ജസ്റ്റിസ് ലോയ കേസ്: ഹരജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി വിധിപറയാന്‍ മാറ്റി. ബോംബെ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷന്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, തഹ്‌സീന്‍ പൂനേവാല തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായി.
അമിത് ഷായെ ലക്ഷ്യംവച്ചുള്ളതാണ് ഹരജിയെന്നും ഇതിനു പിന്നില്‍ പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയാണെന്നും ആരോപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍, സ്വതന്ത്ര അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്തു. വിഷയത്തില്‍ കോടതി ശ്രദ്ധയോടെ ഇടപെടണം, സുപ്രിംകോടതിയുടെ ഒരുവാക്ക് പോലും മരണസമയത്ത് ജസ്റ്റിസ് ലോയക്കൊപ്പമുണ്ടായിരുന്ന നാലു ജഡ്ജിമാരെക്കുറിച്ച് സംശയത്തിനിടയാക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി പറഞ്ഞു.
ഏതുവിഷയത്തിലും അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് അധികാരുണ്ട്. പക്ഷേ ഈ വിഷയത്തില്‍ നാലു ജഡ്ജിമാരുടെയും മൊഴികള്‍ രേഖപ്പെടുത്തണം. ലോയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന കാരവന്‍ മാഗസിനില്‍ പറയുന്നതിനല്ല, മറിച്ച് ജസ്റ്റിസ് ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെയാണു വിശ്വസിക്കേണ്ടതെന്നും രോഹത്ഗി വാദിച്ചു. എന്നാല്‍, ജ. ലോയയുടെ മരണം പുനരന്വേഷിക്കേണ്ടതില്ലെന്നു പറയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു മേല്‍ വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന കാര്യം ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ വ്യക്തമാക്കി.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹമായ ഇടപെടലുകളുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരജിയില്‍ ലോയയുടെ മരണത്തിനു പിന്നിലെ പ്രേരണയോ മറ്റോ പരിഗണിക്കില്ലെന്നും മരണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണോയെന്ന കാര്യത്തില്‍ മാത്രമെ തീരുമാനമെടുക്കൂവെന്നും  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നു വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it