Flash News

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെതിരേ ഭരണ, പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെ എതിര്‍ത്തു മുസ്‌ലിംലീഗും ഗോവയിലെ ബിജെപി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസ്സും. വിഷയം ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ രൂപീകരണത്തിനുമായി ലോ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത ത്രിദിന യോഗത്തിന്റെ ആദ്യ ദിവസമായ ഇന്നലെയാണ് തൃണമൂലും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും സിപിഐയും ലീഗും എതിര്‍ത്തത്. യോഗത്തില്‍ എന്നു പങ്കെടുക്കുമെന്ന കാര്യം കോണ്‍ഗ്രസ്സും സിപിഎമ്മും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുകക്ഷികളും യോഗത്തില്‍ നിന്നു വിട്ടുനിന്നേക്കുമെന്നാണു സൂചന. എല്ലാ പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചിച്ച ശേഷമേ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കൂവെന്നാണ് പാര്‍ട്ടി വക്താവ് ആര്‍പിഎന്‍ സിങ് പറഞ്ഞത്. എല്ലാ കക്ഷികളുമായും കോണ്‍ഗ്രസ് ഈ വിഷയം കൂടിയാലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ അഭിപ്രായവും അവരോടു പങ്കുവച്ചിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതു നിലവിലെ ഭരണഘടനാ സംവിധാനത്തെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അപകടത്തിലാക്കുമെന്നും ഫെഡറലിസം അത്യാസന്ന നിലയില്‍ ആവുമെന്നുമാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പ്രതികരിച്ചിരുന്നത്.
ഒന്നിച്ചുള്ള തിരഞ്ഞെടുപ്പു സര്‍ക്കാരിന്റെ വിപ്ലവകരമായ ആശയമാണെന്നും അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നുമാണു ബിജെപിയുടെ നിലപാട്. അതേസമയം, നിലപാട് വ്യക്തമാക്കുന്നതിനു കമ്മീഷന് മുമ്പാകെ എന്നു ഹാജരാവുമെന്ന കാര്യം ബിജെപി തീരുമാനമറിയിച്ചിട്ടില്ല.
തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതു കൊണ്ടു കാര്യമായ നേട്ടങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം എ ഉമര്‍ പറഞ്ഞത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമല്ലാതെ ഇത്തരം തിരഞ്ഞെടുപ്പു നീക്കങ്ങളിലേക്കു കടക്കുന്നത് രാജ്യത്തിനു ഗുണംചെയ്യില്ലെന്നും മുസ്‌ലിംലീഗ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുക എന്ന ആശയം തന്നെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്നു യോഗത്തില്‍ പങ്കെടുത്ത ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു.
ഇതു സംബന്ധിച്ചു തന്റെ പാര്‍ട്ടിയുടെ നിലപാട് യോഗത്തില്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലോ, സംസ്ഥാനത്തിലോ ഒരു സഖ്യകക്ഷി സര്‍ക്കാര്‍ താഴെ വീണാല്‍ എന്താവും അവസ്ഥ. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ രാജ്യം വീണ്ടും തിരഞ്ഞെടുപ്പു നേരിടേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാവാന്‍ പോവുന്നതെന്നും ബാനര്‍ജി പറഞ്ഞു.
തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് അത്തരം ലാഭത്തേക്കാള്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമാണു പ്രാധാന്യം നല്‍കേണ്ടതെന്നാണു കല്യാണ്‍ ബാനര്‍ജിയുടെ മറുപടി. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണു ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി. ഗോവയില്‍ തങ്ങള്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. എന്നാല്‍, പ്രദേശിക പാര്‍ട്ടികളുടെ പ്രാധാന്യം തന്നെ ഇല്ലാതാകും എന്നതിനാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു എന്നാണു പാര്‍ട്ടി നേതാവും സംസ്ഥാന കൃഷിമന്ത്രിയുമായ വിജയ് സര്‍ ദേശായി പറഞ്ഞത്.
Next Story

RELATED STORIES

Share it