കേന്ദ്ര നിർദേശം മധുര പലഹാരത്തിൽ ഒളിപ്പിച്ച വിഷം: കർഷകർ

മധുരപലഹാരങ്ങൾക്കുള്ളിൽ വിഷം ഒളിപ്പിച്ചു ഞങ്ങളുടെ നേരെ വലിച്ചെറിയുക എന്നതായിരുന്നു സർക്കാരിന്റെ തന്ത്രമെന്ന് കർഷക നേതാവ് എസ്എസ് പാന്തർ മാധ്യമങ്ങളോട് പറഞ്ഞു

Update: 2021-01-22 14:28 GMT

ന്യൂഡൽഹി: മധുര പലഹാരത്തിൽ വിഷം ഒളിപ്പിച്ചു തരുന്നതുപോലെയാണ് കേന്ദ്ര നിർദേശമെന്ന് കർഷകർ. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കർഷക നേതാക്കളുടെ പ്രതികരണം.

മധുരപലഹാരങ്ങൾക്കുള്ളിൽ വിഷം ഒളിപ്പിച്ചു ഞങ്ങളുടെ നേരെ വലിച്ചെറിയുക എന്നതായിരുന്നു സർക്കാരിന്റെ തന്ത്രമെന്ന് കർഷക നേതാവ് എസ്എസ് പാന്തർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ഞങ്ങളുടെ യോഗത്തിൽ, അവരുടെ നിർദേശം നിരസിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് സ്വരം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം തങ്ങള്‍ക്ക് കഴിയുന്ന ഏറ്റവും വലിയ സമവായമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേപറ്റി ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ ഒരുക്കമാണെങ്കില്‍ മാത്രമേ ഇനി അടുത്ത വട്ട ചര്‍ച്ച നടക്കൂ എന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്രതികരിച്ചു.

നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. അത് ഞങ്ങളുടെ പ്രൊപ്പോസലില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതിയിട്ടല്ല. ഞങ്ങളുടെ മികച്ച പ്രൊപ്പോസലാണ് നിങ്ങള്‍ക്ക് നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ നിങ്ങളത് നിഷേധിച്ചു,' കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കര്‍ഷക സംഘടനകളുമായി ഇന്ന് നടത്തിയ ചര്‍ച്ച വെറും 18 മിനിട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ എന്നാണ് വിവിധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനു ശേഷം സംഘടനാ നേതാക്കള്‍ മറ്റൊരു മുറിയിലിരിക്കുകയായിരുന്നു. 18 മാസത്തേക്ക് പുതിയ കാര്‍ഷിക നിയമം സ്റ്റേ ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കര്‍ഷക സംഘടനകള്‍ അംഗീകരിച്ചിട്ടില്ല. മൂന്ന് നിയമങ്ങളും പൂര്‍ണമായും റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Tags:    

Similar News