Articles

വനിതാദിനം; ഒരു വിദ്യാര്‍ഥിനി വായന

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാത്തിമ ഷെറിന്‍ എഴുതുന്നു

വനിതാദിനം; ഒരു വിദ്യാര്‍ഥിനി വായന
X

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചും ആഘോഷിച്ചും കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളൊരുപാട് ആയിരിക്കുന്നു. ചരിത്രത്തിലെന്നും മാറ്റത്തിന്റെ വക്താക്കളായി ഇടം നേടിയിട്ടുള്ളത് വിദ്യാര്‍ത്ഥികളാണെന്നിരിക്കെ സ്ത്രീ മുന്നേറ്റങ്ങള്‍ വിദ്യാര്‍ത്ഥി പക്ഷത്ത് എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

കേരളത്തിലെ കലാലയങ്ങളിലെ ഉയര്‍ന്നുവരുന്ന സ്ത്രീ സാന്നിധ്യം വളരെ മികച്ച നേട്ടം തന്നെയാണ്. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ പഠിതാക്കളില്‍ 77 ശതമാനം വിദ്യാര്‍ത്ഥിനികളാണ്. വിദ്യാസമ്പന്നരായി വളര്‍ന്നുവരുന്ന ഒരു പുതിയ തലമുറയിലേക്ക് സ്ത്രീ സമൂഹം മാറിയിരിക്കുന്നു. എങ്കിലും ലിംഗസമത്വത്തെ കുറിച്ച് വാചാലരാവുന്ന 'പരിഷ്‌കാരി'കളില്‍ നിന്നും ലിംഗ നീതിക്ക് വേണ്ടി ചോദ്യങ്ങളുന്നയിക്കുന്ന മൂല്യബോധമുള്ള സംഘങ്ങളായി മാറുന്നതില്‍ വിദ്യാര്‍ത്ഥിനി പക്ഷം വീഴ്ച വരുത്തുന്നതായി ആശങ്ക പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. കലാലയങ്ങളില്‍ നിന്നുയര്‍ന്ന് വരുന്ന 'വത്തക്ക', 'ഫ്‌ളാഷ് മോബ്' സമരരീതികളും ഈ ചിന്തയെ ബലപ്പെടുത്തുന്നു.

ഇന്ത്യന്‍ ജനാധിപത്യവും, ഇസ്‌ലാമിക വിശ്വാസങ്ങളും സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും വക വച്ച് കൊടുക്കുന്നുണ്ട്. എന്നാല്‍ തുണിയുരിയുന്നതിന് വേണ്ടി മാത്രമാണ് സമരമുറകള്‍ ശക്തമാവുന്നത്. ഈയടുത്താണ് ഓസ്‌കര്‍ പുരസ്‌കാര ജേതാവ് എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജാ റഹ്മാന്‍ നിഖാബണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിനെ സോഷ്യല്‍ മീഡിയ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഹത്യയായി ചിത്രീകരിച്ച് ആഘോഷിച്ചത്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്നിരിക്കെ, ഹിജാബിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. എങ്കിലും ഖദീജാ റഹ്മാന്റെ ധീരമായ നിലപാട് പ്രശംസനീയാര്‍ഹമാണ്. സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ തിളങ്ങിനിന്ന മറ്റൊരു വ്യക്തിയാണ് പവര്‍ലിഫ്റ്റര്‍ മജ്‌സിയ ബാനു.

കരുത്തും ഇഛാശക്തിയുമുള്ളവര്‍ തന്നെയാണ് സ്ത്രീകള്‍. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും വെട്ടുകളെ തടുത്ത് കൊണ്ട് പോരാടിയ ഉമ്മു അമ്മാറയുടെ ജീവിതമാണ് ഇസ്‌ലാമും പഠിപ്പിക്കുന്നത്. തന്റെ നിലപാടുകളില്‍ ധീരതയോടെ ഉറച്ചുനില്‍ക്കുന്ന ഡോ. ഹാദിയമാര്‍ കണ്ണിന് കുളിര്‍മയുള്ള കാഴ്ചകളാണ്. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ, രാഷ്ട്രീയ മുതലെടുപ്പിനായി മുത്വലാഖിന്റെ പേരില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് മുറവിളികള്‍ കൂട്ടുന്നവര്‍ക്ക് മുന്നില്‍ സൈനബുല്‍ ഗസ്സാലിമാരാവാന്‍ വിദ്യാര്‍ത്ഥിനികള്‍ കരുത്ത് നേടേണ്ടതുണ്ട്. പരീക്ഷായിടങ്ങളില്‍ വസ്ത്രമഴിപ്പിച്ച് 'പരിശോധിക്കുന്ന', വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നടപടിയോളം ഹീനമായി ഉയര്‍ത്തിക്കാണിക്കാന്‍ മറ്റൊന്നും ഉണ്ടാവില്ല എന്നത് പരിഗണിക്കപ്പെടേണ്ടതാണ്. അറിവില്ലായ്മയുടെ അന്ധകാരത്തില്‍ നിന്നും ഒരുപാട് ദൂരം നാം മുന്നോട്ട് വന്നിരിക്കുന്നു. ഇന്നത്തെ തലമുറ വിദ്യാസമ്പന്നരാണ്. സ്വന്തമായി ചിന്തിക്കാനും സ്വതന്ത്രമായി വിശകലനം ചെയ്യാനും നീതിയുക്തമായി തിരഞ്ഞെടുക്കാനും അവര്‍ക്ക് കഴിയേണ്ടതുണ്ട്. 'സ്ത്രീ' എന്ന സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെയായിരിക്കണം സ്ത്രീ ശാക്തീകരണം സാധ്യമാക്കേണ്ടത്, അതിനായി അവരുടെ ശബ്ദങ്ങള്‍ തന്നെ ഉയര്‍ന്നുവരണം. നമുക്ക് വേണ്ടി നമ്മള്‍ സംസാരിക്കട്ടെ! അല്ലാത്തപക്ഷം വ്യാഖ്യാനങ്ങളുടെ വഴികള്‍ ഏറെ വികലമായി പോവുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു, ഇക്കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചത് പോലെ.Next Story

RELATED STORIES

Share it