Kottayam Local

എരുമേലിയില്‍ തിരക്കുണ്ടാക്കുന്നത് പോലിസെന്ന്

എരുമേലി: പാതകളില്‍ തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചപ്പോള്‍ സമാന്തര പാത വഴി പോവാന്‍ ശ്രമിച്ച ബസ് കടത്തിവിടാതെ പോലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ കയറാനായി പോലിസില്‍ ചിലര്‍ കോഴ വാങ്ങി പ്രധാന പാതയെ തിരക്കിലാക്കുകയാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കന്നത്. ഇന്നലെ ഉച്ചയോടെ പേരൂര്‍ത്തോട്ടിലാണ് സംഭവം. ഇരുമ്പൂന്നിക്കര വഴി മുക്കൂട്ടുതറ റോഡിലൂടെ പമ്പയിലേക്ക് പോവാനായി വന്ന തീര്‍ത്ഥാടക ബസ് ആണ് പേരൂര്‍ത്തോട് ജങ്ഷനില്‍ തടഞ്ഞത്. ഈ പാതയിലൂടെ ബസ് കടത്തിവിടില്ലെന്നും മുണ്ടക്കയം റോഡിലൂടെ സഞ്ചരിച്ച് കണ്ണിമല ബൈപാസ് റോഡിലൂടെ കൊരട്ടിയില്‍ വന്ന് എരുമേലി ടൗണിലൂടെ മുക്കൂട്ടുതറ റോഡിലേക്ക് പോകണമെന്നും പോലിസ് അറിയിക്കുകയായിരുന്നു. ഇത്രയും കറങ്ങിചുറ്റി സഞ്ചരിക്കാനാവില്ലെന്ന് ബസ്സിലെ തീര്‍ത്ഥാടകര്‍ വാദിച്ചു. ബസ് തിരിച്ച് പ്രപ്പോസ് ജങ്ഷനിലെത്തിച്ച് എംഇഎസ് കോളജ് വഴി മുക്കൂട്ടുതറ റോഡിലെത്താമെങ്കിലും ഈ പാതയിലൂടെയും പോകാന്‍ അനുവദിക്കില്ലെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഭക്തരുടെ പക്ഷത്ത് നാട്ടുകാരും ടാക്‌സി െ്രെഡവര്‍മാരും ചേര്‍ന്നതോടെ ഗതാഗതം കുരുങ്ങി വാഹനനിര നിശ്ചലമാവുകയായിരുന്നു. കുരുക്കില്‍ പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുമ്പൂന്നിക്കര വഴി ബസ് കടത്തിവിട്ടതോടെയാണ് സംഘര്‍ഷത്തിനയവുണ്ടായത്. ടൗണിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ നിറയ്ക്കുന്നതിനു പോലിസില്‍ ചിലര്‍ കോഴ വാങ്ങുന്നുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു. ടൗണ്‍ റോഡിലൂടെ എല്ലാ വാഹനങ്ങളും പോവണമെന്നു പോലിസ് ശഠിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു. അപകട സാധ്യതയാണ് കാരണമെന്നു പോലിസ് പറഞ്ഞെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു. പൊതുമരാമത്ത് വകുപ്പ് കോടികളും ലക്ഷങ്ങളും ചെലവിട്ട് നിര്‍മിച്ചതാണ് സമാന്തര പാതകള്‍. അതുവഴിയൊന്നും തീര്‍ത്ഥാടക വാഹനങ്ങളെയും ടാക്‌സികളെയും കടത്തിവിടാതെ തടയാന്‍ പോലിസിന് അധികാരമില്ലെന്നിരിക്കെയാണ് തടയുന്നതെന്നായി നാട്ടുകാര്‍. പാതകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് സര്‍ക്കാരിന്റെയോ കോടതിയുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഉത്തരവുണ്ടോയെന്ന് തീര്‍ത്ഥാടകര്‍ ചോദിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വാഹനങ്ങളെയാണു സമാന്തര പാതകളിലൂടെ കടത്തിവിടുന്നത്. ശബരിമലയിലേക്ക് പോവുന്ന വാഹനങ്ങളെയെല്ലാം ടൗണ്‍ റോഡിലൂടെ വിടുമ്പോഴാണ് തിരക്കനുഭവപ്പെടുക.
Next Story

RELATED STORIES

Share it