palakkad local

കനത്തമഴ: നെന്മാറ -നെല്ലിയാമ്പതി റോഡില്‍ അഞ്ചുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

നെല്ലിയാമ്പതി: കനത്തമഴയെ തുടര്‍ന്ന് ഇന്നലെ നെന്മാറ നെല്ലിയാമ്പതി റോഡില്‍ അഞ്ച് മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. പോത്തുണ്ടി തേക്ക് പ്ലാന്റേഷനും സമീപം അതിരാവിലെ മരം റോഡിന് കുറുകെ കടപുഴകി വീണു. കുണ്ടറ ചോലക്ക് സമീപം മണ്ണിടിഞ്ഞ് മണ്ണും മരവും റോഡില്‍ വീണത് മൂലം മണിക്കൂറോളം വാഹനങ്ങള്‍  കുടുങ്ങി. രാവിലെ നാലരക്ക് പാലക്കാട് നിന്നും പോത്തുപാറയിലേക്ക് പുറപ്പെട്ട് കെഎസ് ആര്‍ടിസിയും അഞ്ചരക്ക് കാരപ്പാറയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയും ഏഴിന് വിക്ടോറിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടി സിയും കുടുങ്ങിയത് വിദ്യാര്‍ഥികളെയും ഉദ്യോഗര്‍ഥികളെയും വെട്ടിലാക്കി. അഗ്‌നിശമനസേനയും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡില്‍ കിടന്ന മണ്ണൂം മരങ്ങളും മണിക്കൂറോളം പരിശ്രമിച്ച് മാറ്റിയാണ് ഗതാഗതം പുന്സ്ഥാപിച്ചത്. കൈകാട്ടി പുലയമ്പാറ റോഡില്‍ സഹകരണ ബേങ്കിന് സമീപം വലിയ മരം വീണതിനെ തുടര്‍ന്ന് പുലമ്പയാറയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. തുടര്‍ന്ന്  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഒ ജോസ്ഫും സംഘവും ചേര്‍ന്ന് മരം മുറിച്ച് മാറ്റി പത്തരയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗതതടസ്സം കാരണം നെല്ലിയാമ്പതിയില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്‌കൂളിലെത്തിയില്ല. ചൊവ്വാഴ്ച മഴക്ക് ശമനമുണ്ടായെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മഴ ശക്തിപ്രാപിക്കുകയായിരുന്നു. നൂറടി പ്രദേശം വെള്ളത്തിനടിയിലാണ്. ഇത് മൂലം നൂറടിയിലും ഗതാഗതതടസ്സപ്പെട്ടു. പകര്‍ച്ച വ്യാധി പടരുന്നത് തടയുന്നതിന് കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ കേന്ദ്രജീവനക്കാരായ പി രഞ്ജിനി, ആര്‍ ഷാഹിന, സി ശ്രുതി, ആര്‍ രത്‌നകുമാരി, പി എ ബിനു എന്നിവര്‍ നൂറടിയിലെ വീടുകള്‍ സന്ദര്‍ശിക്കുകയും കുടിവെളള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it