സിഎഎയ്‌ക്കെതിരേ അസമില്‍ ഹര്‍ത്താല്‍ തുടങ്ങി; ജനകീയപ്രക്ഷോഭത്തിന് ആഹ്വാനം

Update: 2024-03-12 05:49 GMT

ഗുവാഹത്തി: പൗത്വഭേദഗതി നിയമം പ്രാബല്യത്തില്‍വരുത്തിയതിനു തൊട്ടുപിന്നാലെ പ്രക്ഷോഭവുമായി അസമിലെ പ്രതിപക്ഷ സംഘടനകള്‍ രംഗത്ത്. 16 കക്ഷികളടങ്ങുന്ന യുനൈറ്റഡ് ഓപ്പോസിറ്റ് ഫോറം അസം (യുഒഎഫ്എ) ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൂടാതെ മറ്റ് പ്രക്ഷോഭ പരിപാടികള്‍ ഘട്ടം ഘട്ടമായി നടത്തുമെന്നും അറിയിച്ചു. സിഎഎ നടപ്പാക്കിയാല്‍ അസമില്‍ വന്‍ പ്രതിഷേധമുണ്ടാവുമെന്നു മനസ്സിലാക്കി ഗുവാഹത്തിയിലെ റോഡരികില്‍ പോലിസ് ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്. നിയമസഭയിലും ജനതാഭവനിലും ബാരിക്കേഡുകളും കനത്ത സുരക്ഷാ വലയവും തീര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഗുവാഹത്തിയിലെ കോട്ടണ്‍ യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ റിപോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ചില പ്രദേശങ്ങളിലും പ്രതിഷേധം അരങ്ങേറി. 2019 ലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ നിന്ന് പിറവിയെടുത്ത പാര്‍ട്ടിയായ അസം ദേശീയ പരിഷത്തിന്റെ പ്രസിഡന്റ് ലുറിന്‍ ജ്യോതി ഗൊഗോയ്, ഈ ദിവസം അസമിന് 'കറുത്ത ദിനം' ആണെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

    ഇതിനിടെ, സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച് അസമില്‍ 'സര്‍ബത്മാക് ഹര്‍ത്താലി'ന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുവാഹത്തി പോലിസ് നോട്ടീസ് നല്‍കി. റെയില്‍വേ, നാഷനല്‍ ഹൈവേ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള പൊതു/സ്വകാര്യ സ്വത്തുക്കള്‍ക്ക് എന്തെങ്കിലും നാശനഷ്ടം സംഭവിക്കുകയോ ഏതെങ്കിലും പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമവും നാശനഷ്ടം തടയലും ഉള്‍പ്പെടെയുള്ള നിയമപരമായ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. അത്തരത്തില്‍ സംഭവിച്ചാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സ്ഥാപനത്തിനുമെതിരെ 1984ലെ പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് ആരംഭിക്കും. പൊതുസ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയതിന്റെ ആകെ ചെലവ് നിങ്ങളില്‍ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    'സിഎഎയ്‌ക്കെതിരായ ഞങ്ങളുടെ അക്രമരഹിതവും സമാധാനപരവും ജനാധിപത്യപരവുമായ മുന്നേറ്റം ഞങ്ങള്‍ തുടരും. അതോടൊപ്പം ഞങ്ങള്‍ നിയമപോരാട്ടവും തുടരുമെന്നും എഎഎസ് യു ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാര്യ പിടിഐയോട് പറഞ്ഞു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ചൊവ്വാഴ്ച സിഎഎയുടെ പകര്‍പ്പുകള്‍ കത്തിക്കുമെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍(NESO) അറിയിച്ചു. അസമിലുടനീളം പന്തംകൊളുത്തി ജാഥകള്‍ നടത്തുകയും അടുത്ത ദിവസം മുതല്‍ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്യും. 2019 ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 567 ദിവസം ജയിലില്‍ കിടന്ന റൈജോര്‍ ദള്‍ പ്രസിഡന്റ് അഖില്‍ ഗൊഗോയ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. അസം ദേശീയ പരിഷത്തും (എജെപി) ആം ആദ്മി പാര്‍ട്ടിയും (എഎപി) സിഎഎയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടത്തി. 2019 ഡിസംബറില്‍ പൗരത്വ (ഭേദഗതി) നിയമം കൊണ്ടുവന്നപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അസമില്‍ വന്‍ സംര്‍ഷങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.





Tags:    

Similar News