Editorial

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റും ജനാധിപത്യശക്തികളുടെ നിലപാടുകളും

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റും ജനാധിപത്യശക്തികളുടെ നിലപാടുകളും
X

രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനത്തിന് പണവും പരിശീലനവും നല്‍കിയെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും ഇഡിയും പോപുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പാതിരാത്രിയില്‍ വീടുകളുടെ മതിലും പടിവാതിലും തകര്‍ത്താണ് സായുധസംഘങ്ങളോടൊപ്പമെത്തിയ ഉദ്യോഗസ്ഥന്മാര്‍ അകത്തുകടന്നത്. കുടുംബങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബത്തെയും സംഘം ചോദ്യം ചെയ്യുകയും അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.

പൊതുജനമധ്യത്തില്‍ സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന നേതാക്കളെയാണ് കേന്ദ്രത്തിന്റെ വേട്ടപ്പട്ടികളായ ഏജന്‍സി ഉദ്യോഗസ്ഥരും സായുധസംഘവും പാതിരാത്രിയില്‍ കസ്റ്റഡിയിലെടുത്തത്. ഇവരിലൊരാള്‍പോലും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നില്ലെന്ന് അറിഞ്ഞിട്ടും മനപ്പൂര്‍വം ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഇവരുടെ നീക്കം.

15 സംസ്ഥാനങ്ങളിലായി പാര്‍ട്ടിയുടെ 93 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. അതില്‍ കേരളത്തില്‍ മാത്രം 19 നേതാക്കളെ അറസ്റ്റ് ചെയ്തു. ആകെ 45 പേരും അറസ്റ്റിലായി. അറിയാന്‍ കഴിഞ്ഞിടത്തോളം 5 കേസുകളാണ് ഉള്ളത്. അതില്‍ തെലങ്കാനയിലെ കേസ് ജൂലൈ 4ന് രജിസ്റ്റര്‍ ചെയ്തു. മതസ്പര്‍ധ മുതല്‍ തീവ്രവാദംവരെയാണ് ആരോപണങ്ങള്‍.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുണ്ടായ അടിച്ചമര്‍ത്തല്‍ പൊതുസമൂഹത്തില്‍ പല തരത്തിലാണ് സ്വീകരിക്കപ്പെട്ടത്. ഒരു വിഭാഗം സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ മറുവിഭാഗം നിശ്ശബ്ദത നടിച്ചു. ഇടത്-വലത് പക്ഷവും സംഘപരിവാര്‍ നേതൃത്വവും പരസ്യമായി ഇ ഡി നടപടികളെ പിന്തുണച്ചു. പോപുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകളെ ഇത്തരത്തില്‍ ആക്രമിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായമുളളവര്‍ത്തന്നെ നടപടിയെ വിമര്‍ശിച്ചില്ല. മറ്റുളളവര്‍ എന്തുപറയുമെന്നതായിരുന്നു അവരുടെ ആശങ്ക. നടപടിയെ വിമര്‍ശിച്ച മറ്റു ചിലരാകട്ടെ പോപുലര്‍ ഫ്രണ്ടിനെ തളളിപ്പറഞ്ഞുകൊണ്ടാണ് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

പോപുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധമായിട്ടാണെങ്കിലും കൈകാര്യം ചെയ്യുന്ന സംഭവത്തെ മുസ് ലിംകളോട് നിയമവിരുദ്ധമായ രീതിയില്‍ പെരുമാറിയെന്ന രീതിയില്‍ എടുക്കേണ്ടെന്നാണ് ഒരു പറ്റം മതേതരവാദികളുടെ വാദം. പോപുലര്‍ ഫ്രണ്ട് അത് അര്‍ഹിക്കുന്നുവെന്നും അവര്‍ കരുതുന്നു. മുസ് ലിം സംഘടനകളില്‍ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന ഒരു സംഘടനയെ നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നതെന്ന പ്രാഥമിക രാഷ്ട്രീയം പോലും അംഗീകരിക്കാനോ തിരിച്ചറിയാനോ അവര്‍ തയ്യാറല്ല. അടിമസമാനമായി തൊഴുകയ്യോടുകൂടി നില്‍ക്കുന്ന ഒരു ഇരയെ മാത്രം അംഗീകരിച്ചുശീലിച്ചവരുടെ പ്രശ്‌നമായി ഇത് മനസ്സിലാക്കാവുന്നതാണ്.

മുസ് ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും വിവേചനത്തിനുമെതിരേ ശക്തമായി രംഗത്തുവരികയും വിട്ടുവീഴ്ചയില്ലാതെ, മുട്ടുവിറക്കാതെ നിലപാടെടുക്കുകയും ചെയ്തുവെന്നതാണ് പോപുലര്‍ ഫ്രണ്ടിനെ സംഘപരിവാര ശക്തികള്‍ക്കും കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റുകള്‍ക്കും അനഭിമതരാക്കിയത്.

അറസ്റ്റിനെതിരേ സ്വാഭാവികമായി നടന്ന പ്രതിഷേധ ഹര്‍ത്താലിനെക്കുറിച്ചു കൂടെ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഇഡി നടപടിയുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധത്തിന്റെ ഒരു നുള്ളുപോലും ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. നഷ്ടത്തില്‍ കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ നിര്‍ബന്ധപൂര്‍വം സര്‍വീസ് നടത്താനൊരുങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ടെന്നുവച്ചല്ലെന്ന് വ്യക്തം. മറിച്ച് ഒരു പ്രതിഷേധത്തോടുള്ള തങ്ങളുടെ പുച്ഛം അടക്കിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രമാണ് അതുണ്ടായത്. മറ്റൊരു ഹര്‍ത്താലിനോടുമില്ലാത്തവണ്ണം പ്രതികരിച്ച പോലിസും മുസ് ലിംസമൂഹത്തിന്റെ പ്രതികരണങ്ങളോടുള്ള തങ്ങളുടെ നിലപാടുകളെ തുറന്നുകാട്ടി. ഇ ഡി, എന്‍ഐഎ നടപടികളോട് നിശ്ശബ്ദത നടിച്ചവര്‍ പക്ഷേ, ഹര്‍ത്താലിന്റെ പേരില്‍ പൊട്ടിത്തെറിച്ചത് എല്ലാവരെയും രസിപ്പിച്ചു.

മുസ് ലിംജനതയുടെയും പാര്‍ശ്വവര്‍കൃതരായവരുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ കള്ളക്കേസില്‍ കുടുക്കി അപ്രഖ്യാപിത നിരോധനത്തിലൂടെ കടത്തിവിടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ന്യായമായ പ്രതിഷേധത്തെപ്പോലും ചോരയില്‍മുക്കിക്കൊല്ലാന്‍ നോക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരേ ജനാധിപത്യശക്തികള്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണ് ഇത്.

Next Story

RELATED STORIES

Share it