Kollam Local

ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തില്‍; 75 ശതമാനം പൂര്‍ത്തിയായി

കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനും ലൈസന്‍സിങ്ങും അന്തിമ ഘട്ടത്തിലേക്ക്.  ഇതുവരെ രജിസ്‌ട്രേഷന്‍ 75 ശതമാനം പിന്നിട്ടു. അടുത്തമാസം 100 ശതമാനം കൈവരിക്കുന്നതോടെ രാജ്യത്ത് തന്നെ ആദ്യമായി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്ന ജില്ലയായി കൊല്ലം മാറും. ഭക്ഷണപദാര്‍ഥങ്ങളുമായി ബന്ധപ്പെടുന്ന സംരംഭകരുടെയും വിതരണക്കാരുടെയും ഉല്‍പ്പാദകരുടെയും രജിസ്‌ട്രേഷനാണ് നടന്നുവരുന്നത്. തികച്ചും സുരക്ഷിതമായ ആഹാരം എന്ന അവകാശമാണ് ഇതുവഴി സംരക്ഷിക്കപ്പെടുകയെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ കെ അജിത്ത്കുമാര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.  വാര്‍ഡുതലത്തിലുള്ള രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരിശോധനയ്ക്ക് ശേഷമായിരിക്കും പഞ്ചായത്തുതലത്തില്‍  സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുക.  ഇതിന്റെ തുടര്‍ച്ചയായി ജില്ലാതലത്തിലെ സമ്പൂര്‍ണ്ണ നേട്ടം പ്രഖ്യാപനവുമുണ്ടാകും. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, റേഷന്‍ കടകള്‍ എന്നിവയെയും രജിസ്‌ട്രേഷന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ജില്ലയിലെ 1500 റേഷന്‍ കടകള്‍, 900 സ്‌കൂളുകള്‍, 1693 മെഡിക്കല്‍ ഷോപ്പുകള്‍, 20 കള്ളുഷാപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് രജിസ്‌ട്രേഷന്‍. പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ  വകുപ്പുകളുടെയും സംഘടനകളുടെയും  സഹകരണവുമുണ്ട്. ലൈസന്‍സിങ്ങും രജിസ്‌ട്രേഷനും അതിവേഗമാക്കാന്‍ ഓണ്‍ലൈന്‍ മേളകളുമുണ്ട്. ഇതുവരെ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കാണ് ഇതു കൂടുതല്‍ പ്രയോജനകരമാവുക.   കരുനാഗപ്പള്ളി, ചാത്തന്നൂര്‍, പുനലൂര്‍, കുളത്തുപ്പുഴ, അഞ്ചല്‍ എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ മേളകള്‍ പൂര്‍ത്തിയായി.  ഇരവിപുരം നിയോജകമണ്ഡലത്തില്‍ ഇന്ന് പള്ളിമുക്ക്  ഇക്ബാല്‍ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍, നാളെ പോളയത്തോട് കോര്‍പ്പറേഷന്‍ ഷോപ്പിങ് കോംപ്ലക്‌സ്, 18ന് വൈഎംസിഎ ലൈബ്രറി, പാല്‍കുളങ്ങര ടെമ്പിള്‍ ഗ്രൗണ്ട്, 19ന് കൊട്ടിയം വ്യാപാര ഭവന്‍ എന്നിവിടങ്ങളിലാണ് മേള. ടൗണ്‍ അതിര്‍ത്തിയിലെ റിയാ ടെക്‌നോളജീസില്‍ ഇന്നും  നാളെ എന്‍ആര്‍എച്ച്എം ഹാള്‍, ടിബി സെന്റര്‍ ബില്‍ഡിങ്,   കുണ്ടറ സിഎസ്‌ഐ കോംപ്ലക്‌സ്,  18ന് പെരിനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാള്‍, 19ന്  ചന്ദനത്തോപ്പ്  ഡിജിറ്റല്‍ സേവാ കേന്ദ്രം, 22ന് ചവറ വികാസ് സാംസ്‌കാരിക വേദി എന്നിവടങ്ങളിലും മേളയുണ്ടാകും.കുന്നിക്കോട് എംഎസ്എം ഓഡിറ്റോറിയത്തില്‍ ഇന്നും 18ന് കൊട്ടാരക്കര വ്യാപാര ഭവനിലുമാണ് മേള. കുന്നത്തൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ രണ്ടാം ഘട്ട  ലൈസന്‍സ്/രജിസ്‌ട്രേഷന്‍  മേള ഈ മാസം അവസാനവാരമാണ് നടത്തുക. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നേടിയ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ അവ പ്രദര്‍ശിപ്പിക്കണം. ആഹാര സാധനങ്ങളുടെ വില്‍പ്പനയും വിതരണവും നടത്തുന്ന വാഹനങ്ങളിലും കുടിവെള്ള ടാങ്കറുകളിലും ലൈസന്‍സ്/രജിസ്ട്രഷന്‍ നമ്പര്‍ പതിച്ചിരിക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇനി കാറ്ററിങ് ചുമതല നല്‍കാവൂയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷനും ലൈസന്‍സും നേടാത്തവര്‍ക്ക് പിഴയടക്കം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
Next Story

RELATED STORIES

Share it