പൗരത്വ വിവേചനം: പ്രതിഷേധക്കടലായി സമസ്ത സമ്മേളനം

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

Update: 2019-12-14 15:10 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ ജനരോഷമിരമ്പി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനം കോഴിക്കോട് കടപ്പുറത്ത് പുതു ചരിത്രം തീര്‍ത്തു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൗരത്വ വിഭജനം ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും രാജ്യത്തെ തകര്‍ക്കുന്നതുമാണെന്നും ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സമൂഹത്തിന് മതത്തിന്റെ പൗരത്വം നിഷേധിക്കുന്നത് ആദ്യമായാണ്. പാകിസ്താന്‍ ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വപട്ടിക കടുത്ത വിവേചനമാണെന്ന് ആര്‍ക്കും ബോധ്യമാകും തങ്ങള്‍ പറഞ്ഞു.


മതപരമായ ധ്രുവീകരണം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജണ്ട ബിജെപിക്ക് ഇക്കാര്യത്തിലുണ്ട്. മതത്തിലധിഷ്ഠിതമായ രാഷ്ട്രമാണ് അവര്‍ ഉന്നം വെക്കുന്നത്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയില്‍ നിര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അസമില്‍ നടപ്പാക്കിയ പൗരത്വപട്ടികയില്‍ നിന്നും പുറത്തായ മുസ്‌ലിംകളല്ലാത്തവരെ പൗരന്മാരാക്കാന്‍ ആണ് ബില്‍ കൊണ്ടുവന്നത് എങ്കിലും പൗരത്വപട്ടിക ദേശവ്യാപകമാക്കുമ്പോള്‍ അത് കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ആളുകളെ ബാധിക്കും. അതിനാല്‍ അത്തരം ഒരു പൗരത്വപ്പട്ടികക്കെതിരേ നാം കൈകോര്‍ക്കണംതങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. മതത്തിന്റെ പേരില്‍ പൗരത്വം ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ഒരാള്‍ക്കും അംഗീകരിക്കാനാകില്ല. ജന്മഗൃഹത്തില്‍നിന്ന് അന്യരാക്കി ആട്ടിയോടിക്കാനുള്ള ഹിന്ദുത്വ ഫാസിസ ഭരണകൂടത്തോട് ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്ന് പൊരുതേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ പൊതുബാധ്യതയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.


ഭരണഘടനയുടെ തകര്‍ച്ച മുസ്ലിം വിഭാഗത്തിന്റേതു മാത്രമായി പ്രശ്‌നവല്‍ക്കരിക്കുന്നത് അനുചിതമാണ്. അത് പ്രധാനമായും ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് നാം മനസിലാക്കണം. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരുമിച്ചു നിന്ന് പോരാടേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒറ്റക്കെട്ടാകണം. ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിഷയത്തിലെടുത്ത തീരുമാനം അഭനന്ദനീയമാണ്. ബാബരി വിഷയത്തിലും രാജ്യത്തെ മുസ്ലിംകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. കെ ശങ്കരനാരായണന്‍, സി കെ എം സ്വാദിഖ് മുസ്ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, എളംമരം കരീം എംപി, ബിനോയ് വിശ്വം എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സി കെ നാണു എംഎല്‍എ, അഡ്വ. പി ടി എ റഹീം, ഇ കെ വിജയന്‍ എംഎല്‍എ, സമാജ്‌വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി ജോ ആന്റണി. പി സുരേന്ദ്രന്‍, പ്രഫ. എ പി അബ്ദുല്‍ വഹാബ്, വി കുഞ്ഞാലി, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം സംസാരിച്ചു.

പൗരത്വവിഭജനം ജനശ്രദ്ധ തിരിച്ചുവിടാന്‍: ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പൗരത്വനിയമഭേദഗതിയിലൂടെ രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന കുടിലതന്ത്രം കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതവിവേചന മനോഭാവത്തോടെ ഒരു പ്രത്യേക സമുദായത്തിനു മാത്രം പൗരത്വം നിഷേധിച്ച അനുഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 14 ാം അനുച്ഛേദം ഇത്തരം വിഭാഗീയ നടപടികള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ മോദി സര്‍ക്കാരിന്റെ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ല.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയവരില്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്കു പൗരത്വം നല്‍കാനുള്ള തീരുമാനം കടുത്ത മതവിവേചനമാണ്. അത് അംഗീകരിക്കാന്‍ രാജ്യത്തെ മതേതരവിശ്വാസികള്‍ക്കു കഴിയില്ല. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ അംഗീകരിക്കില്ല.

മതപരമായ ധ്രുവീകരണം രാജ്യത്തു വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജന്‍ഡ ഇക്കാര്യത്തില്‍ ബി.ജെ.പിക്കുണ്ട്. മതാധിഷ്ഠിതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. അത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനെതിരാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയില്‍ നിര്‍ത്താനാണു ശ്രമിക്കുന്നത്. അസമില്‍ നടപ്പാക്കിയ പൗരത്വപട്ടികയില്‍ നിന്നു പുറത്തായ മുസ്‌ലിംകളല്ലാത്തവരെ പൗരന്മാരാക്കാനാണു പുതിയ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുമ്പോള്‍ അതു കേരളമുള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബാധിക്കും. അത്തരമൊരു പൗരത്വപ്പട്ടികക്കെതിരേ നാം കൈകോര്‍ക്കണം.

ഇന്ത്യ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതല്ല. എല്ലാ മതക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന മതേതരരാഷ്ട്രമാണ്. വൈദേശികശക്തികളെ ജീവന്‍നല്‍കിയും പൊരുതിത്തോല്‍പ്പിക്കാന്‍ എല്ലാ വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. അധിനിവേശ വിരുദ്ധപ്പോരാട്ടം വിശ്വാസത്തിന്റെ ഭാഗമായി സ്വീകരിച്ചവരാണ് മുസ്‌ലിംകള്‍. അതിനാല്‍തന്നെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ മുന്നണിയിലുണ്ടായിരുന്നു.

സ്വതന്ത്രഭാരതം കെട്ടിപ്പെടുക്കുന്നതിലും കൈമെയ് മറന്നു രംഗത്തുണ്ടായിരുന്നു മുസ്‌ലിംകള്‍. അങ്ങനെയുള്ള ജനതയെ എന്തിനുവേണ്ടിയാണ് അകറ്റി നിര്‍ത്തുന്നത്. അത് അംഗീകരിക്കാനാവില്ല. ഭരണവീഴ്ച മറച്ചുവയ്ക്കക്കാന്‍ നടത്തുന്ന വിഭജനതന്ത്രങ്ങളെ മതേതരവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യുംതങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ല. സ്വന്തം ജന്മഗൃഹത്തില്‍നിന്നും ജന്മദേശത്തുനിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടികശ്രമങ്ങള്‍ ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്നു ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണെന്നു ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: