അമിത് ഷായുടെ വാദം തെറ്റ്; എന്‍പിആര്‍ എന്‍ആര്‍സിയുടെ ഭാഗമെന്ന് പാര്‍ലമെന്റ് രേഖകള്‍

രാജ്യത്ത് പ്രക്ഷോഭം കനത്തതോടെ പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.

Update: 2019-12-25 07:38 GMT

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് എന്‍പിആര്‍ എന്ന് വ്യക്തമാക്കി പാര്‍ലമെന്റ് രേഖകള്‍. പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് 9 തവണയാണ് സര്‍ക്കാര്‍ സഭക്കകത്ത് വ്യക്തമാക്കിയത്.


രാജ്യത്ത് പ്രക്ഷോഭം കനത്തതോടെ പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. എന്നാല്‍, അമിത്ഷായുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പാര്‍ലമെന്റ് രേഖകള്‍. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള അടിസ്ഥാന ഡാറ്റ എന്ന നിലയിലാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതെന്ന സര്‍ക്കാര്‍ വാദവും തെറ്റാണ്. ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലാത്ത പുതിയ വിവരങ്ങളാണ് ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ശേഖരിക്കാനൊരുങ്ങുന്നത്.

എന്‍പിആര്‍ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് പുറത്തിറങ്ങിയ സര്‍ക്കുലറിന്റെ ആദ്യത്തെ ഖണ്ഡികയില്‍ തന്നെ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്.

പൗരത്വ പട്ടിക നടപ്പാക്കാനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ സര്‍ക്കാരിന്റെ മുമ്പാകെയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ പൗരത്വ പട്ടിക നടപ്പാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ ഉണ്ടെന്ന് അമിത് ഷാ അഭിമുഖത്തില്‍ സമ്മതിക്കുകയും ചെയ്തു. അസമില്‍ തടങ്കല്‍ പാളയങ്ങള്‍ പണിയുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് തീര്‍ത്തും വിരുദ്ധമാണ് ആഭ്യന്തര മന്ത്രി ഇന്നലെ നല്‍കിയ വിശദീകരണം. തടങ്കല്‍ പാളയങ്ങള്‍ ഉണ്ടെന്നും നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് വരെ പാര്‍പ്പിക്കാനുള്ളവയാണ് ഈ കേന്ദ്രങ്ങളെന്നും ഷാ പറഞ്ഞു.

അതേസമയം, രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് എന്‍പിആര്‍ എന്ന് പ്രതിപക്ഷം ആരോപിച്ചു. മുസ് ലിം വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷം എന്‍പിആറിനെതിരേയും രംഗത്തെത്തിയത്. വിവാദമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍പിആറിനെതിരേ ശക്തമായി രംഗത്ത് വന്നു. എന്‍പിആര്‍ എന്‍ആര്‍സിയുടെ മുന്നോടിയാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇതുമായി സഹകരിക്കരുതെന്നും യെച്ചൂരി പറഞ്ഞു.

എന്‍പിആര്‍ പ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും എന്‍പിആര്‍ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വ നില പരിശോധിക്കുമെന്നും 2014 ജൂലൈ 23 ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

അമിത് ഷായുടെ വാദം തെറ്റാണെന്ന തെളിയിക്കുന്ന രേഖകളുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തി. 'ഇത് (ഷായുടെ പരാമര്‍ശം) മോദി റാംലീലയില്‍ പറഞ്ഞതിനേക്കാള്‍ വലിയ നുണയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് എന്റെ പക്കലുണ്ട്. എന്‍ആര്‍സിയുടെ ആദ്യപടിയാണ് എന്‍പിആര്‍ എന്ന് അതില്‍ പറയുന്നു'. അജയ് മാക്കന്‍ പറഞ്ഞു. എന്‍പിആറിനെതിരേ എഐഐഎംഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി.

Tags: