പൗരത്വ പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്ര നീക്കം; അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

നേരത്തെ എന്‍പിആര്‍ നടപടികളുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരുന്നു. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

Update: 2020-02-17 14:24 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. എതിര്‍ത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കാനും ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയുമാണ് കേന്ദ്രം അനുനയ നീക്കങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.

സമരങ്ങള്‍ ആളിക്കത്തിയ അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (Inner Line Permit - ILP) ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ ചെയ്തു. അസമീസ് ജനതയുടെ ഭരണഘടനാപരവും, നിയമപരവും, ഭരണപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഉള്‍ഫ ഉള്‍പ്പടെയുള്ള തീവ്രവാദസംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി ഒപ്പുവച്ച അസം ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയാണിത്.

1951ന് മുമ്പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാല്‍ മതിയെന്നും, തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ തദ്ദേശീയര്‍ക്കായി മാറ്റിവയ്ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇത് നടപ്പാക്കിയാല്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ അസമില്‍ മൂന്ന് ജില്ലാ കൗണ്‍സിലുകള്‍ മാത്രമാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന് കീഴില്‍ പ്രത്യേകാധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ പൗരന്‍മാരാണെങ്കില്‍പ്പോലും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേകാനുമതി വാങ്ങണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ള ഗോത്രവിഭാഗങ്ങളുള്ള അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിലനില്‍ക്കുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്കും, പാട്ടക്കാര്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനം സന്ദര്‍ശിക്കുന്നവര്‍ക്കും വെവ്വേറെ തരത്തിലുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റാണ് നല്‍കുക. ഇതിനെക്കൂടാതെ, ഇന്നര്‍ലൈന്‍ പെര്‍മിറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ഭരണപരമായ മറ്റ് പ്രത്യേക അധികാരങ്ങളുമുണ്ടാകും.

അസമിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അനുവദിക്കുന്നതോടെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തണുക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരായി വിവേചനപരമായ ചട്ടങ്ങളുള്ളതിനാലാണ് സിഎഎയ്ക്ക് എതിരെ സമരം നടക്കുന്നതെങ്കില്‍, സ്വന്തം സംസ്ഥാനത്തേക്ക് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുമെന്നും, അവര്‍ക്കെല്ലാം അസമില്‍ ഭൂമി വാങ്ങാനും, മറ്റ് അധികാരങ്ങളും കിട്ടുമെന്നുമാണ് അസമുകാരുടെ പരാതി.

നേരത്തെ എന്‍പിആര്‍ നടപടികളുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരുന്നു. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍, സെപ്തംബര്‍ മാസത്തിനുള്ളില്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടു സഹകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണു കേന്ദ്രം അനുനയനീക്കവുമായി രംഗത്തെത്തുന്നത്.

അനുനയ നീക്കത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഓരോ സംസ്ഥാനങ്ങളേയും വരുതിയിലാക്കി സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

Tags:    

Similar News