palakkad local

ആദിവാസി യുവതിയുടെ മരണം : ഭര്‍ത്താവിന് തടവും പിഴയും



മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിന് ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ജില്ലാ സ്‌പെഷ്യല്‍ കോടതി വിധിച്ചു. പിഴ അടച്ചില്ലങ്കില്‍ ആറ് മാസം അധിക തടവ് അനുവദിക്കണം. താഴെമുള്ളി സുധനിവാസില്‍ രതീഷ്‌കുമാറിന്റെ ഭാര്യ ശോഭന (24) മരിച്ച കേസിലാണ് ഭര്‍ത്താവ് രതീഷ്‌കുമാറിന് (35) സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ രതീഷ്‌കുമാറിന്റെ അച്ഛന്‍ രാജപ്പന്‍, അമ്മ രാജമ്മ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കൊലപാതകം സ്ത്രീപീഢനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.സുരേഷ്‌കുമാറിനെതിരെ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. 2008 ഏപ്രില്‍ 15നാണ് കോട്ടത്തറയിലെ വാടകവീട്ടി ല്‍ ശോഭനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ശോഭനയും ഭര്‍ത്താവും തമ്മില്‍ വഴക്കിനിടെ രതീഷ്‌കുമാര്‍ ശോഭനയെ അടുക്കള മുറിയിലേക്ക് തള്ളിയിടുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ക്യാന്‍ എടുത്ത് ഒഴിച്ച് കത്തിക്കുകയും ചെയ്തുവെന്നാണ് കേസ്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കപ്പെട്ട ശോഭന ചികിത്സയിലിരിക്കെ 2008 ജൂണ്‍ 22നാണ് മരിച്ചത്. ചികിത്സയിലിരിക്കെ രണ്ട് തവണ ശോഭനയുടെ മരണ മൊഴി എടുത്തിരുന്നു. സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റതെന്ന ആദ്യ മൊഴി, ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് തിരുത്തി പറഞ്ഞിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ മൊഴിയാണ് സ്വീകരിച്ചത്.
Next Story

RELATED STORIES

Share it