Editorial

രാജവാഴ്ചയുടെ വിഴുപ്പുഭാണ്ഡം പേറുന്നവര്‍

രാജവാഴ്ചയുടെ വിഴുപ്പുഭാണ്ഡം പേറുന്നവര്‍
X

ജനാധിപത്യത്തിന്റെ ആടയാഭരണങ്ങളിഞ്ഞ് ഐക്യ കേരളം നിലവില്‍വന്ന് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജവാഴ്ചയുടെ 'സു(സ)വര്‍ണകാല സ്മൃതി'കളും രാജഭക്തിയുടെ അടിമത്ത ബോധവും കുടഞ്ഞെറിയാന്‍ സവര്‍ണ മലയാളി മനസ്സിന് കഴിഞ്ഞിട്ടില്ലെന്നാണ് ചില സമീപകാല പ്രവണതകള്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നത്. 'കമ്മ്യൂണിസ്റ്റുകള്‍' നയിക്കുന്ന സര്‍ക്കാരും അതിന്റെ ബ്യൂറോക്രസിയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പടിപ്പുരയ്ക്കല്‍ തന്നെയാണിന്നും. രാജഭരണത്തിന്റെയും ജാത്യാധിപത്യത്തിന്റെയും ജീര്‍ണമായ സാംസ്‌കാരികാവശിഷ്ടങ്ങളെ പുനരാനയിക്കുന്നതില്‍ വിപ്ലവത്തിന്റെയും പുരോഗമനത്തിന്റെയും അട്ടിപ്പേര്‍ അവകാശപ്പെടുന്ന ഇടതു പ്രസ്ഥാനങ്ങള്‍ പോലും അറിഞ്ഞും അറിയാതെയും പങ്കുചേരുന്നു. ഫലമോ, കൊട്ടിഘോഷിക്കപ്പെടുന്ന 'നവോത്ഥാന'ത്തിന്റെ അവശേഷിക്കുന്ന നന്മകള്‍ പോലും റദ്ദ് ചെയ്യപ്പെടുകയാണിവിടെ.

ക്‌ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയ ക്ഷണക്കത്ത് വിവാദം സാംസ്‌കാരികപുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി മധുസൂദനന്‍ നായരുടെ സ്ഥലംമാറ്റ നടപടിയോടെ ഒതുങ്ങുമായിരിക്കാം. പക്ഷേ, അത് പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ സംസ്‌കാരശേഷിപ്പുകള്‍ കേരളത്തിലിനിയും ബാക്കി നില്‍ക്കുകയും ഇടയ്ക്കും തലയ്ക്കും തലപൊക്കി ജനാധിപത്യ ഭരണാധികാരികളുടെ അടിമ മനസ്സിനെ ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. രാജഭരണ കാലത്തെ അസമത്വങ്ങള്‍ക്കും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരേ ഉയര്‍ന്നുവന്ന ജനരോഷം ഭയന്നും അതിനെ തടയിടാനുദ്ദേശിച്ചും അധികാരികളുടെ അതിബുദ്ധിയില്‍ ഉദയം കൊണ്ടതാണ് ക്ഷേത്ര പ്രവേശന വിളംബരം. 'കേരള കൗമുദി' സ്ഥാപകനും സാമൂഹിക പരിഷ്‌കര്‍ത്താവും കവിയുമായിരുന്ന സി വി കുഞ്ഞിരാമനെ പോലെയുള്ളവര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭം നയിച്ചിരുന്നു. ഇല്ലെങ്കില്‍ തങ്ങള്‍ മതം മാറുമെന്നു വരെ അദ്ദേഹം പ്രഖ്യാപിച്ചു. ഈ മതം മാറ്റ പ്രഖ്യാപനം ഒരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. സി വി കുഞ്ഞിരാമന്റെയും സി കേശവന്റെയും മാരാമണ്‍ പ്രസംഗങ്ങള്‍ തിരുവിതാംകൂര്‍ ഭരണകൂടത്തെയും സവര്‍ണ ഹിന്ദുക്കളെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. തുടര്‍ന്ന് 1936 നവംബര്‍ 12ന് രാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതനായി എന്നതാണ് യഥാര്‍ഥ ചരിത്രം. കീഴ്ജാതിക്കാരുടെ ക്ഷേത്ര പ്രവേശനം തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഔദാര്യമായിരുന്നില്ല.

മൈസൂരില്‍ പഠിച്ച് ഭിഷഗ്വര പരീക്ഷ പാസായി ഡോക്ടറായ പല്‍പ്പു സര്‍ക്കാര്‍ ഉദ്യോഗത്തിന് അപേക്ഷിച്ചപ്പോള്‍ ഈഴവ സമുദായാംഗമായ അദ്ദേഹത്തോട് 'പോയി കുലത്തൊഴിലായ കള്ളുചെത്താനായിരുന്നു' രാജകല്‍പ്പന. സി വി കുഞ്ഞിരാമനെപ്പോലെയുള്ളവര്‍ ഉയര്‍ത്തിയ സാമൂഹിക നീതി ഉള്ളടക്കമായ രാഷ്ട്രീയത്തിന്റെ വിജയമാണ് ക്ഷേത്രപ്രവേശന വിളംബരം. ഇടതു ഭരണ കാലത്ത് മന്ത്രിയും സ്പീക്കറും ഒക്കെയായിരുന്ന സിപിഎം നേതാവ് എം വിജയകുമാര്‍ ഒരു പൊതുവേദിയില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗത്തെ 'ഹിസ് ഹൈനസ്സ്' എന്ന് അഭിസംബോധന ചെയ്തതിന് സാക്ഷിയായിരുന്നത് ഇപ്പോള്‍ ഓര്‍മ വരുന്നു. മന്ത്രിയായിരുന്നിട്ടും ദലിതനായതിന്റെ പേരില്‍ അവഗണന നേരിട്ട, മുന്‍ സ്പീക്കറും സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഭരണ മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയിലെ ഒരു നേതാവ് അതേ പാര്‍ട്ടിയിലെ തന്നെ പട്ടികജാതിക്കാരനായ മറ്റൊരു നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് 'നവോത്ഥാന മതില്‍' പണിഞ്ഞ കേരളത്തിലാണ്. ദലിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ അദ്ദേഹം ഇരുന്നിരുന്ന കസേര 'ശുദ്ധികലശം' ചെയ്തു മാത്രം അടുത്ത മേധാവി സ്ഥാനമേറ്റതും പുരോഗമന ഇടതു കേരളത്തില്‍ തന്നെ. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെയാണല്ലോ അടുത്ത കാലത്ത് ഒരു രാജകുടുംബാംഗത്തെ പ്രത്യേകാദരവ് നല്‍കി സര്‍ക്കാര്‍ പരിപാടിയില്‍ ആനയിച്ചത്. 'ഹിസ് ഹൈനസ്മാര്‍'ക്കും 'ഹെര്‍ ഹൈനസ്'മാര്‍ക്കും സ്‌പെഷ്യല്‍ പ്രിവിലേജ് നല്‍കുന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ രാജവാഴ്ചയുടെ വിഴുപ്പുഭാണ്ഡങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ടവരാണോ?.

Next Story

RELATED STORIES

Share it