malappuram local

വയോധികന് ഭവന ധനസഹായം തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു

പെരിന്തല്‍മണ്ണ: വ്യാജ പരാതി നല്‍കി ദലിത് വയോധികന് അര്‍ഹതപ്പെട്ട ഭവന നിര്‍മാണ ധനസഹായം തടഞ്ഞവര്‍ക്കെതിരേ പോലിസ് കേസെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ സ്വദേശി വാകശ്ശേരി രാവുണ്ണി (62)ക്കാണ് ഭവന ധനസഹായം നിഷേധിച്ചത്. രാവുണ്ണിയുടെ അപേക്ഷ ഭവന ധനസഹായത്തിന് ശുപാര്‍ശ ചെയ്ത് അങ്ങാടിപ്പുറം പഞ്ചായത്തധികൃതര്‍ താലൂക്ക് പട്ടിക ജാതി വികസന ഓഫിസര്‍ക്ക് അയച്ചിരുന്നു. രാവുണ്ണിക്ക് സ്വന്തമായി വീടുണ്ട് എന്ന ഒരു കത്ത്് അങ്ങാടിപ്പുറം പഞ്ചായത്ത് ലെറ്റര്‍ ഹെഡില്‍ സെക്രട്ടറിയുടേതായി പട്ടിക ജാതി വികസന ഓഫിസര്‍ക്ക് പിന്നീട് ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാവുണ്ണിക്ക് വീടിനുള്ള ധനസഹായം നിരസിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലമ്പൂരില്‍ സിപിഎം റിബലായി മല്‍സരിച്ച സ്ഥാനാര്‍ഥിയായിരുന്നു രാവുണ്ണി. ഈ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. സിപിഎം ഭരിക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്തില്‍നിന്ന് രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് വ്യാജ പരാതി അയച്ചതെന്ന് കാണിച്ച് രാവുണ്ണി ഡിവൈഎസ്പിയെ സമീപിച്ചു. പോലിസ് അന്വേഷണത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്തില്‍നിന്ന് പട്ടിക ജാതി വികസന ഓഫിസര്‍ക്ക് വ്യാജ പരാതിയാണ് നല്‍കിയതെന്ന് ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി എം പി മോഹന ചനന്ദ്രന്‍ അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it