Interview

സര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം: ആര്‍എസ് ശശികുമാര്‍

നേതാക്കളുടെ ഭാര്യമാരെ സര്‍വകലാശാല അധ്യാപകരാക്കാമെന്ന് കണ്ടുപിടിച്ചത് മന്ത്രി പി രാജീവ്

സര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം: ആര്‍എസ് ശശികുമാര്‍
X

രണസമിതികളിലെ അമിതമായ രാഷ്ട്രീയ ഇടപെടലാണ് സര്‍വകലാശാലകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിന് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍. സര്‍വകലാശാലകളിലെ പല പിന്‍വാതില്‍ നിയമനങ്ങളും വെളിച്ചത്ത് കൊണ്ട് വന്ന അദ്ദേഹം തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

മുന്‍കാലങ്ങളില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ രാഷ്ട്രീയക്കാരെ നോമിനേറ്റ് ചെയ്യാറുണ്ട്. വൈസ് ചാന്‍സലര്‍മാരുടെ നിയമനമാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയ ഇടപെടലുണ്ടായാലും അതിനെ അതിജീവിച്ച് അക്കാദമിക താല്‍പര്യം നിലനിര്‍ത്തുന്നതില്‍ വിസിമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് ഇടതുപക്ഷത്തിന്റെ കാലത്തായാലും വലതുപക്ഷത്തിന്റെ കാലത്തായാലും ക്വാളിറ്റിയുള്ള ആളുകളെ നിയമിച്ചിരുന്നു. അപ്പോഴൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഒരു അതിര്‍വരമ്പുണ്ടായിരുന്നു. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം അവരുടെ ലക്ഷ്യം സര്‍വകലാശാലകളെ പൂര്‍ണമായും പൊളിറ്റിക്കലൈസ് ചെയ്യുക എന്നതായിരുന്നു.

അതിന് തടസ്സമായി നിന്നത് പലപ്പോഴും വൈസ് ചാന്‍സലര്‍മാരാണ്. ഇടതുപക്ഷം നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ തന്നെ. എടുത്തുപറയാവുന്നത് ഡോ. ജയകൃഷ്ണന്‍, ഡോ. ബി ഇക്ബാല്‍, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ. കെഎന്‍ പണിക്കര്‍, യുആര്‍ അനന്തമൂര്‍ത്തി എന്നീ വിസിമാര്‍ രാഷ്ട്രീയക്കാരെ ഒരു പരിധിക്കപ്പുറം അടുപ്പിച്ചിരുന്നില്ല. അത് ഒരു തടസ്സമാണെന്ന് കണ്ട്, വളരെ സട്രാറ്റജിക്കായി, വെറും സബ്സ്റ്റാന്റ് ആയിട്ടുള്ള, സര്‍വകലാശാലയില്‍ മിനിമം അസി.പ്രഫസറാകാന്‍ പോലും യോഗ്യതയില്ലാത്ത ആളുകളെ വിസിമാരായി നിയമിക്കാനുള്ള നിയന്ത്രണം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തു.

എല്ലാ സര്‍വകലാശാലയിലും പാര്‍ട്ടി ഫ്രാക്ഷനുണ്ടാക്കുകയും, അതായത് പഴയ സെല്ല്-ആ സെല്ലിന്റെ ചുമതലക്കാരനായി ഒരു രാഷ്ട്രീയക്കാരനുണ്ടാകും. അദ്ദേഹമാണ് ആ സര്‍വകലാശാലയുടെ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ പൊളിറ്റീഷന്‍സായ അധ്യാപക സംഘടനാനേതാക്കന്മാരെ എക്‌സ്‌പെര്‍ട്ട് ഇന്‍ ദി ഹയര്‍എഡ്യൂക്കേഷന്‍ ഫീല്‍ഡ് എന്ന നിലയില്‍ സര്‍വകലാശാല ചട്ടമനുസരിച്ച് നിയമിക്കുകയാണ്്. നിയന്ത്രിക്കുന്നത് ഈ രാഷ്ട്രീയക്കാരനായിരിക്കും. എല്ലായിടത്തും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവുണ്ടായിരിക്കും. അവരുടെ നിയന്ത്രണത്തില്‍ സര്‍വകലാശാല പോയതോടെയാണ് ഈ അപകടമുണ്ടായത്. അവരുടെ നോട്ടം നിയമനങ്ങള്‍ തന്നെയാണ്.

എതായാലും അധ്യാപക നിയമനങ്ങള്‍ പൂര്‍ണമായി പൊളിറ്റിക്കലൈസ് ചെയ്തു. അവര്‍ ഉദ്ദേശിക്കുന്ന ആളുകളെ നിയമിക്കുക മാത്രമല്ല, നിയമിക്കേണ്ട ആളെ നോക്കി, മെരിറ്റിലായാലും അവരില്‍ നിന്ന് പണം വാങ്ങുകയാണ്. ഒരു പ്രൈവറ്റ് കോളജിലെ അധ്യാപകനെ നിയമിക്കുന്നതിന് 40-50 ലക്ഷം രൂപ വരെ വാങ്ങുമ്പോള്‍, ഒരു 10 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലെന്ന് പറഞ്ഞ് വാങ്ങിയാണ് നിയമനം കൊടുക്കുക. യഥാര്‍ഥത്തില്‍ നിയമനം ലഭിക്കേണ്ടവരും ഇതില്‍ പെടുന്നുണ്ട്. അതിന് ഈ വിസിമാര്‍ കൂട്ട് നില്‍ക്കും. ഇതാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കേരളയിലും കലിക്കറ്റിലും ഇപ്പോള്‍ നടന്ന നിയമനങ്ങളില്‍ സാമ്പത്തിക ഇടപാടുകളുണ്ട് എന്നതാണ് സത്യം. അപ്പോള്‍ ക്വാളിറ്റിയുള്ള അധ്യാപകര്‍ ഉണ്ടാകില്ല.

പണ്ട് പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലി എന്നാല്‍ കോ ഓപറേറ്റീവ് സൊസൈറ്റിയിലോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡുകളില്‍ കടന്നുകൂടുകയോ ആണ് ചെയ്്തിരുന്നത്. പക്ഷേ, ഇവരെ സര്‍വകലാശാല അധ്യാപകരാക്കാം എന്ന് കണ്ടെത്തിയത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമനം നൂറ് ശതമാനം അഴിമതിയാണ്. അവിടെ തുടങ്ങിയ അഴിമതിയാണ് നിരന്തരമായി എല്ലാ സര്‍വകലാശാലകളിലും ഭാര്യമാരെ അസി.പ്രഫസര്‍മാരാക്കാം എന്ന് വന്നത്. മുന്‍കാലങ്ങളില്‍ അങ്ങനെ നടന്നിട്ടില്ല. നേരത്തെയും രാഷ്ട്രീയക്കാരും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നല്ലോ, അവരെ സര്‍വകലാശാലയിലെത്തിക്കുക എന്നത് അപ്രാപ്യമായിരുന്നു.

അത് പോലെ തന്നെയാണ് സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിമയനവും. അത് തുടങ്ങിവച്ചത് കേരള സര്‍വകലാശാലയാണ്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ഉടനെ 45000 ഉത്തരക്കടലാസുകള്‍ മുക്കിയ ശേഷം, അവര്‍ ഉദ്ദേശിക്കുന്ന റാങ്ക് പട്ടിക ഉണ്ടാക്കി എഴുത്തുപരീക്ഷയുടെ മാര്‍ക്ക് ഇടുന്നു. ശേഷം അഭിമുഖം നടത്തി അവരുദ്ദേശിക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അവര്‍ക്ക് നിയമനവും നല്‍കി. നിയമിച്ചവരില്‍ നിന്ന് കുറേ പണവും വാങ്ങി.

അതിനെതിരേ ലോകായുക്തയില്‍ കേസിന് പോയി. അപ്പോഴാണ് അറിയുന്നത് ഉത്തരക്കടലാസുകള്‍ നശിപ്പിക്കപ്പെട്ടു എന്നത്. ലോകായുക്തയില്‍ രണ്ട് തവണയും ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് സുകുമാരന്‍ കമ്മിഷനും റിപോര്‍ട്ട് ചെയ്ത് പട്ടിക റദ്ദാക്കണമെന്നും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും ആയിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് അതിനെതിരേ ഒന്നും ചെയ്തില്ല എന്നതാണ് സത്യം. കാരണം, ഇവരുടെ സ്വാധീനഫലമായി ഇതിനെതിരേ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഒരു തീരുമാനവും കൈക്കൊണ്ടില്ല. അപ്പോള്‍ തന്നെ അവര്‍ക്ക് ആ കേസ് ഡിസ്‌പോസ് ചെയ്യാമായിരുന്നു. ഡിസ്‌പോസ് ചെയ്യാതെ എജിയെക്കൊണ്ട് കേസ് നീട്ടിക്കൊണ്ട് പോയി. അടുത്ത ഇടത് ഗവണ്‍മെന്റ് വന്നതോടെ, അവരുടേതായ ജഡ്ജിയെ കൊണ്ട് കേസ് ഏഴുകൊല്ലമായതിനാല്‍ മാനുഷിക പരിഗണന നല്‍കി റഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചു. അതിനെതിരേ അപ്പീല്‍ പോയിട്ടുണ്ട്. അപ്പീല്‍ ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്.

അന്ന് ഒരു കാര്യം നടന്നു. അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സിക്ക് വിട്ടു. അതാണ് ഒരു വലിയ ആശ്വാസം. അത് നടന്നില്ലായിരുന്നുവെങ്കില്‍ സര്‍വകലാശാലകളിലെ 4000 ഓളം നിയമനങ്ങളിലേക്ക് വ്യാപകമായ കച്ചവടം നടക്കുമായിരുന്നു.

ഇപ്പോള്‍ നടക്കാന്‍ സാധ്യതയുള്ളത് അധ്യാപക നിയമനത്തിലാണ്. അന്ന് അനധ്യാപക നിയമനത്തിനൊപ്പം തന്നെ അധ്യാപക നിയനങ്ങളും പിഎസ് സിക്ക് വിടണമായിരുന്നു. അന്ന് എന്തുകൊണ്ടോ അത് നടന്നില്ല. കാരണം ഓരോ യൂനിവേഴ്‌സിറ്റിയും ഓരോ നേച്ചറിലുള്ളതാണ്. അവിടെയുള്ള ആവിശ്യമനുസരിച്ച് അധ്യാപകരെ കണ്ടെത്താനും നിയമിക്കാനും ആ യുനിവേഴ്‌സിറ്റിക്കേ പറ്റുകയുള്ളൂ എന്ന ഒരു അക്കാഡമിക് താല്‍പര്യം കൂടി പറഞ്ഞാണ് അനധ്യാപകനിയമനം മാത്രം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. നല്ല അര്‍ഥത്തിലാണെങ്കില്‍ അത് ശരിയാണ്. പക്ഷേ, പ്രത്യേക ബോര്‍ഡ് രൂപീകരിച്ചിരുന്നുവെങ്കില്‍ ഇത്രയും അഴിഞ്ഞാട്ടം ഈ മേഖലയില്‍ ഉണ്ടാകുമായിരുന്നില്ല.

വളഞ്ഞ വഴിയിലൂടെ സര്‍വീസില്‍ കയറുന്നവര്‍ സ്വാഭാവികമായും അതേ വഴിയിലൂടെ തന്നെയാവും അവരുടെ സര്‍വീസ് പ്രവര്‍ത്തനവും. പിന്‍വാതിലൂടെ കയറിയ അധ്യാപകര്‍ മാര്‍ക്ക് കൂട്ടി നല്‍കുകയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും കാണുന്നത്.

കാരണം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തോറ്റവരെ ജയിപ്പിക്കാന്‍ മോഡറേഷന്‍ കൊടുക്കാമെന്ന് തീരുമാനിക്കുന്നത് കാണുമ്പോള്‍, മുകള്‍ തട്ടില്‍ തന്നെ അങ്ങനെ തീരുമാനമെടുക്കുമ്പോള്‍, താഴേ തട്ടില്‍ ക്രിതൃമം കാണിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തലത്തട്ടില്‍ നടക്കുന്നുണ്ടല്ലോ അങ്ങനെയാണെങ്കില്‍ താഴേ തട്ടിലും നടത്താമെന്ന ചിന്തയുണ്ടാകും. അങ്ങനെയാണ് മാര്‍ക്ക് കൂട്ടി നല്‍കുക, ഉത്തരക്കടലാസുകള്‍ മുക്കുക, അടുത്തകാലത്ത് പണം വാങ്ങി ജീവനക്കാര്‍ അഴിമതി നടത്തുക വരെ ചെയ്തത്.

ദേശീയ വിദ്യാഭാസ നയത്തെ ഇടതുപക്ഷം എതിര്‍ക്കുന്നുണ്ട്. ഈ നയത്തിന്റെ ഭാഗമായിട്ടാണ് 2018ല്‍ റെഗുലേഷനിലൂടെ അസി.പ്രഫസര്‍മാരുടെ ഇന്റര്‍വ്യൂ മാനദണ്ഡം മാറ്റിയത്. അത് ഇവര്‍ക്ക് വലിയ അനുഗ്രഹമായി. സത്യത്തില്‍ ഒരു പോസ്റ്റിന് നേരത്തെ തന്നെ 20 മാര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂവിന് കൊടുക്കാന്‍ കഴിയുകയുള്ളൂ. ബാക്കി നൂറില്‍ 80ഉം അവരുടെ അക്കഡമിക് മെരിറ്റിനും എക്‌സിപീരിയന്‍സിനും നെറ്റ്, ജെആര്‍എഫ്, പബ്ലിക്കേഷന്‍സിനുമൊക്കൊയായി മാര്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.

അതിന് ശേഷം 20 മാര്‍ക്ക് ഇന്റര്‍വ്യൂവിന് വരുമ്പോഴേക്കും ഉദ്ദേശിക്കുന്ന ആളുകളെ അവര്‍ക്ക് അസിസ്റ്റന്റ് പ്രഫസറാക്കാന്‍ കഴിയിഞ്ഞിരുന്നില്ല. അപ്പോള്‍ യുജിസി ഒരു നിയമം കൊണ്ടുവന്നു.

ഈ സ്‌കോര്‍ അനുസരിച്ച് ആപ്ലിക്കേഷന്‍ സ്‌ക്രീന്‍ ചെയ്യുക എന്നതാണ്. ഇതില്‍ ഒരു നല്ല ഉദ്ദേശം ചിലപ്പോള്‍ ഉണ്ടായിരിക്കാം. ഇല്ലെന്ന് പറയുന്നില്ല. അപ്പോള്‍ ടോപ് സ്‌കോര്‍ കിട്ടുന്ന കുറച്ച് പേരെ മാത്രം ഇന്റര്‍വ്യുവിന് വിളിച്ചാല്‍ മതി. അവരെ കൊണ്ട് ക്ലാസെടുപ്പിക്കുക-അപ്പോള്‍ അവരുടെ പെര്‍ഫോമന്‍സിലൂടെ നല്ല അധ്യാപകനെ കണ്ടെത്തുക എന്ന നല്ല ഉദ്ദേശമുണ്ട്. പക്ഷേ യുജിസി ഒരു കാര്യം കൂടി ചെയ്തു. എത്ര പേരെ ഒരു പോസ്റ്റില്‍ വിളിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കണ്‍സേണ്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന് വിട്ടുകൊടുത്തു. അവിടെയാണ് അപകടമുണ്ടായത്. ഇതാണ് നേതാക്കളെ മുഴുവന്‍ നിയമിക്കാന്‍ ഇടയാക്കിയത്. അവര്‍ നോക്കിയപ്പോള്‍ ഇവര്‍ക്ക് ടോട്ടല്‍ ഇന്‍ഡക്‌സ് 50 മാര്‍ക്കാണെങ്കില്‍, 50 മുകളിലുള്ള എല്ലാവരെയും വിളിക്കാന്‍ തീരുമാനിക്കും. പിന്നീട് ഇന്‍ര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ റാങ്ക്് ചെയ്യാന്‍ കഴിയൂ. ഇതിനെതിരേ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇന്റര്‍വ്യു ബോര്‍ഡിന് കണ്‍വിന്‍സിങ്ങായി തോന്നുന്നത് അവര്‍ക്ക് ചെയ്യാം. ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്ന ഇടതുപക്ഷം നിയമനവുമായി ബന്ധപ്പെട്ട മാനണ്ഡത്തെ സ്വാഗതം ചെയ്യുകയാണ്.

കാരണം തട്ടിപ്പ്് നടത്താന്‍ പറ്റും. ഈ തട്ടിപ്പ് ഇപ്പോള്‍ ജെഎന്‍യുവിലും നടക്കുന്നുണ്ട്. ഒരു പോസ്റ്റിന് പരമാവധി അഞ്ച് പേരെ വിളിക്കാം എന്നതിന് പകരം ആ ഇന്‍സ്റ്റിറ്റിയൂഷനാണ് തീരുമാനിക്കുന്നതെന്ന് വച്ചാല്‍, ജെഎന്‍യു ഉള്‍പ്പെടെ ഓള്‍ ഇന്ത്യാ തലത്തില്‍ നോക്കുമ്പോള്‍ ബിജെപിക്ക് കീഴിലാണ് സ്ഥാപനങ്ങള്‍ ഏറെയും.

അവര്‍ക്ക് അവരുടെ ആളുകളെ നിയമിക്കുന്നതിന് വേണ്ടിയാകാം ഇങ്ങനെ ഒരു നിയമമുണ്ടാക്കിയത്. ആ പഴുത് ഉപയോഗിച്ചാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ അധ്യാപകരെ നിയമിക്കാനും അതിനെതിരേ കോടതിയില്‍ പോയാല്‍ പോലും ചലഞ്ച് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലും എത്തിയിട്ടുള്ളത്. ഇപ്പോള്‍ കോളജുകളിലെ അധ്യാപക നിയമനത്തിനും ഇതേ മാനദണ്ഡമാണ്. ഉദാഹരണത്തിന്, എസ് എന്‍ മാനേജ് മെന്റ് തീരുമാനിക്കും ഒരു പോസ്റ്റിന് എത്ര പേരെ വിളിക്കാമെന്ന്. അവര്‍ തീരുമാനിക്കും ഒരു പോസ്റ്റിന് 50 പേരെ വിളിക്കാമെന്ന്. അതില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ആളിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കാനും കഴിയും. ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അങ്ങനെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ വേണ്ടി വിസിമാരെ അവരുടെ കൈപ്പിടിയിലൊതുക്കുന്നു. അവര്‍ ഒതുങ്ങുമ്പോള്‍ അതിന് പറ്റിയ സിന്‍ഡിക്കേറ്റിനെ വച്ച് കഴിഞ്ഞാല്‍ വിദ്യാഭ്യാസ മേഖല തകര്‍ച്ച നേരിടുക മാത്രമല്ല, ഒരുകാലവും രക്ഷപ്പെടാനാകാത്ത രീതിയിലേക്ക് എത്തും. അതില്‍ യാതൊരു സംശയവും വേണ്ട.

Next Story

RELATED STORIES

Share it