Articles

മരവിപ്പിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം: ആശയും ആശങ്കയും

മരവിപ്പിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം: ആശയും ആശങ്കയും
X

അഡ്വ മധുസൂദനന്‍

രാജ്യത്തെ പരമോന്നത നീതിപീഠം മെയ് 11ാം തിയ്യതി പുറപ്പെടുവിച്ച രാജ്യദ്രോഹ കുറ്റം മരവിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പിനെ സംബന്ധിച്ച വിധി വളരെ ചരിത്രപ്രാധാന്യമുള്ളതായി ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കാത്ത ദോഷൈകദൃക്കല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം പ്രസ്തുത വിധിയിലെ ആഘോഷസാധ്യത തള്ളിക്കളയാനാവില്ല. ഇതില്‍ കാര്യമാത്രപ്രസക്തമായ ഒന്നും ഇല്ല എന്ന മറുവാദവും ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉന്നയിക്കപ്പെടുന്നുമുണ്ട്. ആ വിധിന്യായത്തില്‍ എട്ടാമത്തെ ഖണ്ഡികയില്‍ അഞ്ച് ഉപഖണ്ഡികകളിലാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതു വളരെ സസൂക്ഷ്മം പരിശോധിക്കുമ്പോള്‍ ഈ മറുവാദത്തിന്റെ സാധ്യത തെളിഞ്ഞുകിട്ടും. ഉദാഹരണത്തിന് 8 ബി പ്രകാരം സുപ്രിംകോടതി സംസ്ഥാനങ്ങളും കേന്ദ്ര ഗവണ്‍മെന്റും 124എ പ്രകാരമുള്ള പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും അതിനെ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ തുടരുകയില്ലാ എന്നും അതിനെ സംബന്ധിച്ച് കര്‍ശനമായ നടപടികളൊന്നും എടുക്കുകയില്ലാ എന്നും ഞങ്ങള്‍ ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു (We hope and expect) എന്ന പരാമര്‍ശമാണ് നടത്തിയിട്ടുള്ളത്. അത് യഥാര്‍ഥത്തില്‍ ഒരു പ്രതീക്ഷ മാത്രമായിട്ട് മാറുന്നു. ഒരു ഉത്തരവായി മാറുന്നുണ്ടോ എന്നതാണ് ഇവിടെ ചര്‍ച്ചയുടെ മര്‍മ്മം. ഒരു കല്‍പനയായിരുന്നുവെങ്കില്‍ ആ കല്‍പന ലംഘിച്ചാല്‍ അതിനെ സംബന്ധിച്ച് കോടതിയലക്ഷ്യ കേസുകളിലേക്ക് എത്തിപ്പെടാന്‍ കഴിയും. പക്ഷേ, അങ്ങനെ ഒരു വിധി അഥവാ ഉത്തരവ് ഇല്ലാത്തിടത്തോളം അതിനെ എങ്ങനെയാണ് നമുക്ക് പരമോന്നത നീതിപീഠത്തിന്റെ ഒരു ഇടക്കാല വിധിയായി കണക്കാക്കാന്‍ കഴിയുക എന്ന സംശയം വളരെ പ്രസക്തമായിട്ടുള്ളതാണ്. കാരണം, അതിന്റെ 8 സി മൂന്നാമത്തെ ഉപവകുപ്പ് പറയുന്നത്, യാതൊരു വിധത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടരുത് എന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം എന്നു മാത്രമാണ്. ഏതെങ്കിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയാണെങ്കില്‍ അതില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ബന്ധപ്പെട്ട കോടതികളെ സമീപിച്ച് പരിഹാരങ്ങള്‍ തേടാവുന്നതാണ് എന്നു സുപ്രിംകോടതി പറയുമ്പോള്‍ നേരത്തേ പറഞ്ഞ Hope and expectലാണ് കക്ഷികളുടെയും ആശയും പ്രതീക്ഷയും. അതൊരു ജലരേഖയല്ലേ എന്നതാണു സംശയം. അതൊരു കല്‍പനയുടെ തലത്തിലേക്കു മാറുന്നില്ല എന്ന സംശയം ന്യായമായും ഉദിക്കുന്നുണ്ട്. ഇതൊരു കല്‍പനാഭാഷയിലായിരുന്നുവെങ്കില്‍ ആ കല്‍പന ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടികളിലേക്കു പോകാന്‍ കഴിയും.

പ്രതീക്ഷയും പ്രത്യാഘാതവും

അതേസമയം, 8 ഡിയില്‍ പ്രതീക്ഷ നല്‍കുന്ന വിധത്തില്‍ ചിലത് ഉണ്ട് എന്നു വേണമെങ്കില്‍ പറയാം. കാരണം, നിലവില്‍ 124എ പ്രകാരം വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍, അപ്പീലുകള്‍, മറ്റു നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുകയാണെങ്കില്‍ അതിലെ 124എ വകുപ്പ് ഒഴിവാക്കപ്പെടണം. ആ തരത്തില്‍ യാതൊരു കാരണവശാലും മുന്നോട്ടു കൊണ്ടുപോവാന്‍ പാടില്ല എന്ന് സുപ്രിംകോടതി പറയുന്നുണ്ട്. 124എ പ്രകാരമുള്ള കുറ്റകൃത്യങ്ങളെ മരവിപ്പിച്ചുകൊണ്ട് ബാക്കിയുള്ള കുറ്റകൃത്യങ്ങളെ മുന്നോട്ടു കൊണ്ടുപോവാന്‍ കോടതികള്‍ക്ക് അനുമതി കൊടുക്കുന്നു. യുഎപിഎ കേസുകളെ സംബന്ധിച്ച് മിക്കവാറും അനുബന്ധമായി 124എ വകുപ്പ് കൂടിയുണ്ടാവും. അപ്പോള്‍ അത്തരത്തിലുള്ള കേസുകളില്‍ 124എ മാറ്റിവച്ചുകൊണ്ട് മറ്റു വകുപ്പുകളിലെ വിചാരണയുമായി മുന്നോട്ടുപോവാന്‍ കഴിയുന്നതാണ്. വിചാരണ നീണ്ടുപോവുന്നതിനുള്ള സാധ്യത കടന്നുവരാം. കാരണം, 124എ റദ്ദ് ചെയ്യാത്തിടത്തോളം അത് മരവിപ്പിച്ചുവച്ചിരിക്കുന്നിടത്തോളം മറ്റു വകുപ്പുകളുടെ വിചാരണ മുന്നോട്ടുകൊണ്ടുപോയി കേസിനു തീര്‍പ്പുകല്‍പിച്ചുകഴിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പിന്നീടുള്ള 124എയുടെ കേസുകള്‍ തീര്‍പ്പാക്കുന്ന ഘട്ടത്തില്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള വിഷയം ഈ വിചാരണ കോടതികളുടെ, അല്ലെങ്കില്‍ അപ്പീല്‍ കോടതികളുടെ മുമ്പാകെ വരുന്നതാണ്. അഞ്ചാമത്തെ വകുപ്പ് പറയുന്നത് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കണം എന്നാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും യൂനിയന്‍ ടെറിറ്ററികള്‍ക്കും 124എയുടെ ദുരുപയോഗം തടയുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കണം എന്നു പറയുമ്പോള്‍ 124എ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം തടയല്‍ മാത്രമേ സുപ്രിംകോടതി ഉദ്ദേശിക്കുന്നുള്ളൂവെന്നാണു മനസ്സിലാവുന്നത്. ഇതു താഴെ കോടതികള്‍ക്കും അതിന്റെ അപ്പീല്‍ കോടതികള്‍ക്കും ഒരുപക്ഷേ, ആശയക്കുഴപ്പവും അങ്കലാപ്പുമുണ്ടാക്കുന്നതാണ്. കാരണം, ഉപയോഗം ഉണ്ടെങ്കിലല്ലേ ദുരുപയോഗത്തിന് പ്രസക്തിയുള്ളൂ. ഇവിടെ ഉപയോഗമുണ്ട് എന്ന അര്‍ഥത്തിലേക്ക് സുപ്രിംകോടതി എത്തുന്നില്ലേ എന്ന ഒരു പ്രശ്‌നം കടന്നുവരുന്നു. ഇനി ഇതെല്ലാം തന്നെ അടുത്ത ഉത്തരവു വരെ നീണ്ടുപോവുന്നതാണ് എന്ന പരാമര്‍ശവുമുണ്ട്. ഇനി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഈ പറഞ്ഞ അഞ്ചു നിര്‍ദേശങ്ങളും നിലനില്‍ക്കും എന്നും സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ഈ കേസ് വാദിക്കുന്നതിനു വേണ്ടി ജൂലൈ മൂന്നാമത്തെ ആഴ്ചയിലേക്ക് സുപ്രിംകോടതി മാറ്റിവച്ചിരിക്കുന്നു.


കോളനി ഭരണത്തിന്റെ വിഴുപ്പ്

എന്നാല്‍, ഒരു കാര്യം വളരെ പ്രസക്തമാണ്. ഈ കേസ് ആദ്യം വാദത്തിനുവേണ്ടി വന്നപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് പറഞ്ഞതുതന്നെയാണ് ഇപ്പോള്‍ 2021ല്‍ ഈ കേസ് വാദത്തിനുവേണ്ടി വന്നപ്പോള്‍ സുപ്രിംകോടതി പറഞ്ഞതും. മഹാത്മാഗാന്ധിയെയും തിലകനെയും എല്ലാം തന്നെ രാജ്യദ്രോഹിയായി മുദ്രകുത്തിയ ഒരു വിദേശി ഗവണ്‍മെന്റ് ഉപയോഗിച്ച നിയമം സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപഹാസ്യമാണ് എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. അതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കേണ്ട ഒരു ആവശ്യകത ഉണ്ടായിരുന്നു. പലപ്പോഴും കോടതി കേന്ദ്ര ഗവണ്‍മെന്റിന്റെ ആവശ്യാനുസരണം സമയങ്ങള്‍ നീട്ടിക്കൊടുത്തിട്ടുണ്ട്. 15-07-21നാണ് ചീഫ് ജസ്റ്റിസ് രമണ അങ്ങനെ പറഞ്ഞത്. അതിനു ശേഷം ഈ കേസ് വാദത്തിനെടുത്തത് 27-04-22നാണ്. അന്ന് സോളിസിറ്റര്‍ ജനറല്‍ രണ്ടുമൂന്നു ദിവസത്തെ സമയം ആവശ്യപ്പെട്ടു. കോടതി ആ ആവശ്യം അംഗീകരിച്ചു. 05-05-22ന് വീണ്ടും സോളിസിറ്റര്‍ ജനറല്‍ സമയം നീട്ടിക്കിട്ടുന്നതിന് അപേക്ഷിച്ചു. അപ്പോള്‍ കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് 7-05-22ന് ഒരു റിട്ടണ്‍ സബ്മിഷന്‍ മാത്രമാണ് ഫയല്‍ ചെയ്തത്. 124എയുടെ ആവശ്യകത ഊന്നിക്കൊണ്ടായിരുന്നു റിട്ടണ്‍ സബ്മിഷന്‍ ഫയല്‍ ചെയ്തത്. അതിനൊരു കാരണം കേദാര്‍നാഥ് കേസ്, അഞ്ച് ജഡ്ജിമാരുടെ വിധിയായിരുന്നു. കേദാര്‍നാഥ് കേസില്‍ 124എ ഒരിക്കലും റദ്ദ് ചെയ്യപ്പെടുകയുണ്ടായിട്ടില്ല. അതു റീഡൗണ്‍ ചെയ്യുകയാണ്, അല്ലെങ്കില്‍ ചുരുക്കെഴുത്ത് നടത്തുകയാണ് ഉണ്ടായത്. അതുപ്രകാരം ഒരാളുടെ സംസാരം എത്രമാത്രം അക്രമാസക്തമായി മാറുന്നു എന്നതിനനുസരിച്ചു മാത്രമേ ഈ 124എ എടുക്കാന്‍ പാടുള്ളൂ എന്ന് കേദാര്‍നാഥിലും പിന്നീടുണ്ടായ ബല്‍വീര്‍ സിങിന്റെ കേസിലും സുപ്രിംകോടതി ഉത്തരവിട്ടു. കാരണം, പാര്‍ലമെന്റില്‍ ഇരുന്നുകൊണ്ട് ഖലിസ്ഥാന്‍ സിന്ദാബാദ് എന്നു പറഞ്ഞ ബല്‍വീര്‍ സിങിന്റെ കേസിലും അതായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. ഈയടുത്ത കാലത്ത് സുപ്രിംകോടതി കേദാര്‍നാഥ് കേസ് ഒരിക്കല്‍കൂടി തിരുത്തിയെഴുതാതെ അതിനോട് അനുബന്ധമായി അനുകൂലിച്ചുകൊണ്ട് ഒന്നുകൂടി ബലപ്പെട്ട നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയം ഇനി അഞ്ചംഗ ബെഞ്ചിനു മാത്രമേ തിരുത്താന്‍ പറ്റൂ. കാരണം, മൂന്നംഗ ബെഞ്ചിന് അഞ്ചംഗ ബെഞ്ചിന്റെ ഒരു വിധിയെ തിരുത്താനാവില്ല. മൂന്നംഗ ബെഞ്ച് അഞ്ചംഗ ബെഞ്ചിലേക്ക് റഫര്‍ ചെയ്ത് അഞ്ചംഗ ബെഞ്ചിന്റെ നേരത്തേ ഉണ്ടായിരുന്ന വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന ഒരു ഫോറത്തില്‍ മാത്രമേ ഒരുപക്ഷേ, ഈ കേസ് തീര്‍പ്പാക്കാന്‍ കഴിയൂ എന്നൊരു അഭിപ്രായം പൊതുവില്‍ ഉയര്‍ന്നുവന്നേക്കാം. കേന്ദ്രഗവണ്‍മെന്റ് അങ്ങനെയൊരു വാദമുഖം മുന്നോട്ടുവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


മോദിയുടെ കാലത്തെ കോടതികള്‍

മറ്റൊരു കാര്യം നമ്മുടെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. കോടതികളുടെ അന്തസ്സ് വളരെ ഇടിഞ്ഞുപോയൊരു കാലമായിരുന്നു അടിയന്തരാവസ്ഥക്കാലം. പലപ്പോഴും അപമാനിക്കപ്പെടുന്ന രൂപത്തിലുള്ള ഒരു പരമോന്നത കോടതിയെയാണ് അന്നു നമ്മള്‍ കണ്ടത്. അല്ലെങ്കില്‍ സ്വയം അപഹാസ്യമായ ഒരു പരമോന്നത കോടതി. 1979നു ശേഷം തങ്ങളുടെ മൂല്യം നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കി സുപ്രിംകോടതി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുവേണ്ടി കുറേയധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. തടവില്‍ കിടക്കുന്ന മനുഷ്യരുടെ കാര്യത്തിലെ ജാഗ്രത, കണ്ണ് കുത്തിപ്പൊട്ടിക്കപ്പെട്ട മനുഷ്യനോടുള്ള നീതി, പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ട മേനകാ ഗാന്ധി കേസ് അങ്ങനെ വളരെ ആഘോഷിക്കപ്പെട്ട വിധിന്യായങ്ങള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനു ശേഷം അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യത്തിലൂടെ സുപ്രിംകോടതിയും വിവിധ വിധിന്യായങ്ങളും കടന്നുപോയതിന്റെ അനുഭവം ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് 2014നു ശേഷമാണ്. കൂട്ടത്തില്‍ കഴിഞ്ഞ മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ചീഫ് ജസ്റ്റിസുമാര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം എന്നു പറയാന്‍ കഴിയില്ല. പരമോന്നത നീതിപീഠം ഒരു കൂട്ടായ്മയിലാണു പോവുന്നത്. ഇന്ന് ചീഫ് ജസ്റ്റിസ് ആ കാര്യം ഉയര്‍ത്തിപ്പറയുന്നുണ്ട്. കാരണം, ഇത് ചീഫ് ജസ്റ്റിസിന്റെ മാത്രം മേന്മയായി കാണേണ്ടതില്ല. കേവലം ഒരു വ്യക്തിയെ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിനെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ടുപോവുന്ന രീതി പലപ്പോഴും ശരിയാവണമെന്നില്ല. മറ്റുള്ള ജഡ്ജിമാര്‍ അപ്പോള്‍ എന്തു ചെയ്യുകയായിരുന്നുവെന്നുള്ള പ്രശ്‌നമുണ്ട്. ഒരു ചീഫ് ജസ്റ്റിസ് ഒറ്റയ്ക്ക് ഒന്നും തീരുമാനിക്കുന്നില്ല. ചീഫ് ജസ്റ്റിസിന്റെ കൂടെ കുറഞ്ഞത് രണ്ട് ജഡ്ജിമാരെങ്കിലും ഉണ്ടാവാറുണ്ട്. അവരുടെയും കൂടി കൂട്ടായ്മയാണ്, അവര്‍ എത്ര ജൂനിേയഴ്‌സ് ആണെങ്കില്‍ പോലും, ചീഫ് ജസ്റ്റിനെ പോലെ മുഖവിലയ്‌ക്കെടുക്കാവുന്ന ഒരു തീര്‍പ്പ് അവര്‍ക്കും നല്‍കാവുന്നതാണ്. പക്ഷേ, അതുണ്ടാകാതെ വരുമ്പോള്‍ പലപ്പോഴും നമുക്ക് നിരാശ തോന്നാറുണ്ട്. സുപ്രിംകോടതിയെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീര്‍പ്പ്, ഒരു ഏകാധിപതിയെ പോലെ ഒരു ചീഫ് ജസ്റ്റിസിനു പെരുമാറാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉള്ളിലുള്ള ജനാധിപത്യം എവിടെയാണ് എന്ന സംശയം പലപ്പോഴും വരും.

പ്രത്യാശയുടെ കിരണം

അങ്ങനെയൊരു അസ്വസ്ഥപൂര്‍ണവും അശാന്തവുമായ ഒരു സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുന്നതിനിടയിലാണ് ഇങ്ങനെയൊരു ഇടക്കാല വിധി ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഇരുട്ടില്‍ പ്രത്യാശയുടെ കിരണമായി ഈ വിധി വിലയിരുത്തപ്പെടുന്നതില്‍ തെറ്റില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള വര്‍ഷങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നു ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത വിധികള്‍ ഉണ്ടായ സന്ദര്‍ഭത്തോട് സദൃശപ്പെടുത്താവുന്ന ഒരു സംഭവമാണിത്. യുഎപിഎ പോലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അവരുടെ ദുഷ്ടലാക്കിനുവേണ്ടി ദുരുപയോഗം ചെയ്യുന്നു എന്നതല്ല, അത്തരം നിയമങ്ങള്‍ നിര്‍മിക്കുന്നതുതന്നെ ദുരുപയോഗം ചെയ്യുന്നതിനു വേണ്ടിയാണ് എന്നതാണ് യാഥാര്‍ഥ്യം. യുഎപിഎ കേസുകള്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്ന അപായകരമായ സാഹചര്യവുമായി തുലനംചെയ്യുമ്പോഴാണ് 124എ നിയമത്തിന്റെ കാര്യത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ ചെറിയ തീര്‍പ്പിനെ കുറേക്കൂടി വലിയ രീതിയില്‍, ആശ്വാസകരമായ രീതിയില്‍ കാണാന്‍ കഴിയുക. ഏതായാലും കുറേക്കൂടി ശുഭോദര്‍ക്കമായ ഒരു ദിശ ചീഫ് ജസ്റ്റിസ് രമണയുടെ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുപറയുന്നതില്‍ അഭിമാനമുണ്ട്. അപ്പോഴും കുറേക്കൂടി കര്‍ശനമായി പറയേണ്ട ഒന്ന് ഇവിടെ ഉണ്ട്. ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഞങ്ങളത് ആശിക്കുന്നു എന്നൊരു പൊളിറ്റിക്കല്‍ ഡയലോഗിന് സുപ്രിംകോടതി പോവേണ്ട കാര്യമില്ല. കോടതിക്കു നയതന്ത്രത്തിന്റെ ആചാരരീതികളുടെ ആവശ്യവുമില്ല. സുപ്രിംകോടതി കാവല്‍മാലാഖയാണ്. ആ കാവല്‍മാലാഖയ്ക്ക് കര്‍ശനമായ തീര്‍പ്പുകള്‍ കല്‍പിക്കാനുള്ള അധികാരമുള്ളിടത്തോളം ഭരണഘടന ആ അധികാരം നല്‍കിയിട്ടുള്ളിടത്തോളം കാലം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇങ്ങനെ ചെയ്യും, അങ്ങനെ ചെയ്യും എന്നെല്ലാം പ്രതീക്ഷിക്കുന്ന, ആശിക്കുന്ന ഒരു നീതിപീഠത്തെ അല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കുറേക്കൂടി കര്‍ശനമായ വിധി ജൂലൈ മാസം മൂന്നാം വാരത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവും എന്നു നമുക്കാശിക്കാം. ഈ കാലഘട്ടത്തില്‍ കുറേക്കൂടി ശുഭകരമായ ഒരു ചുവട് ഉണ്ടായി, അല്ലെങ്കില്‍ ആശിക്കാന്‍ വകയുള്ള ഒന്ന് നമുക്ക് വീണുകിട്ടി എന്നു കരുതാം. അത്രയധികം നിരാശയിലാണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഈ വിധി നമ്മെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വലിയ ആഹ്ലാദം തരുന്ന വിധി ജൂലൈയില്‍ പുറത്തുവരുമെന്നു നാം പ്രതീക്ഷിക്കുന്നുമുണ്ട്.

(തേജസ് ദൈ്വവാരികയില്‍ ജൂലൈ 1-15ന് പ്രസിദ്ധീകരിച്ച ലേഖനം)

Next Story

RELATED STORIES

Share it