kozhikode local

കാഴ്ചയുടെ വിസ്മയതീരമൊരുക്കി തുറമുഖ വകുപ്പ്

കോഴിക്കോട്: കപ്പലില്‍ കയറാതെ തന്നെ അതിന്റെ പ്രവര്‍ത്തനരീതിയും സുരക്ഷാസജ്ജീകരണങ്ങളും മനസ്സിലാക്കണമെങ്കില്‍ വരൂ കോഴിക്കോട് കടപ്പുറത്തേക്ക്. കോഴിക്കോട് ഫെസ്റ്റിലാണ് തുറമുഖ വകുപ്പ് കാഴ്ചയുടെ പുതിയ തീരമൊരുക്കിയിരിക്കുത്. കപ്പലിന്റെ മുന്‍വശത്തിന്റെ മാതൃകയിലാണ് സ്റ്റാളൊരുക്കിയത്.
പഴയകാലത്ത് കപ്പലില്‍ ഉപയോഗിച്ചിരുന്ന ഗതിനിയന്ത്രണ ചക്രം പ്രവര്‍ത്തിപ്പിച്ചു നോക്കാനുള്ള അവസരവുമുണ്ട്. ആശയവിനിമയ ഉപകരണങ്ങളായ വാക്കിടോക്കി, വിഎച്ച്എഫ് എന്നിവയും തൊട്ടറിയാം. പഴയകാലത്തെ ലൈറ്റ്ഹൗസിന്റെ മാതൃകയും കൗതുകകരമാണ്. കപ്പലിന്റെ ഗതി മറ്റു കപ്പലുകള്‍ക്ക് മനസിലാക്കാന്‍ ഉപയോഗിക്കുന്ന ലൈറ്റുകളും പ്രദര്‍ശനത്തിലുണ്ട്. പച്ചനിറത്തിലുള്ള സ്റ്റാര്‍ ബോര്‍ഡ് സൈഡ് ലൈറ്റിന്റെ സൂചന കണ്ടാല്‍ കപ്പല്‍ വലതുവശത്തേക്കു പോവുന്നുവെന്നും ചുവപ്പുനിറത്തിലുള്ള പോര്‍ട്ട്് സൈസ് സൈഡ് ലൈറ്റ് ഇടതുവശത്തേക്കുള്ള സൂചന ആണെന്നും സ്റ്റാളിലെത്തുവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നു.
കപ്പല്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ അപായസൂചന നല്‍കുന്ന പാരച്യൂട്ടും സ്റ്റാളില്‍ കാണാം. ലൈറ്റിങ് സംവിധാനമുള്ള ഈ പാരച്യൂട്ട് നാല്‍പതുമിനിറ്റോളം ആകാശത്ത് കത്തിനില്‍ക്കും. ലൈഫ്‌ബോയ് വിത്ത് ലൈറ്റ്, ലൈഫ് ജാക്കറ്റ്, പത്തുപേര്‍ക്കുവരെ യാത്രചെയ്യാവുന്ന ഭക്ഷണസൗകര്യം അടക്കമുള്ള ലൈഫ് റാഫ്റ്റ് എന്നിവയും സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. പഴയകാലഹോ, വടക്കുനോക്കിയന്ത്രം, 1888ല്‍ നിര്‍മിക്കപ്പെട്ട ടെലസ്‌കോപ്പുകള്‍ തുടങ്ങിയവ കണ്ടും കേട്ടും അറിയാനെത്തുന്നവര്‍ മേളയുടെ അഞ്ചാംദിനവും കുറവല്ല.
Next Story

RELATED STORIES

Share it