ഐസിഎആര്‍ പിജി പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) കേരളത്തിലെ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മാസം 18ന് നടന്ന പിജി പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കേരളത്തിലെ വിദ്യാര്‍ഥികളില്‍ അപേക്ഷിച്ചവര്‍ക്ക് മാത്രം പുതിയ പരീക്ഷ നടത്തിയാല്‍ മതിയെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ചേര്‍ത്തല സ്വദേശി സി ടി അമല്‍, കണ്ണൂര്‍ സ്വദേശി കെ സി ആദര്‍ശ്, ചാലക്കുടി സ്വദേശിനി ദിയ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. പ്രളയംമൂലം പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഓണ്‍ലൈനായി ജൂണ്‍ 22ന് നടത്താനിരുന്ന പരീക്ഷ മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓഫ്‌ലൈനാക്കി മാറ്റിയത്. കഴിഞ്ഞ മാസം 18നാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കണമെന്ന് സംസ്ഥാനസര്‍ക്കാരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നീ സെന്ററുകളാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ വലിയ പ്രളയമുണ്ടായെന്ന ഹരജിക്കാരുടെ വാദം തള്ളാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പരീക്ഷ രണ്ടാമതും നടത്തിയാല്‍ അത് രാജ്യത്തെ മറ്റു വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഐസിഎആര്‍ വാദിച്ചു. പരീക്ഷ നടത്താനുള്ള ഐസിഎആറിന്റെ അധികാരം വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന ചുമതലയോടെ ഉപയോഗിക്കാനുള്ളതാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ വിദ്യാര്‍ഥികള്‍ പ്രളയംമൂലം നേരിട്ട പ്രശ്‌നങ്ങള്‍ ഐസിഎആര്‍ പരിഗണിക്കണമായിരുന്നു.
പ്രളയംമൂലം ആര്‍ക്കും എങ്ങോട്ടും യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഇത്തരം സാഹചര്യത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കുകയായിരുന്നു ഐസിഎആര്‍ ചെയ്യേണ്ടിയിരുന്നത്. അതിനാലാണ് കേസില്‍ ഇടപെടുന്നത്.
യുജി, പിഎച്ച്ഡി പരീക്ഷകളും പുതുതായി നടത്തണമെന്ന ഹരജിക്കാരുടെ വാദം വിദ്യാര്‍ഥികള്‍ ഹരജിയുമായി എത്താത്തതിനാല്‍ കോടതി അംഗീകരിച്ചില്ല.

Next Story

RELATED STORIES

Share it