മുസ്ലീം കുടുംബം ഹിന്ദുമതം സ്വീകരിച്ചു: മകന്റെ കൊല ഇനിയെങ്കിലും അന്വേഷിക്കുമോയെന്ന് പിതാവ്

യുപി: തങ്ങള്‍ കുടുംബത്തോടെ ഹിന്ദുമതം സ്വീകരിച്ചെന്നും മകന്റെ ദുരുഹസാഹചര്യത്തിലെ മരണം ആത്മഹത്യയാക്കിയ പോലിസ് ഇനിയെങ്കിലും കൊലപാതകികളെ കണ്ടുപിടിക്കണമെന്നും പിതാവ്. ബാഖ്പട്ട് ജില്ലയിലെ അക്തറാണ് കുടുംബത്തിലെ 12 പേര്‍ക്കൊപ്പം മതം മാറിയത്. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം അദ്ദേഹം സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കുകയും ചെയ്തു.മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കുറച്ചുമാസം മുന്‍പ് കണ്ടെത്തിയ മകന്റെ മരണത്തിലെ ദുരുഹത മാറ്റണമെന്നും ഇതിനൊപ്പം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. കുടുംബത്തിന്റെ സംശയങ്ങള്‍ തള്ളി കൊണ്ടാണ് മകന്റെ മരണം ആത്മഹത്യയാണെന്ന് റിപോര്‍ട്ടെഴുതി പോലിസ് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും അക്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോലിസ് വീണ്ടും കേസ് പരിശോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.എന്നാല്‍ എന്തുകൊണ്ടാണ് മതം മാറിയാല്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് അദ്ദേഹത്തിന് തോന്നിയതെന്നും ആരെങ്കിലും ഇത്തരമൊരു കാര്യം അക്തറിനോട് ആവശ്യപ്പെട്ടിരുന്നോയെന്ന സംശയവും ബാക്കിനില്‍ക്കുകയാണ്.

കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് അക്തര്‍ ഹിന്ദുമതത്തിലേക്ക് മാറിയതെന്ന് യുവ ഹിന്ദു വാഹിനി സംസ്ഥാന പ്രസിഡന്റ് ശൗകേന്ദ്ര ഖോകര്‍ പറഞ്ഞു. മകന്‍ കൊല്ലപ്പെട്ട ശേഷം അക്തര്‍ വലിയ പ്രയാസത്തിലായിരുന്നു. അക്്തറിന്റെ മകന്‍ ഗുല്‍ഹസനെ ആത്മഹത്യയെന്ന് തോന്നിക്കുന്ന രീതിയില്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top