Articles

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

1988 ഏപ്രില്‍ ഏഴാം തിയ്യതിയാണ് ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്.1989 മുതല്‍ മെയ് 31ന് പുകയില വിരുദ്ധദിനം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിച്ചു വരുന്നു.

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഇന്ന് ലോക പുകയില വിരുദ്ധ ദിനം
X

ടി പി എം മുഹ്‌സിന്‍ പകര

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മെയ് 31ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുകയാണ്. പുകയില ഉപയോഗത്തില്‍ നിന്നും അകലം പാലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാറുകളെ പ്രേരിപ്പിക്കുകയുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1988 ഏപ്രില്‍ ഏഴാം തിയ്യതിയാണ് ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്.1989 മുതല്‍ മെയ് 31ന് പുകയില വിരുദ്ധദിനം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിച്ചു വരുന്നു.


ഓരോ വര്‍ഷവും പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. പുകയില ഉല്‍പ്പന്നങ്ങള്‍ ദോഷകരമല്ലെന്നും അപകടം കുറഞ്ഞതാണെന്നും പ്രചരിപ്പിച്ച് മണവും നിറവും വ്യത്യസ്ഥ രുചികളും നല്‍കി പുകയില വ്യവസായ സ്ഥാപനങ്ങള്‍ യുവജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ 'പുകയില കമ്പനികള്‍ യുവാക്കളെ ലക്ഷ്യം വെച്ച് നടത്തുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും പുകയിലനിക്കോട്ടിന്‍ ഉപയോഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുക' എന്ന ശീര്‍ഷകത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സന്ദേശ പ്രചരണമെങ്കില്‍ ഉപേക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടന ചര്‍ച്ച ചെയ്യുന്ന സന്ദേശം. ഉപേക്ഷിച്ചാല്‍ വിജയികളാവാന്‍ സാധിക്കുമെന്നുള്ള ആശയമാണ് പ്രചരിപ്പിക്കുന്നത്.


8 ദശലക്ഷം പേരാണ് ഒരു വര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മൃതിയണിയുന്നത്. പന്ത്രണ്ട് ലക്ഷത്തോളം ഹതഭാഗ്യര്‍ സെക്കന്റ് ഹാന്റ് സ്‌മോക്കിംഗ് (നിഷ്‌ക്രിയ ധൂമപാനം) മൂലവും തേര്‍ഡ് ഹാന്റ് സ്‌മോക്കിംഗ് മൂലവും മരണം വരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വൈറസ് അതി ശക്തമായി വ്യാപിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണ പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടികൂടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുകവലിക്കുന്നവരിലും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരിലും എ.സി.ഇ 2 എന്‍സൈമുകള്‍ കൂടുതലായതിനാല്‍ വൈറസിന്റെ ശ്വാസകോശ പ്രവേശനം എളുപ്പത്തിലാക്കും. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യത്തില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ് ടാര്‍. ശ്വാസ കോശത്തിലെ ചെറു കോശങ്ങളില്‍ പുരളുന്ന ടാര്‍ പിന്നീട് കോശങ്ങളെ അര്‍ബുദ രോഗങ്ങള്‍ക്ക് പാകപ്പെടുത്തുന്നു. മഹാമാരിയായി കോവിഡിനെ പരിഗണിക്കുന്ന ആഗോള സമൂഹം ഏറ്റവും വലിയ മനുഷ്യക്കുരുതി നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളെ വന്‍ തോതില്‍ സ്വീകരിക്കുന്നു. 30 കോടിയിലധികം ജനങ്ങള്‍ ഇന്ത്യയില്‍ മാത്രം പുകയില ഉപയോഗിക്കുന്നവരാണ്. ഒരു ദിവസം പുതുതായി ആറായിരിത്തിലധികം പേര്‍ ഈ ചങ്ങലയില്‍ കണ്ണികളാവുന്നു. സിഗിരറ്റും ബീഡിയും ഹുക്കയും പാന്‍ മസാലയും ഗുഡ്ക്കയും ഹൃദയങ്ങള്‍ കവരുകയും പിന്നീട് ജീവിതം കവര്‍ന്നെടുക്കുകയും ചെയ്യുന്നു.


മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും പടരുന്നു എന്നുള്ളതിനാലാണ്. രക്താര്‍ബുദം, മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍, അന്നനാള കാന്‍സര്‍, വൃക്കയുടെ കാന്‍സര്‍, സ്വനപേടകത്തിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം, വായക്കുള്ളിലെ കാന്‍സര്‍, ആഗ്‌നേയ ഗ്രന്ഥിയുടെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍, ഹൃദയസ്തംഭനം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ്, രക്തസമ്മര്‍ദ്ദം, മാസം തികയാതെ പ്രസവിക്കല്‍, വന്ധ്യത, കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം, ബലക്ഷയം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാകുന്നു. അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ലോക മഹായുദ്ധങ്ങളില്‍ വന്ന ആള്‍ നാശത്തേക്കാള്‍ വന്‍ നഷ്ടങ്ങളാണ് പുകയില ലോകത്തിന് നല്‍കുന്നത്.


പുകയിലയില്‍ നാലായിരത്തിലേറെ രാസഘടകങ്ങള്‍ കണ്ടുവരുന്നുണ്ട്. 250ല്‍ അധികം ഘടകങ്ങള്‍ മനുഷ്യാരോഗ്യത്തിന് അപകടകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിക്കോട്ടിന്‍,ബറ്റാഡിന്‍, ആര്‍സെനിക്, ബെന്‍സീന്‍ തുടങ്ങിയവയാണ് പുകയിലയില്‍ കാണുന്ന അപകടകരമായ രാസഘടകങ്ങള്‍. ഇതില്‍ 70 ല്‍ അധികം രാസഘടകങ്ങള്‍ അര്‍ബ്ബുദത്തിന് കാരണമാകുന്നെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.ഒരു സിഗിരറ്റ് ആയുസ്സില്‍ നിന്നും അപഹരിക്കുന്നത് 11 മിനിറ്റാണത്രേ. പുകവലിക്കുന്ന വ്യക്തിയും പുകവലിക്കാത്ത വ്യക്തിയും തമ്മിലുള്ള ആയുസ്സിന്റെ വ്യത്യാസം ശരാശരി 10 വര്‍ഷമാണെന്ന് പഠനങ്ങള്‍ സാക്ഷി പറയുന്നു.


പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കായി പ്രതിവര്‍ഷം 1500 കോടിയിലധികം കേരളം ചിലവഴിക്കുന്നു. പുകയില ജന്യ അസുഖങ്ങള്‍ക്ക് ചിലവഴിക്കുന്ന സംഖ്യയുടെ 20 ശതമാനം പോലും വരില്ല പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന റവന്യു വരുമാനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് നഷ്ടക്കണക്ക് പ്രതിപാദിച്ചിരിക്കുന്നത്. ജി.എസ്.ടിയും സെസ്സുമടക്കം ഉല്‍പ്പന്ന വിലയേക്കാള്‍ 120 ശതമാനം നികുതി ഈടാക്കിയാണ് കേരളത്തില്‍ സിഗിരറ്റുകള്‍ വില്‍ക്കുന്നത്.


പുകയിലയില്‍ നിന്നുള്ള മോചനം സാധ്യമോ?പുകവലിയടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് നിര്‍ത്തുന്നത് ശരീരത്തിന് ഹാനീകരമാണെന്ന ധാരണ ശരിയല്ല. നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയിഡ് ക്രമാതീതമായി ശരീര കോശങ്ങളില്‍ നിന്നും കുറഞ്ഞ് വരുമ്പോളുണ്ടാകുന്ന തലവേദന, ഉറക്കമില്ലായ്മ,വിശപ്പ്, ദേഷ്യം തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് നിക്കോട്ടിന്‍ റീപ്ലേസ്മന്റ് മരുന്നുകള്‍ (നിക്കോട്ടിന്‍ വിരുദ്ധ ഘടകങ്ങള്‍ ചേര്‍ന്ന നിക്കോട്ടിന്‍ തിരിച്ചെടുക്കുന്ന) ഫലപ്രദമായ ചികിത്സയാണ്. വ്യായാമവും വിനോദവും കുടുംബാന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും ഇത്തരക്കാര്‍ക്ക് പുതിയ ജീവിതത്തിലേക്ക് കടന്നു വരാനുള്ള സാധ്യതയൊരുക്കും.രാഷ്ട്രത്തിന്റെ വളര്‍ച്ചാ നിരക്ക് വരേ യുവജനങ്ങളുടെ വിഭവ ശേഷിയെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. പുകയില അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നുള്ള അകല്‍ച്ച രാഷ്ട്ര പുന:നിര്‍മ്മാണ പ്രവത്തനങ്ങളില്‍ അവരെ സജീവമാക്കുന്നതിനോടൊപ്പം നാടിന്റെ വളര്‍ച്ചക്കും കാരണമാകുന്നു.


മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോളും വാക്‌സിനടക്കമുള്ള പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുത്ത് വലിയ പോരാട്ടമാണ് ലോകത്ത് നടക്കുന്നത്. വെറുതെ വീട്ടിലിരിക്കുന്നത് വരേ പോരാട്ടത്തിന്റെ ഗണത്തില്‍ എഴുതിച്ചേര്‍ക്കുന്ന സാഹചര്യം. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിച്ച് കൊണ്ട് പ്രതിജ്ഞ പുതുക്കാന്‍ തയ്യാറാവണം. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധം ആയുധം താഴെവെച്ച് കീഴടങ്ങാനുള്ളതല്ല. അതിജീവിക്കുന്ന ജനതയെന്നത് ഒരു പൊങ്ങച്ചമാവരുത്. പുകച്ചുരുളുകളില്ലാത്ത പുതിയ പ്രഭാതം പുലരട്ടെ.


(ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)
Next Story

RELATED STORIES

Share it