Flash News

മുസ്‌ലിംകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ ചുമതല നിര്‍വഹിക്കണം: എസ്ഡിപിഐ

മുസ്‌ലിംകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ ചുമതല നിര്‍വഹിക്കണം: എസ്ഡിപിഐ
X


ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കുനേരെ രാജ്യവ്യാപകമായി തുടരുന്ന ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബിജെപി അധികാരത്തില്‍ വന്നനാള്‍ മുതല്‍ സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനായി തീവ്ര ഹിന്ദുസംഘടനകള്‍ കൂട്ടമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.
ജനപ്രതിനിധികളടക്കമുള്ള ബിജെപി നേതാക്കള്‍ വെറുപ്പു പ്രചരിപ്പിക്കുകയും ആക്രമണങ്ങള്‍ക്കു പ്രേരണ നല്‍കുകയും ചെയ്യുന്നു. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം അക്രമത്തിനു വിധേയരായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവര്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ക്കുമെതിരേ നടപടിയെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. രാജ്യത്തു നടക്കുന്ന ആക്രമണങ്ങളില്‍ മൗനം വെടിഞ്ഞ് അതിനെ അപലപിക്കുവാനും രാജ്യത്തെ മുസ്‌ലിംകളുടെ ജീവനും സമ്പത്തും സംരക്ഷിക്കാന്‍ ശക്തമായ നടപടിയെടുക്കുവാനും പ്രധാനമന്ത്രി തയ്യാറാവണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഈ കഴിഞ്ഞ 23ന് ഡല്‍ഹി-മഥുര ട്രെയിനില്‍ ജുനൈദെന്ന 16കാരന്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മനുഷ്യസ്‌നേഹികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മാഉ ജില്ലയില്‍ നസീര്‍പൂരെന്ന ഗ്രാമത്തില്‍ പള്ളിയില്‍ നമസ്‌കരിക്കവേ 70കാരനായ മൗലവി മുഹമ്മദ് യൂനുസ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് അതിനു തൊട്ടടുത്ത ദിവസമായിരുന്നു. അതിന് ഒരാഴ്ച മുമ്പ് ഹരിയാനയിലെ സോനിപത് ജില്ലയിലെ രസോയ് ഗ്രാമത്തില്‍ പള്ളിയില്‍ നമസ്‌കരിച്ച ഷബീര്‍ അഹ്മദ് എന്ന 56കാരന്‍ സമാനമായ രീതിയില്‍ കൊല്ലപ്പെടുകയുണ്ടായി.
സ്വയംപ്രഖ്യാപിത ഗോസംരക്ഷകര്‍ രാജ്യത്ത് ഭീകരതയുണ്ടാക്കുകയും കൊലനടത്തുകയും ചെയ്യുന്നു. യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടതിനുശേഷം സമാനമായ നിരവധി കൊലകള്‍ രാജ്യത്തു നടന്നു. കശ്മീരില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍ ശാഹിദ് അഹ്മദ്, സഹാറന്‍പൂരിലെ നുഉമാന്‍, ജാര്‍ഖണ്ഡില്‍നിന്നുള്ള മളുലൂം അന്‍സാരി ഇംതിയാസ് ഖാന്‍, ഹരിയാനയിലെ മസ്താന്‍ അബ്ബാസ്, രാജസ്ഥാന്‍ അല്‍വറില്‍ നിന്നുള്ള പഹലൂ ഖാന്‍, വെസ്റ്റ് ബംഗാളുകാരായ മുഹമ്മദ് നസീറുല്‍ ഹഖ്, മുഹമ്മദ് സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ മുതലായവര്‍ ഗോസംരക്ഷകരാല്‍ കൊല്ലപ്പെട്ടവരില്‍ ചിലരാണ്. മദ്‌റസാ അധ്യാപകനായിരുന്ന 34 വയസ്സുകാരന്‍ റിയാസ് മൗലവി കാസര്‍കോട് പള്ളിക്കകത്ത് അര്‍ധരാത്രിയില്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു. കര്‍ണാടകയിലെ ബണ്ടുവാളില്‍ അഷ്‌റഫ് എന്ന എസ്ഡിപി ഐ പ്രാദേശിക നേതാവ് കഴിഞ്ഞ 21ാം തിയ്യതി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ സഫര്‍ഖാനെന്ന 55കാരനെ തല്ലിക്കൊന്നതു മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു. വെളിപ്രദേശത്തു പ്രാഥമികാവശ്യം നിര്‍വഹിക്കാനെത്തിയ ഒരു സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍മാരെ തടഞ്ഞുെവന്നതാണു സഫര്‍ഖാന്‍ ചെയ്ത തെറ്റ്.
മാതൃകാപരമായ നിയമനടപടികള്‍ ഇല്ലാത്തതാണ് മുസ്‌ലിംകള്‍ എളുപ്പത്തില്‍ കൈയേറ്റം നടത്താവുന്ന ഇരകളായി മാറാന്‍ കാരണം. ഇത്തരം കൊലകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ പ്രത്യേക നിയമനടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറാവണം. സാഹചര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ തങ്ങളുടെ സ്വയംരക്ഷയ്ക്കായി മുസ്‌ലിംകള്‍ക്ക് ആയുധം നല്‍കുകയെന്നതു സര്‍ക്കാരിന്റ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് എ സഈദ് ചൂണ്ടിക്കാട്ടി.

[related]
Next Story

RELATED STORIES

Share it