Sub Lead

ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര സമരത്തില്‍

ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര സമരത്തില്‍
X

കോഴിക്കോട്: ഖത്തര്‍ ജയിലില്‍ കഴിയുന്ന അറുനൂറിലധികം ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ ജയിലില്‍ കൂട്ടനിരാഹാര സമരം ആരംഭിച്ചതായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പ്രസിഡന്റ് ആര്‍ ജെ സജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നീതിക്കായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റിന്റെ സഹകരണത്തോടെ അഡ്വ. അജീഷ് എസ് ബ്രൈറ്റ് മുഖേന കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണനയിലിരിക്കുകയാണ്. ദ്വിരാഷ്ട്ര ഉടമ്പടിയുടെ ഗുണഭോക്താക്കളായ വര്‍ഷങ്ങളായി തടവ് അനുഭവിക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഖത്തറിലെ ഇന്ത്യന്‍ എംബസി അവയെല്ലാം 'ഇത്തരത്തില്‍ ഒരു ഉടമ്പടി നിലവിലില്ല' എന്ന് വസ്തുതാവിരുദ്ധമായി അറിയിച്ച് പരാതി അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് മുഖാന്തിരം പാവപ്പെട്ട പ്രവാസികളില്‍ നിന്നു നിര്‍ബന്ധിതമായി ഓരോരോ സേവനങ്ങള്‍ക്കും പിരിച്ചെടുക്കുന്ന പണം ഇപ്പോള്‍ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുന്‍ നേവി ഉദ്യോഗസ്ഥര്‍ക്ക് നിയമസഹായം നല്‍കിയെന്ന പേരില്‍ 8.41 കോടി രൂപ വിവേചനപരമായി ചെലവഴിച്ചിരിക്കയാണ്. പകരം ഈ തുക അര്‍ഹിക്കുന്നവര്‍ക്ക് ചെലവഴിച്ചിരുന്നെങ്കില്‍ കുറഞ്ഞത് നൂറിലധികം ആളുകളെങ്കിലും ജയില്‍ മോചിതരാവുമായിരുന്നു. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ആര്‍ ജെ സജിത്ത് പറഞ്ഞു. ഇതിന് പുറമെ ഇന്ത്യന്‍ സുപ്രിംകോടതി മുമ്പാകെ 1999 ഏപ്രിലില്‍ ഇന്ത്യയും ഖത്തറുമായി ഒപ്പുവച്ച നിക്ഷേപ സുരക്ഷാ കരാര്‍ ലംഘന ഫലമായി ഇന്നും ഖത്തര്‍ ജയിലില്‍ തടവില്‍ തുടരുന്ന നിക്ഷേപകരെ മോചിപ്പിക്കാനുഴ്‌ഴ സര്‍ക്കാര്‍ ഇടപെടലിനായി അഡ. ജയ്‌മോന്‍ ആന്‍ഡ്രൂസ് മുഖാന്തിരം പൊതുതാല്‍പര്യ ഹരജിയും നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കോഴിക്കോട് ആദായനികുതി വകുപ്പിന് മുന്നില്‍ തടവുകാരുടെ ബന്ധുക്കള്‍ കൂട്ട നിരാഹാര സമരം ആരംഭിക്കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it