Parliament News

മോദി സര്‍ക്കാരിന്റെ അജണ്ടയില്‍ സാധാരണക്കാര്‍ക്കു സ്ഥാനമില്ലെന്ന് ബജറ്റ് തെളിയിച്ചു: ഉണ്ണിത്താന്‍

മോദി സര്‍ക്കാരിന്റെ അജണ്ടയില്‍ സാധാരണക്കാര്‍ക്കു സ്ഥാനമില്ലെന്ന് ബജറ്റ് തെളിയിച്ചു: ഉണ്ണിത്താന്‍
X

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സ്ഥാനമില്ലെന്നു തെളിയിക്കുന്നതാണ് ബജറ്റെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇന്ത്യയിലെ സാധാരണക്കാരേയും കര്‍ഷകരെയും അവഗണിക്കുന്ന ബജറ്റാണിത്. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗവും ഉറപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് ശത്രുതാപരമായ സമീപനമാണ് മോദി സര്‍ക്കാരിനുള്ളത്. 2019 ഒക്ടോബര്‍ മുതലുള്ള തൊഴിലുറപ്പ് കൂലി കുടിശ്ശികയാണ്. ഇത് കൊടുത്തുതീര്‍ക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കൂലി നല്‍കാനും പര്യാപ്തമായ പണം ബജറ്റില്‍ വകയിരുത്തിയിട്ടില്ല.

വയോജന പെന്‍ഷന്‍ കുറച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കാനാണ് ബജറ്റ് ലക്ഷ്യംവയ്ക്കുന്നത്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും രൂക്ഷമാണ്. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 5 ശതമാനം മാത്രമാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ദയനീയമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. കേരളത്തിന് പുതിയ പദ്ധതികള്‍ ഒന്നുമില്ല. ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. എന്നാല്‍ വെജിറ്റേറിയന്‍ താലി കഴിക്കുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം രൂപ ലഭിക്കാനായി എന്ന ഇക്കണോമിക് സര്‍വേയിലെ പരാമര്‍ശം ഒരു കറുത്ത ഹാസ്യം മാത്രമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചും കബളിപ്പിച്ചും ഭരിക്കാനല്ലാതെ സമ്പദ്‌വ്യവസ്ഥയെ മാനേജ് ചെയ്യാനുള്ള കെല്‍പ്പ് മോദിക്കും ധനമന്ത്രിക്കുമില്ല എന്ന വസ്തുതയ്ക്ക് ഈ ബജറ്റ് വീണ്ടും അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it