Kollam Local

തിരയില്‍പെട്ട് മല്‍സ്യബന്ധന ബോട്ട് മുങ്ങി ; തൊഴിലാളികളെ രക്ഷപ്പെടുത്തി



ചവറ: ശക്തമായ കാറ്റിലും തിരയിലുംപെട്ട് നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി. ഏഴ് മല്‍സ്യതൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. നീണ്ടകര ഹാര്‍ബറില്‍ നിന്നും ഇന്നലെ രാവിലെ അഞ്ചിന് മല്‍സ്യബന്ധനത്തിനായി പോയ  കൊല്ലം കാവനാട് മുക്കാട് പ്രിന്‍സ് ഭവനത്തില്‍ സൈമണ്‍ റൂബിയുടെ ഉടമസ്ഥതയിലുള്ള ഐ എം എസ് അമ്മ എന്ന ബോട്ടാണ് മുങ്ങിയത്. ഏഴ് മല്‍സ്യതൊഴിലാളികളുമായി പോയ ബോട്ട് കടലില്‍ അഞ്ച് മാര്‍ അകലെ വെച്ച്  മുങ്ങുകയായിരുന്നു.  ബോട്ടിലെ റോപ്പിലും വലയിലുമായി പിടിച്ചു കിടന്ന തൊഴിലാളികളെ  ജോണ്‍ പോള്‍ എന്ന മറ്റൊരു ബോട്ടെത്തിയവര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് റോപ്പുപയോഗിച്ച് മുങ്ങിയ ബോട്ട് കെട്ടി വലിയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായും താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന വലയും എക്കോ സൗണ്ടര്‍, വയര്‍ലസ്, ജി പി എസ് മറ്റ് ഉപകരണങ്ങളും തകര്‍ന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കണകാക്കുന്നു. ബോട്ടിന്റെ രേഖകളും നഷ്ട്ടപ്പെട്ടു. ബോട്ട് മുങ്ങിയ വിവരം ഉടമയായ സൈമണ്‍ റൂബി കോസ്റ്റല്‍ പോലിസില്‍ അറിയിച്ചു. ബോട്ട് ഉടമയെ കൂടാതെ മുക്കാട് സ്വദേശികളായ െ്രെഡവര്‍ ജോസഫ്, തോമസ്, ടോമി, തിരുവനന്തപുരം സ്വദേശി ക്രിസ്റ്റി , രാമേശ്വരം സ്വദേശി തങ്കവേലു, കുളച്ചല്‍ സ്വദേശി രാജന്‍ എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍.
Next Story

RELATED STORIES

Share it