കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനം: പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സാക്ഷരതാമിഷന്റെ അതുല്യം പദ്ധതിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്നിന് കേരള യൂനിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ ചേരുന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി പ്രഖ്യാപനം നിര്‍വഹിക്കുക.
ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, മന്ത്രി കെ സി ജോസഫ്, ശശി തരൂര്‍ എംപി, കെ മുരളീധരന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് ശെന്തില്‍ പങ്കെടുക്കും.
കേരളത്തില്‍ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ മിഷന്‍ 676ല്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് അതുല്യം രണ്ടാംഘട്ടം. വിവിധ കാരണങ്ങളാല്‍ ഔപചാരികതലത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്കായി നാലാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് അതുല്യം പദ്ധതി.
സംസ്ഥാനമൊട്ടാകെ 2,40, 804 പഠിതാക്കളെ കണ്ടെത്തി അവര്‍ക്ക് ക്ലാസുകളും അനുബന്ധ പരിശീലനവും നല്‍കി 2014 സപ്തംബറിലാണ് അതുല്യം രണ്ടാംഘട്ടം ആരംഭിച്ചത്. 2015 ജൂണ്‍ ഏഴിനു നടത്തിയ പൊതുപരീക്ഷ 2,05,913 പഠിതാക്കള്‍ എഴുതി. ഇതില്‍ 2,02,862 പേരാണ് വിജയം കരസ്ഥമാക്കിയത്. 98.52 ശതമാനം വിജയം. പട്ടികജാതിയില്‍പ്പെട്ട 36,590 പേരും പട്ടികവര്‍ഗക്കാരില്‍പ്പെട്ട 10,717 പേരും ഇതില്‍ ഉള്‍പ്പെടും. കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍നിന്നു 2806 തമിഴ്‌നാട് പഠിതാക്കളും കാസര്‍കോട് ജില്ലയില്‍നിന്ന് 1542 പഠിതാക്കളും പരീക്ഷയില്‍ വിജയിച്ചിരുന്നു.
Next Story

RELATED STORIES

Share it