palakkad local

ട്രോഫിയെചൊല്ലി തര്‍ക്കം; ജില്ലാ ബധിര കായികമേള നിര്‍ത്തിവച്ചു

ചെര്‍പ്പുളശ്ശേരി: രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച 14ാമത് ജില്ലാ ബധിര കായിക മേള ട്രോഫിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. ആദ്യ ദിവസം അത്‌ലറ്റിക് മല്‍സരങ്ങള്‍ സുഗമമായി പൂര്‍ത്തിയായിരുന്നു. എന്നാല്‍ രണ്ടാം ദിവസമായ ശനിയാഴ്ച വോളിബോള്‍, ഫുട്ബാള്‍ മല്‍സരങ്ങള്‍ നടക്കുമ്പോഴാണ് ട്രോഫിയെ ചൊല്ലി തര്‍ക്കം ആരംഭിച്ചത്.
മൂന്നു തവണ വോളിബോളില്‍ ചാംപ്യന്‍മാരായ ഷൊര്‍ണൂര്‍ ഡിആര്‍ഡിഎസ് കോളജ് ട്രോഫി തിരിച്ചു നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. എന്നാല്‍ ട്രോഫി തിരിച്ചേല്‍പ്പിക്കാതെ മല്‍സരത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം ജില്ലാ ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉന്നയിച്ചതോടെ ഡിആര്‍ഡിഎസ് കോളജധികൃതരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.
മൂന്നു വര്‍ഷം തുടര്‍ച്ചയായി ട്രോഫി ലഭിക്കുകയാണെങ്കില്‍ ട്രോഫി സ്വന്തമായി എടുക്കാം എന്നതുകൊണ്ടാണ് തിരിച്ചേല്‍പ്പിക്കാത്തതെന്നാണ് ഷൊര്‍ണ്ണൂര്‍ ഡിആര്‍ഡിഎസ് കോളജധികൃതര്‍ പറയുന്നത്. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ ചെര്‍പ്പുളശ്ശേരി പോലിസും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല . തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാന പ്രകാരം മല്‍സരം നിര്‍ത്തിവക്കുകയായിരുന്നു.
അടുത്ത ദിവസം ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പൂര്‍ത്തിയാക്കേണ്ട മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് മേള നടന്നിരുന്നത്.

Next Story

RELATED STORIES

Share it