Articles

പ്രഹസനമാകുന്ന കുറ്റപത്രങ്ങള്‍

പ്രഹസനമാകുന്ന കുറ്റപത്രങ്ങള്‍
X

അഡ്വ: പി. ഉസ്മാന്‍, ബംഗളൂരു

സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ സന്തുലിതാവസ്ഥ, അവിടെ നിലനില്‍ക്കുന്ന കുറ്റാന്വേഷണ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണിരിക്കുന്നത്. 'പല്ലിന് പല്ല്, കണ്ണിന് കണ്ണ്' എന്ന ബൈബിള്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രിമിനല്‍ നീതിന്യായ നിര്‍വ്വഹണം നിലവില്‍ വന്നതു തന്നെ, കുറ്റവാളിയെ മാതൃകാപരമായ ശിക്ഷക്ക് വിധേയമാക്കിയില്ലെങ്കില്‍, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുമെന്നും കുറ്റവാളികള്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുമെന്നും തന്മൂലം, നിയമവാഴ്ച്ചയുടെ തകര്‍ച്ചക്ക് അത് കാരണമാകുമെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ്.

ദൗര്‍ഭാഗ്യവശാല്‍, ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങള്‍ക്കെതിരെ, അവരൊന്ന് തുമ്മിയാല്‍ പോലും, തീവ്രവാദികളെന്നോ, മാവോവാദികളെന്നോ മുദ്രകുത്തി യുഎപിഎ പോലുള്ള കൊടും നിയമങ്ങള്‍ ചേര്‍ത്ത് കുറ്റപത്രങ്ങള്‍ തയ്യാറാക്കുകയും, ഇര അതേ സമുദായത്തില്‍ നിന്നായാല്‍, പ്രതികള്‍ക്കെതിരെ 'ജുവനെയില്‍ ജസ്റ്റിസ്' മാത്രം കുറ്റപത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതുമായ പ്രവണതയാണ് കാണുന്നത്. ഇത് സമൂഹത്തിനൊരിക്കലും ഗുണം ചെയ്യുകയില്ല എന്നു മാത്രമല്ല, നീതി നിഷേധത്തിന്റെ മറപിടിച്ച് പ്രതിലോമ പ്രവര്‍ത്തനങ്ങളിലേക്ക്, പ്രസ്തുത സമുദായത്തെ കൈപിടിച്ച് നടത്തുന്ന വിധ്വംസക ശക്തികള്‍ക്ക് വളക്കൂറാകുകയും ചെയ്യും. അതൊഴിവാക്കേണ്ടത് ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്. ഒരു ന്യൂനപക്ഷ സമുദായത്തെ മുഖ്യധാരയില്‍ നിന്നകറ്റത്തക്കതായ ഇത്തരം പ്രയത്‌നങ്ങള്‍ക്കെതിരെ, സാമുദായിക നേതാക്കള്‍ ജാഗരൂകരാകേണ്ടത് അത്യാവശ്യമാണ്.

പ്രതിയൂടെ കസ്റ്റഡി കാലാവധി, 90 ദിവത്തിനപ്പുറം ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നനുശാസിക്കുന്ന ക്രിമിനല്‍ നടപടിക്രമത്തിലെ 167 ാം വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ്, ചില കേസുകളില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തട്ടിക്കൂട്ടിയ കുറ്റപത്രം സമര്‍പ്പിക്കാറുള്ളത്. മറ്റ് ചില പ്രത്യേക സാഹചര്യങ്ങളില്‍, കോടതിയില്‍ നിന്ന് തുടരന്വേഷണത്തിനുള്ള അനുമതി കൈപ്പറ്റി പിന്നീട് അനുബന്ധ കുറ്റപത്രങ്ങള്‍ (supplementary charge sheet) സമര്‍പ്പിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്ന രീതിയുമുണ്ട്. ഇത്തരം എല്ലാ അന്വേഷണ റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ, കുറ്റം ചുമത്തുവാന്‍ കോടതികളില്‍ പ്രോസിക്യൂഷന്‍ ഭാഗം ആവശ്യപ്പെടാറുണ്ട്. ഇതിലൊന്നും തെറ്റില്ല. പക്ഷേ, പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കുകയാണ് തട്ടിക്കൂട്ടി തയ്യാറാക്കിയ കുറ്റപത്രസമര്‍പ്പണം വഴി പ്രോസിക്യൂഷന്‍ ലക്ഷ്യമാക്കുന്നതെങ്കില്‍, കേവലം ഒരു പോലിസ് സ്‌റ്റേഷനില്‍ നിന്നുപോലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. അത്തരമൊരു കുറ്റപത്രം തയ്യാറാക്കുന്നത് ഒരു പ്രഹസനമാണ്.

പ്രായപൂര്‍ത്തിയാകാത്ത, പിഞ്ചുകുഞ്ഞുങ്ങള്‍ പോലും, നരാധമന്മാരുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെട്ട് അഴുക്കുചാലുകളിലേക്ക് വലിച്ചെറിയപ്പെട്ട അനേക സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍, അതിന് കടിഞ്ഞാണിടാന്‍ കൊണ്ടുവന്ന ഈ നിയമത്തെ രാഷ്ട്രീയ, സാമുദായിക സ്വാധീനമുപയോഗിച്ച് പിച്ചിച്ചീന്തി ചവുറ്റുകൊട്ടയില്‍ തള്ളുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ മൂക്കുകയറിട്ട് നിറുത്തേണ്ടത്, ജനാധിപത്യ, മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്. അതിലുപരി, പോക്‌സോ പോലുള്ള നിയമങ്ങള്‍ സമൂഹത്തിലെ ഉന്നതര്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍, ദിശ തെറ്റാതെ നോക്കേണ്ട കടമയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ആരെയും നിയമത്തിന്റെ വഴിയില്‍ നിന്ന് രക്ഷിക്കേണ്ട ചുമതലയൊന്നും സര്‍ക്കാരിന്നില്ലാതിരിക്കെ, ഇരയുടെ മാനസികനിലയെ പഴിചാരുന്ന വിധത്തിലുള്ള വിലകുറഞ്ഞ വാദമുഖങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല.

പ്രതിക്കെതിരെയുള്ള പരാതിയില്‍ നിന്നും, മറ്റു സാക്ഷികളുടെ പ്രസ്താവനകളില്‍ നിന്നും, വൈദ്യപരിശോധനയില്‍ നിന്നും, പ്രായപൂര്‍ത്തിയാകാത്ത ഒരു ബാലികക്കെതിരെയുള്ള ലൈംഗികാതിക്രമം ബോധ്യപ്പെടുന്നുണ്ടെങ്കില്‍, പ്രതിക്കെതിരെ പോസ്‌കോ നിയമത്തിലെ നിലനില്‍ക്കുന്ന വിവിധ വകുപ്പുകള്‍ പ്രകാരം, പ്രഥമദൃഷ്ട്യാ, കുറ്റപത്രം സമര്‍പ്പിക്കുന്നതാണ് നീതി. പോസ്‌കോ വകുപ്പുകള്‍ ഒഴിവാക്കിയെന്നതിലല്ല, അതൊഴിവാക്കുവാന്‍ നിരത്തിയ വാദമുഖങ്ങളാണ് നമ്മെ ഞെട്ടിക്കുന്നത്. കുറ്റവിചാരണയും ശിക്ഷാവിധിയും കോടതികളുടെ അധികാരപരിധിയിലിരിക്കെ, അത് തുറന്ന് കാട്ടാനെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍, ശ്രമിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന വസ്തുത നമ്മെ ഇരുത്തിച്ചിന്തിപ്പിക്കണം.

Next Story

RELATED STORIES

Share it