പിണറായി സര്‍ക്കാര്‍ സച്ചാര്‍ അനന്തര നടപടികള്‍ക്ക് അന്ത്യകൂദാശ നടത്തി

സാമൂഹിക നീതിയുടെ അടിത്തറ തകര്‍ക്കുന്ന സാഹചര്യമാണ്, ഇനി മേലില്‍ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും സ്‌കോളര്‍ഷിപ് വിതരണം സംസ്ഥാനത്തു നടപ്പാക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത്. ആധികാരികമായ സ്ഥിതിവിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി അടിവരയിട്ട മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള പ്രാഥമിക നീക്കങ്ങള്‍ക്ക്, സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമെന്ന് അവകാശവാദമുന്നയിച്ച കേരളത്തില്‍ തന്നെ ഇതോടെ തിരിച്ചടിയായിരിക്കുകയാണ്. സാമ്പത്തിക സംവരണമെന്ന അസംബന്ധത്തിനു കാര്‍മികത്വം വഹിച്ച അതേ സര്‍ക്കാര്‍ തന്നെയാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ പല കാര്യങ്ങളിലും പിന്നാക്കമാണെന്നു കണ്ടെത്തിയ മുസ്‌ലിംകളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ അപഹരിക്കാനും ഇപ്പോള്‍ തുനിഞ്ഞിരിക്കുന്നത്.
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് കേരളത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ നിയുക്തമായ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായി ആവിഷ്‌കരിച്ച പദ്ധതികളാണ് പതിമൂന്ന് വര്‍ഷത്തിനു ശേഷം ഇപ്പോള്‍ കോടതി വിധിയുടെ മറവില്‍ ഇല്ലാതായത്. ഇതിനു പരിഹാരമെന്നോണം സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാവട്ടെ, അങ്ങേയറ്റത്തെ നീതിനിഷേധവും കൊടും ചതിയുമാണെന്നു പറയാതെ വയ്യ. 100 ശതമാനവും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമായി വീതംവച്ചതിലൂടെ തുടക്കം കുറിച്ച അട്ടിമറി, 80:20 അനുപാതം റദ്ദ് ചെയ്ത കോടതി വിധിയിലൂടെ പൂര്‍ണമായി. ജനസംഖ്യാനുപാതികമെന്ന പട്ടില്‍ പൊതിഞ്ഞ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സ്‌കോളര്‍ഷിപ് വിതരണ അനുപാതം മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഫലത്തില്‍ കവര്‍ന്നെടുക്കുന്നതായി മാറിയിരിക്കുകയാണ്.
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കാന്‍ കേരളത്തില്‍ പുതിയ ഒരു പഠന സമിതിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിനു കീഴില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ കാലവിളംബമില്ലാതെയും ആത്മാര്‍ഥമായും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മതിയായിരുന്നു. അതിനു തുനിയാതെ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ തുടര്‍ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പോലും അവഗണിക്കുകയും പ്രധാനമന്ത്രിയുടെ പുതുക്കിയ 15 ഇന പരിപാടി നടപ്പാക്കുന്നതില്‍ കാലവിളംബം വരുത്തുകയുമാണ് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെയ്തത്. അതിന്റെ തുടര്‍ച്ച തന്നെയായാണ്, നീതീകരിക്കാനാവാത്ത മുസ്‌ലിം വിവേചനത്തിന്റെ കൊടും വഞ്ചനയിലൂടെയുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഗര്‍വിഷ്ഠമായ വിജയ പ്രയാണം.
സംവരണവും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്മേലുള്ള തുടര്‍നടപടികളുമെല്ലാം മുസ്‌ലിം പ്രീണനമാണെന്ന സംഘപരിവാര വ്യാജവാദത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത്. ലൗ ജിഹാദ് ആരോപണവും മുസ്‌ലിംകള്‍ അനര്‍ഹമായി എല്ലാം കൈയടക്കുന്നുവെന്ന നുണപ്രചാരണവുമെല്ലാം അതിന്റെ ഭാഗമായാണ് പടര്‍ന്നു പിടിച്ചത്. വിഷലിപ്തമായ നുണപ്രചാരണങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ അപകടകരമായ ആഴം തിരിച്ചറിയാത്തതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സംഘ പരിവാരത്തോടൊപ്പം ചേര്‍ന്ന് ചില മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളും മുസ്‌ലിം ജനവിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ തയ്യാറായത്. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കും അവരുടേതായ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഉയര്‍ന്നുവന്ന ലൗ ജിഹാദ്, 80-20 വിവാദം, മദ്‌റസാധ്യാപകര്‍ക്ക് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സര്‍ക്കാരും സിപിഎമ്മും ബോധപൂര്‍വം മൗനം പാലിച്ചത്. മുസ്‌ലിംകള്‍ക്ക് പൂര്‍ണമായും അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പില്‍ നിന്ന് 20 ശതമാനം എടുത്തുമാറ്റിയപ്പോഴും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് മദര്‍ തെരേസയുടെയും ജോസഫ് മുണ്ടശ്ശേരിയുടെയും പേരുകള്‍ നല്‍കി വ്യാജ മതേതര പ്രതിച്ഛായ നിര്‍മിക്കാന്‍ ശ്രമിച്ചപ്പോഴും മുസ്‌ലിംകള്‍ അതിനെ എതിര്‍ക്കാതിരുന്നത് അവരുടെ ഉദാര സമീപനമായി കാണാന്‍ പോലുമുള്ള സൗമനസ്യം മറ്റുള്ളവര്‍ കാണിച്ചില്ല. കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്നത് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി എന്നാക്കി പുനര്‍നാമകരണം ചെയ്തതും മുസ്‌ലിം അവകാശങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കാനുള്ള ആയുധമായി മാറിയതു നാം കണ്ടു.
പാലോളി കമ്മിറ്റിയുടെ ആദ്യ സിറ്റിങിന്റെ മിനുട്‌സില്‍ തന്നെ സച്ചാര്‍ കമ്മിറ്റി മുസ്‌ലിംകള്‍ക്കു മാത്രം ബാധകമായതാണെങ്കിലും കേരളത്തില്‍ മറ്റു വിഭാഗങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും മതേതര കാഴ്ചപ്പാട് സ്വീകരിക്കണമെന്നും എഴുതിച്ചേര്‍ത്തത് മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികളില്‍ പോലും അനാവശ്യമായ മതേതര വ്യാകുലത പ്രകടിപ്പിക്കുന്നത് ഒരു രോഗലക്ഷണമായി തന്നെ കാണണം. പാലോളി കമ്മിറ്റി അതിന്റെ ഒന്നാം തിയ്യതി തന്നെ തുടങ്ങി വച്ച മുസ്‌ലിം വിരുദ്ധതയുടെ പാഠഭേദങ്ങളാണ് പിന്നീട് പലഘട്ടത്തിലും കൗശലപൂര്‍വവും ഇപ്പോള്‍ വഞ്ചനാപരവുമായ നീതി നിഷേധങ്ങള്‍ക്ക് വഴിവച്ചത് എന്നും നാമോര്‍ക്കണം. സച്ചാര്‍ പദ്ധതികള്‍ക്കായുള്ള ബജറ്റ് ശീര്‍ഷകത്തില്‍ നിന്നാണ് പുതിയ അനുപാതപ്രകാരമുള്ള തുക ചെലവഴിക്കുന്നത് എന്നത് വഞ്ചനയുടെ മറ്റൊരു ക്രൂരമുഖമാണ്.
ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം കോടതിവിധി നടപ്പാക്കിക്കൊണ്ടുള്ള ഒരു മുട്ടുശാന്തി നടപടി മാത്രമാണ്. ഹൈക്കോടതിയില്‍ മതിയായ ന്യായങ്ങളും തെളിവുകളും സമര്‍പ്പിക്കാതെ കേസ് തോറ്റുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍ എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. അപ്പീല്‍ അടക്കമുള്ള തുടര്‍ നിയമ നടപടികളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന വൈമുഖ്യവും സംശയം ജനിപ്പിക്കുന്നതു തന്നെയാണ്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ മുന്നേ പുലര്‍ത്തിയ നിഷേധാത്മക നയം തുടരുക മാത്രമല്ല, സച്ചാര്‍ അനന്തര നടപടികള്‍ക്ക് അന്ത്യകൂദാശ നടത്തി ശവപ്പെട്ടിക്ക് ആണിയടിക്കുക കൂടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് നിലവിലുള്ള സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലും തുകയിലും കുറയില്ലെന്ന വാദം ഒരു കബളിപ്പിക്കല്‍ മാത്രമാണ്. ആനുകൂല്യങ്ങള്‍ 80 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി കുറയുമ്പോള്‍ അത് കുറയുകയില്ലെന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ മുമ്പൊരിക്കല്‍ കേന്ദ്ര മന്ത്രിയായ ഒരു വിദ്വാന്റെ ഇന്ധന വിലവര്‍ധനയെക്കുറിച്ചുള്ള കുപ്രസിദ്ധമായ പ്രതികരണമാണ് ഓര്‍മയില്‍ ഓടിയെത്തുന്നത്. അധികമായി അനുവദിക്കുമെന്നു പറയുന്ന 6.2 കോടി കണക്കിന്റെ കണ്‍കെട്ടുവിദ്യ കാട്ടി സത്യത്തിന്റെ കാഴ്ച മറയ്ക്കുന്ന സര്‍ക്കാര്‍ ഇന്ദ്രജാലം മറ്റൊരു വഞ്ചനയാണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. കോടതി വിധിയുടെ പേരില്‍ മുസ്‌ലിം പദ്ധതികള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ മുന്നാക്ക വികസന കോര്‍പറേഷനും പരിവര്‍ത്തിത െ്രെകസ്തവ കോര്‍പറേഷനും പിരിച്ചുവിടാന്‍ തയ്യാറാവുമോ?. ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമോ?. ജനസംഖ്യാനുപാതികമായി ഭരണതലത്തിലും അധികാര വിദ്യാഭ്യാസ മേഖലകളിലും എയ്ഡഡ് മേഖല, പൊതുമേഖല, ബാങ്കിങ് വ്യവസായം, ജുഡീഷ്യറി തുടങ്ങി മുഴുവന്‍ മേഖലകളിലും ഈ ജനസംഖ്യാനുപാതം അനുവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടുമോ?. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഒരു സമഗ്ര പഠനത്തിലൂടെ അധികാര പ്രാതിനിധ്യത്തിലും വിഭവ വിതരണത്തിലും ഇന്നു നിലനില്‍ക്കുന്ന അസന്തുലിതത്വം ഇല്ലായ്മ ചെയ്ത് ജനസംഖ്യാനുപാതിക പുനക്രമീകരണത്തിന് ആര്‍ജവം കാട്ടുമോ?. അധികമായി കൈവശം വച്ചനുഭവിക്കുന്നത് സൗമനസ്യത്തോടെ അര്‍ഹമായതു പോലും ലഭിക്കാത്തവര്‍ക്കു വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ തയ്യാറാവുമോ?. ചോദ്യങ്ങള്‍ നിരവധിയുണ്ട്; ഉത്തരങ്ങള്‍ ഉണ്ടാവില്ലെന്നറിയാമെങ്കിലും. ഒരു പാര്‍ശ്വവല്‍കൃത സമുദായത്തോട് ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കാലാകാലമായി തുടരുന്ന വഞ്ചനയോടുള്ള ഇരകളുടെ ജനാധിപത്യപരമായ പ്രതികരണം പോലും അസഹിഷ്ണുതയോടെയും വര്‍ഗീയ മുന്‍വിധിയോടെയും കാണുന്ന ഒരു സര്‍ക്കാരിനും അതിന്റെ നടത്തിപ്പുകാര്‍ക്കും ഒറ്റുകാരുടെ പട്ടികയില്‍ മാത്രമായിരിക്കും ചരിത്രത്തില്‍ ഇടമുണ്ടാവുക എന്നുമാത്രം ഓര്‍മപ്പെടുത്തുകയാണ്.
Pinarayi government conducted the last rites for Sachar report
RELATED STORIES
ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMT