ജന്മനാട്ടില്‍ സംരംഭകരാവാന്‍ പ്രവാസികളെ സഹായിക്കും

തിരുവനന്തപുരം: ജന്മനാട്ടില്‍ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റിട്ടേണ്‍, പ്രഫഷനലുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ പദ്ധതികള്‍പ്രകാരമുള്ള വായ്പാ വിതരണത്തിന് തുടക്കമാവുന്നതോടെ ഒട്ടേറെ പേരുടെ പ്രതീക്ഷകള്‍ പൂവണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചെറിയ പലിശനിരക്കി ല്‍ 20 ലക്ഷം രൂപ വരെ സര്‍ക്കാ ര്‍ വായ്പ നല്‍കും. മതന്യൂനപക്ഷങ്ങള്‍ക്ക് ആറു മുതല്‍ എട്ടു ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. രണ്ടുലക്ഷം രൂപ മൂലധന സബ്‌സിഡിയായി കോര്‍പറേഷന്‍ അനുവദിക്കും. നാട്ടുകാരുടെ കഴിവുകള്‍ നാടിനു തന്നെ പ്രയോജനപ്പെടുത്താന്‍ ഇങ്ങനെ സാധിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും ദുര്‍ബലവിഭാഗക്കാരായും ജീവിക്കുന്നവരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പദ്ധതികളാണ് ഇവയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോര്‍ക്ക റൂട്‌സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റിട്ടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ റിട്ടേണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രഫഷനല്‍ വിദ്യാഭ്യാസം നേടിയവരെ തൊഴിലന്വേഷകരാക്കാതെ തൊഴില്‍ സംരംഭകരാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പിന്നാക്ക വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികള്‍ ആവിഷ്‌കരിച്ചതാണ്. ഒബിസി വിഭാഗത്തിനുവേണ്ടി ദേശീയ പിന്നാക്കവിഭാഗ വികസന ധനകാര്യ കോര്‍പറേഷന്റെ പദ്ധതിപ്രകാരം 10 ലക്ഷം രൂപയാണ് പരമാവധി വായ്പ. മതന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോര്‍പറേഷന്‍ 30 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. രണ്ടു പദ്ധതിപ്രകാരവും വായ്പ അനുവദിക്കുന്നതിനാവശ്യമായ 85 ശതമാനം തുകയും കേന്ദ്ര ഏജന്‍സികള്‍ വായ്പയായി നല്‍കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹായവും പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനലാഭവും ഉപയോഗിച്ച് 10 ശതമാനം തുക ചെലവഴിക്കും. ബാക്കി അഞ്ചുശതമാനം ഗുണഭോക്താവിന്റെ വിഹിതമാണ്. ഇതാണ് വായ്പാ പദ്ധതിയുടെ ഘടന.
എല്ലാ കാര്യങ്ങളിലും സുതാര്യതയോടെയും സാമൂഹിക പ്രതിബദ്ധതയോടെയുമാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവച്ച് വര്‍ഗീയലാക്കോടെയാണ് ചിലര്‍ പദ്ധതിക്കെതിരേ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്കവിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കോ ര്‍പറേഷനിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it