കരിയറിലെ 500ാം ഗോളില്‍ ഇബ്രയുടെ അല്‍ഭുത വിസ്മയം


ന്യൂയോര്‍ക്: ഫുട്‌ബോള്‍ കരിയറില്‍ 500 ഗോളുകള്‍ സ്വന്തമാക്കി സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. അമേരിക്കന്‍ മേജര്‍ ലീഗില്‍ ഞായറാഴ്ച ടൊറന്റോയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് എല്‍ എ ഗ്യാലക്‌സി താരമായ ഇബ്ര തന്റെ 500ാം ഗോള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര കരിയറില്‍ നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങളില്‍ 500 ഗോളുകള്‍ കണ്ടെത്തുന്ന മൂന്നാം താരമാണ് ഇബ്ര. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണ് നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്നവരില്‍ 500 ഗോളുകള്‍ നേടിയിട്ടുള്ള മറ്റ് താരങ്ങള്‍.
അദ്ഭുതഗോളിലൂടെയാണ് ഗോള്‍വേട്ട 500 ലെത്തിയതെന്നാണ് ഈ നേട്ടത്തിലെ മറ്റൊരു പ്രത്യേകത. അതൊരു ടിപ്പിക്കല്‍ സ്ലാട്ടന്‍ ടച്ചിലൂടെയാണ് എതിര്‍ വല ചുംബിച്ചത്. തന്റെ നേരെ വരുന്ന ഹൈ ബോള്‍ തനിക്ക് ലഭിക്കില്ലെന്നറിഞ്ഞ ഇബ്ര മറുതൊന്ന് ചിന്തിക്കാതെ തന്റെ കാലുയര്‍ത്തി അത്ഭുത ഫഌക്കിലൂടെ ഗോളാക്കുകയായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പെഷ്യലിസ്റ്റുകളുടെ കിക്കുകളില്‍ ഒന്നിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു സ്ലാട്ടന്റെ ഈ ഗോള്‍.
ക്ലബ്ബ് കരിയറില്‍ 747 മല്‍സരങ്ങളില്‍ 438 ഗോളുകള്‍ നേടിയിട്ടുള്ള ഈ 36 കാരന്‍ ദേശീയ ടീമിന് വേണ്ടി 114 മല്‍സരങ്ങളില്‍ 62 തവണ വല കുലുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top