പാളയത്തിന് പുറത്ത് ഒരു പ്രൈമറി സ്‌കൂളും ഉണ്ടാകും. ചുവന്ന ചായം പൂശിയ കൂറ്റന്‍ മതില്‍ ഉയര്‍ത്തിയാണ് ആളുകളെ പാര്‍പ്പിക്കുക. പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകളുണ്ടാകും. തടങ്കല്‍ പാളയത്തില്‍ കഴിയുന്നവരെ നിരീക്ഷക്കാന്‍ വാച്ച് ടവറുകളും നിര്‍മിക്കുന്നുണ്ട്.

ഗോല്‍പാറ തടങ്കലില്‍ ഒരു സാധാരണ ജയില്‍ പോലെ കര്‍ക്കശമാകില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജയിലിന് സമാനമായിരിക്കും അവസ്ഥ. നാലോ അഞ്ചോ തടവുകാരെ പാര്‍പ്പിക്കാന്‍ ഇടുങ്ങിയ റൂമുകളായിരിക്കും ഉണ്ടാകുക. മുറികള്‍ക്ക് വാതിലുകള്‍, ശരിയായ വിളക്കുകള്‍, വായുസഞ്ചാരം എന്നിവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും തടങ്കലില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 46 കോടി രൂപ ചിലവഴിച്ചാണ് കൂറ്റന്‍ തടങ്കല്‍ പാളയം നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചു.


അന്തിമ പട്ടികയില്‍ നിന്ന് വിട്ടുപോയവര്‍ക്ക് സമയപരിധി അവസാനിക്കുന്നതിനുമുമ്പ് പൗരത്വം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടുപോകും. സമാന മാതൃകയിലുള്ള 10 തടങ്കല്‍ പാളയങ്ങള്‍ കൂടി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Tags:    

Similar News