Articles

സെന്‍കുമാറിന്റെ സംഘപരിവാര സേവനങ്ങള്‍

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കണ്ണൂര്‍ ജില്ലയില്‍പ്പോലും ആര്‍.എസ്.എസുകാര്‍ പോലിസിനെ നിയന്ത്രിക്കുന്ന നിലയിലെത്തിയത് ടി.പി സെന്‍കുമാര്‍ പോലിസ് മേധാവിയായിരിക്കേയാണ്. ആര്‍.എസ്.എസുകാരുടെ പരാതിയില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പോലും പോലിസ് യു.എ.പി.എ ചുമത്തി വേട്ട തുടര്‍ന്നു.

സെന്‍കുമാറിന്റെ സംഘപരിവാര സേവനങ്ങള്‍
X

പി.സി അബ്ദുല്ല

സെന്‍കുമാര്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തലവനായ കാലം കേരളത്തിലെ മ.മുഖ്യധാരാ പപ്പാരാസി പത്രങ്ങളുടെ സുവര്‍ണ കാലമായിരുന്നു. സംസ്ഥാന ഇന്റലിജന്‍സിനെ ഉദ്ധരിച്ചു ദിനംപ്രതി സംഭ്രാമജനകമായ വാര്‍ത്തകള്‍. ലൗ ജിഹാദ് മുതല്‍ ഹവാല, ഐ.എസ് അപസര്‍പ്പക കഥകളുടെ കുത്തൊഴുക്ക്. എല്ലാ കഥകളിലും പ്രതിസ്ഥാനത്ത് മുസ്‌ലിം സമുദായം. അന്ന് ഇന്റലിജന്‍സിനെ വിശ്വസിച്ച് അത്തരം വാര്‍ത്തകള്‍ എഴുതിയ ഒരു മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ടി.പി സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധം സ്ഥിരീകരിക്കപ്പെട്ടതോടെ ഫേസ്ബുക്ക് ലൈവില്‍ വന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് കണ്ണടച്ചു വിശ്വസിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞതു വ്യക്തമാക്കുകയുണ്ടായി.

തിരുവനന്തപുരം കേന്ദ്രീകരിച്ചു സംസ്ഥാന ഇന്റലിജന്‍സിന്റെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിച്ച മാധ്യമ സിന്‍ഡിക്കേറ്റില്‍ നിന്നാണ് സ്‌ഫോടനാത്മകമായ ലൗ ജിഹാദ് നുണകള്‍ ഉദ്ഭവിച്ചത്. ഒരു മഞ്ഞപത്രത്തില്‍ നിന്ന് ഒരു കോട്ടയം പൈങ്കിളി പത്രത്തിലേക്കു വ്യാജ പേരില്‍ ചേക്കേറിയ ഒരാളായിരുന്നു സൂത്രധാരന്‍. അയാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പിന്‍വാതില്‍ അടുപ്പക്കാരനാണെന്നതു തിരുവനന്തപുരത്തെ പരസ്യമായ രഹസ്യമാണ്. നമ്പി നാരായണനെതിരായ ചാരക്കേസ് ഉദ്ഭവിച്ചതും ഇതേ മാധ്യമപോലിസ് ഉപജാപകശാലകളില്‍ നിന്നായിരുന്നു. ഒരു മന്ത്രിയുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് കേസില്‍ തിരുവനന്തപുരത്തെ വ്യാജ വാര്‍ത്തകളുടെ അപ്പോസ്തലന്‍മാര്‍ അഴിക്കുള്ളിലായെങ്കിലും ആ സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. നമ്പി നാരായണനെ കുടുക്കാന്‍ ടി.പി സെന്‍കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് അടുത്തിടെയും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

1982ലെ കേരള കേഡര്‍ ഐ.പി.എസുകാരനാണ് ടി.പി സെന്‍കുമാര്‍. വിവാദങ്ങളുടെ തോഴനെന്നതിലുപരി മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ച പോലിസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹമെന്ന വിവരങ്ങളാണ് ഓരോന്നായി ഇപ്പേങറ്റ പുറത്തുവരുന്നത്. സര്‍വീസിലിരിക്കെ താന്‍ നടത്തിയ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ കൃത്യമായ അജണ്ടയുടെ ഭാഗമായിരുന്നുവെന്നു സ്ഥാപിക്കുന്നതാണ് വിരമിച്ച ശേഷം സെന്‍കുമാറില്‍ നിന്നുണ്ടാവുന്ന വെളിപ്പെടുത്തലുകള്‍.

യു.എ.പി.എ നിയമത്തിന്റെ വിവേചനപരമായ ദുരുപയോഗം, ലൗ ജിഹാദ് നുണപ്രചാരണം, മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തല്‍, മുസ്‌ലിംവേട്ടയുടെ ഭാഗമായി ഇസ്‌ലാമിക പ്രസാധകശാലകളില്‍ നടന്ന പോലിസ് റെയ്ഡ്, മനുഷ്യക്കടത്ത് ആരോപിച്ചു കേരളത്തിലെ യത്തീംഖാനകള്‍ക്കു താഴിടാന്‍ ഇന്റലിജന്‍സും പോലിസും നടത്തിയ ശ്രമങ്ങള്‍, ഇസ്‌ലാമിക പ്രബോധകര്‍ക്കെതിരായ പോലിസിന്റെ കള്ളക്കേസുകള്‍ തുടങ്ങി ടി.പി സെന്‍കുമാറിന്റെ കാലത്തെ പോലിസ് നടപടികള്‍ പുനരന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. ടി.പി സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായ ഉടനെ രഹസ്യാന്വേഷണ വിഭാഗം 268 പേരുടെ ഇ-മെയില്‍ ഐ.ഡി ചോര്‍ത്തിയെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു. ഇ-മെയില്‍ ചോര്‍ത്തപ്പെട്ടവരില്‍ 257 പേരും മുസ്‌ലിംകളായിരുന്നു. ഇവര്‍ക്കു സിമിയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇ-മെയില്‍ ചോര്‍ത്തിയത്. പാര്‍ലമെന്റംഗം, മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, മുസ്‌ലിം പ്രഫഷനലുകളായ യുവാക്കള്‍ തുടങ്ങിയവരാണ് ഇ-മെയില്‍ ചോര്‍ത്തിയതായി ഒരു വാരിക പുറത്തുവിട്ട ലിസ്റ്റില്‍ ഉണ്ടായിരുന്നത്.



അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) തിരുവനന്തപുരം പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അസിസ്റ്റന്റ് കമാന്‍ഡറോടാണ് സിമി ബന്ധമുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത്. ടി.പി സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം അന്നത്തെ പോലിസ് സൂപ്രണ്ട് കെ.കെ ജയമോഹനാണ് ഇതുസംബന്ധിച്ചു ഹൈടെക് സെല്ലിനു കത്ത് നല്‍കിയത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരേ നടപടിയൊന്നും സ്വീകരിച്ചില്ല. അതേസമയം, വാരികയ്ക്കു രേഖകള്‍ ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് ഒരു പോലിസുകാരനെ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സംസ്ഥാന പോലിസില്‍ സര്‍വതന്ത്ര സ്വതന്ത്രനും ശക്തനുമായിരുന്നു ടി.പി സെന്‍കുമാര്‍. സര്‍ക്കാര്‍ നയങ്ങളെ കാറ്റില്‍പ്പറത്തിയും ഘടകകക്ഷിയായ മുസ്‌ലിംലീഗ് അടക്കമുള്ളവരെ പാടെ അവഗണിച്ചും ഒരു പ്രത്യേക സമുദായത്തിനെതിരേ കൊണ്ടുപിടിച്ച നീക്കങ്ങളാണ് പോലിസില്‍ നിന്നും ഇന്റലിജന്‍സില്‍ നിന്നും അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിക്കാരും മറ്റും നല്‍കിയ പരാതികളില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പോലിസ് യു.എ.പി.എ കരിനിയമം ചുമത്തി. യു.ഡി.എഫ് കാലയളവില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ 161 കേസുകളിലാണ് യു.എ.പി.എ ചുമത്തപ്പെട്ടത്. ലഘുലേഖാ വിതരണം, മുദ്രാവാക്യം വിളി, നിയമവിധേയമായ പുസ്തകങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവയുടെ പേരിലൊക്കെ പോലിസ് യു.എ.പി.എ ചുമത്തി പൗരന്‍മാരെ വേട്ടയാടി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കണ്ണൂര്‍ ജില്ലയില്‍പ്പോലും ആര്‍.എസ്.എസുകാര്‍ പോലിസിനെ നിയന്ത്രിക്കുന്ന നിലയിലെത്തിയത് ടി.പി സെന്‍കുമാര്‍ പോലിസ് മേധാവിയായിരിക്കെയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍പ്പോലും ആര്‍.എസ്.എസുകാരുടെ പരാതിയില്‍ പോലിസ് യു.എ.പി.എ ചുമത്തി വേട്ട തുടര്‍ന്നിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ മൗനം പാലിച്ചു.

ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ നേരത്തേ യ.എ.പി.എ ചുമത്തിയ കേസുകള്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. 161 യു.എ.പി.എ കേസുകളില്‍ 146ഓളം നിലനില്‍ക്കില്ലെന്നു കണ്ടെത്തി. നിലവിലുള്ള യു.എ.പി.എ കേസുകളില്‍ മാവോവാദിവേട്ടയുമായി ബന്ധപ്പെട്ടവയില്‍ ഇടതു സര്‍ക്കാരും ഒളിച്ചുകളി നടത്തുകയാണ്.



ടി.പി സെന്‍കുമാര്‍ ഇന്റലിജന്‍സ് പോലിസ് മേധാവിയായിരിക്കെ ഇതരസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ യത്തീംഖാനകളിലേക്കു കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായാണ് പോലിസ് ചിത്രീകരിച്ചത്. വയനാട്ടിലെയും മലപ്പുറത്തെയുമൊക്കെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്നു വരുകയായിരുന്ന കുട്ടികളെ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നിരവധി സംഭവങ്ങളും അരങ്ങേറി. കശ്മീര്‍ തീവ്രവാദികളുടെ സങ്കേതമായി കേരളത്തിലെ യത്തീംഖാനകള്‍ മാറുന്നുവെന്ന ആര്‍.എസ്.എസ് ആരോപണത്തിന്റെ മറപിടിച്ചാണ് സെന്‍കുമാറിന്റെ പോലിസ് കുട്ടികളെ വഴിയില്‍ തടഞ്ഞു പീഡിപ്പിച്ചത്.

'തേജസ്' ദിനപത്രത്തിനെതിരേ ടി.പി സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കെ നടത്തിയ നീക്കങ്ങളാണ് പത്രം അച്ചടിനിര്‍ത്തുന്നതില്‍ കലാശിച്ചത്. ഹിന്ദുത്വ ഭീകരതയ്ക്കും വര്‍ഗീയ ഫാഷിസത്തിനെതിരേയും വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പേരില്‍ കാലങ്ങളായി ആര്‍.എസ്.എസ് ആസ്ഥാനങ്ങളില്‍ നിലനിന്ന അസഹിഷ്ണുത പരാതികളായി ഇന്റലിജന്‍സ് ശേഖരിച്ചു. അതെല്ലാമാണ് റിപോര്‍ട്ടുകളായി അതേപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചത്.

അതിന്റെ മറവിലാണ് കേരള സര്‍ക്കാരും പിന്നീട് കേന്ദ്രസര്‍ക്കാരും 'തേജസി'നു പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. കല്ലുവച്ച നുണകളാണ് 'തേജസി'നെതിരേ ഇന്റലിജന്‍സ് റിപോര്‍ട്ടെന്ന പേരില്‍ തയ്യാറാക്കപ്പെട്ടത്. ആരോപണങ്ങളെ വസ്തുതാപരമായി ഖണ്ഡിച്ചിട്ടും 'തേജസി'നു പരസ്യമടക്കമുള്ള ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടിയില്ല എന്നുമാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ഇന്റലിജന്‍സ് നുണകളെ തൊണ്ടതൊടാതെ വിഴുങ്ങി നിയമസഭയിലും മറ്റും ആവര്‍ത്തിക്കുകയും ചെയ്തു.

സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കെയാണ് കേരളത്തില്‍ ലൗ ജിഹാദില്ലെന്നു ഹൈക്കോടതിയും വ്യക്തമാക്കിയത്. എന്നാല്‍, സര്‍വീസില്‍ നിന്നു വിരമിച്ച് അടുത്തനാള്‍ 'ജന്മഭൂമി' പത്രത്തിന്റെ പരിപാടിയില്‍ സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുവെന്ന ആരോപണം സെന്‍കുമാര്‍ ആവര്‍ത്തിച്ചു.



ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഡി.ജി.പിസ്ഥാനത്തുനിന്നു പുറന്തള്ളപ്പെട്ട സെന്‍കുമാറിനെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചു. ഡി.ജി.പിസ്ഥാനം നഷ്ടപ്പെട്ട മൂന്നാം നാള്‍ അഭിമുഖത്തിലാണ് മുസ്‌ലിംകള്‍ക്കെതിരേ വിഷംചീറ്റുന്ന സെന്‍കുമാറിന്റെ യഥാര്‍ഥ മനസ്സും ഭാഷയും പുറത്തുവന്നത്. കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാവുന്നുവെന്ന തരത്തിലുള്ള കണക്കുകളുമായാണ് ആര്‍.എസ്.എസിനെ വെല്ലുന്ന ഭാഷ്യവുമായി പോലിസ് മേധാവി രംഗത്തെത്തിയത്. കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്‌ലിംകളാണെന്നും മുസ്‌ലിം ജനസംഖ്യ 27 ശതമാനം വരുമെന്നും മറ്റുമായിരുന്നു പരാമര്‍ശം. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ജനനനിരക്കില്‍ മുസ്‌ലിംകളുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ധന ആപത്‌സൂചനയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനിടയാക്കി. മുസ്‌ലിം സമുദായത്തിനെതിരേ വാസ്തവവിരുദ്ധവും പ്രകോപനപരമായതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഡി.ജി.പിക്ക് ലഭിച്ച എട്ടു പരാതികളില്‍ സെന്‍കുമാറിനെതിരേ പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുത്വ വര്‍ഗീയത അപകടകരമല്ലെന്നും ഇസ്‌ലാമിക തീവ്രവാദമാണ് അപകടമെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും സെന്‍കുമാര്‍ നടത്തി.

'മലയാളം' വാരികയിലെ അഭിമുഖം വന്‍ വിവാദമുയര്‍ത്തിയെങ്കിലും സെന്‍കുമാര്‍ ഇതേവരെ തന്റെ പരാമര്‍ശം നിഷേധിച്ചിട്ടില്ല. വാരികയ്ക്കു നല്‍കിയത് അഭിമുഖമല്ലെന്നും ലേഖകനുമായി നടത്തിയ സ്വകാര്യ സംഭാഷണം അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്ന വാദത്തിലൂന്നിയുമാണ് സെന്‍കുമാര്‍ കേസിനെ നേരിടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിയമസഭയിലും മറ്റും സെന്‍കുമാറിനെതിരേ വാചാടോപങ്ങള്‍ നടത്തുമ്പോഴും ഈ കേസില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനു കീഴിലുള്ള ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് സെന്‍കുമാറിന് അനുകൂലമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. സെന്‍കുമാറുമായി ലേഖകന്‍ സംസാരിച്ചതിന്റെ തെളിവുകള്‍ ലേഖകന്റെ മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചില്ലെന്ന ഫോറന്‍സിക് റിപോര്‍ട്ടാണ് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. വാരികയും ലേഖകനും ഹാജരാക്കിയ സി.ഡിയില്‍ എഡിറ്റിങ് നടന്നുവെന്ന ആരോപണവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും കള്ളക്കളി വെളിപ്പെടുത്തുന്നതാണ്.

Next Story

RELATED STORIES

Share it