Articles

ജൂണ്‍ 26-ലോക ലഹരി വിരുദ്ധ ദിനം: ലഹരി ഒരു മരുന്നല്ല, രോഗമാണ്

മുഹ്‌സിന്‍ ടിപിഎംപകര

ജൂണ്‍ 26-ലോക ലഹരി വിരുദ്ധ ദിനം: ലഹരി ഒരു മരുന്നല്ല, രോഗമാണ്
X

ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. കുരുക്കുകള്‍ മുറുക്കി രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1988 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. 33 വര്‍ഷം ആവര്‍ത്തിച്ച് ദിനാചരണം നടത്തിയിട്ടും ലഹരി മരുന്നുകളുടെ സ്വാധീനം സമൂഹത്തില്‍ വളര്‍ന്ന് വരുന്നത് ആശങ്കാ ജനകമാണ്. മയക്കുമരുന്നുകളുടെ വസ്തുതകള്‍ വെളിപ്പെടുത്തി ജീവിതങ്ങള്‍ രക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന് യുഎന്‍ തിരഞ്ഞെടുത്ത പ്രമേയം. അജ്ഞതയിലൂടെ ലഹരിയുടെ കെടുതികളിലേക്ക് വീണു പോവാതെ ലോക ജനതയെ സംരക്ഷിക്കാനും അതുവഴി മാഫിയകളുടെ പ്രലോഭനങ്ങളില്‍ നിന്ന് ജനതയെ സമര്‍ത്ഥമായി തടയിടാനും പ്രമേയ പ്രചാരണം വഴിയൊരുക്കും.

തലച്ചോറിനെ നിയന്ത്രണവിധേയമല്ലാതെയാക്കി താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി ഫലപ്രദമായ മരുന്നുകളില്ലാത്ത രോഗങ്ങള്‍ക്കും പിന്നീട് മരണത്തിനും ഒറ്റിക്കൊടുക്കുകയാണ് ലഹരി മരുന്നുകള്‍. ലോകത്ത് 270 മില്ല്യണ്‍ ജനങ്ങള്‍ ലഹരിക്ക് അടിമയാണ്. ഇതില്‍ 35.6 മില്യണ്‍ ജനങ്ങള്‍ കഞ്ചാവിന് അടിമയായവരാണ്. ഓരോ വര്‍ഷവും ശരാശരി 4 ശതമാനം വളര്‍ച്ചയാണ് ലഹരി ഉപയോഗത്തിലുണ്ടാവുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം മാത്രം 80 ലക്ഷം പേര്‍ ഒരു വര്‍ഷം ലോകത്ത് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ 12 ലക്ഷത്തോളം ഹതഭാഗ്യരെ സംഭാവന ചെയ്തിരിക്കുന്നത് ഇന്ത്യയാണ്.

അന്താരാഷ്ട ലഹരി മാഫിയ വിപണിക്കായി ലക്ഷ്യമിട്ടിരിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെയാണ്. നമ്മുടെ വിഭവ ശേഷികളില്‍ അതിപ്രധാനമായ പുതു തലമുറകളിലാണ് മാഫിയകള്‍ സ്വപ്നം നെയ്യുന്നത്. ഛണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചും ന്യൂഡല്‍ഹിയിലെ എയിംസും സംയുക്തമായി നടത്തിയ പഠനത്തില്‍ 1.2 കോടി ഡോളറിനടുത്താണ് ഇന്ത്യയില്‍ മദ്യ ഉപയോഗം മൂലമുണ്ടാകുന്ന നഷ്ടം. ആള്‍നാശവും ചികില്‍സാ ചെലവും, ഉല്‍പ്പാദന നഷ്ടവുമെല്ലാം പരിഗണിച്ചാണിത്. ഇന്ത്യയുടെ ജിഡിപിയുടെ 1.45 ശതമാനമാണ് മദ്യം വഴി മാത്രമുണ്ടാവുന്ന ശരാശരി നഷ്ടം. മദ്യേതര ലഹരിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ സ്ഥിതി അത്യന്തം ഗൗരവമാണെന്ന് ബോധ്യപ്പെടും.

സാംക്രമിക രോഗങ്ങള്‍ ജനജീവിതത്തെ തടവിലാക്കിയിരിക്കുന്ന പുതിയ ലോകക്രമത്തില്‍ പൊതു ജനാരോഗ്യ സംബന്ധമായും ചര്‍ച്ചകള്‍ നടക്കുന്നു. പ്രതിരോധ ശക്തി ഉയര്‍ത്തുന്നതും ഒരു സാമൂഹിക പ്രവര്‍ത്തനമായി വായിക്കപ്പെടണം.മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തിയെ പൂര്‍ണമായും ലഹരിയുടെ ഉപയോഗം നശിപ്പിക്കും. മണവും രുചിയും നിറവും നല്‍കി യുവജനങ്ങളെ ആകര്‍ഷിക്കുന്ന സൈക്കോ ആക്റ്റീവ് സബ് സ്റ്റന്‍സുകളില്‍ നിര്‍വൃതി കണ്ടെത്തുകയാണ് നമ്മുടെ യൗവനങ്ങളും കൗമാരങ്ങളും. നോവല്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം വാസ്തവത്തില്‍ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട അപരാധമാണ്.

വരുമാന നഷ്ടമാണ് സര്‍ക്കാറുകള്‍ക്ക് മദ്യ നിരോധനത്തെ കുറിച്ച് പറയുമ്പോള്‍ ചൂണ്ടിക്കാണിക്കാനുള്ളത്. ബിഹാറില്‍ 2016ല്‍ നിതീഷ് കുമാര്‍ മന്ത്രിസഭ മദ്യം നിരോധിച്ചപ്പോള്‍ 4000 കോടിയുടെ സാമ്പത്തിക നഷ്ടമാണവിടെ ഉണ്ടായത്. പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മദ്യേതര നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടായി. മദ്യപിച്ചിരുന്ന ആളുകള്‍ അതിനുപയോഗിച്ചിരുന്ന വരുമാനം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു തുടങ്ങി. ആഢംബര സാരികളുടെ വില്‍പ്പനയില്‍ 1715 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമൂഹിക തിന്മകളായ പിടിച്ചുപറിയും കൊള്ളയും തട്ടിക്കൊണ്ടു പോവലും മദ്യലഭ്യത ഇല്ലാതായപ്പോള്‍ വന്‍ തോതില്‍ കുറഞ്ഞത് ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷന്‍ ആയി ബിഹാറും മാറിയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ബിഹാറില്‍ 2016ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. രൂപീകരണം മുതല്‍ പേരിനെങ്കിലും ഗുജറാത്തിലും മദ്യ നിരോധനമുണ്ട്.

ഇച്ഛാ ശക്തിയുണ്ടെങ്കില്‍ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ലഹരി പദാര്‍ത്ഥങ്ങളുടെ അമിതമായ ദുരുപയോഗം. ലഹരി മാഫിയകളോടല്ല പൊതു ജനങ്ങളോടാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ വിധേയത്തം കാണിക്കേണ്ടത്. സങ്കടഭരിതമായ സാമൂഹിക കുടുംബാന്തരീക്ഷത്തിന്റെ പരിസരത്ത് നിന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നമ്മുടെ കലാലയങ്ങളുടെ ചുറ്റുപാടുകളില്‍ ലഹരി മാഫിയ കെണിയൊരുക്കിയിരിക്കുന്നു. ലഹരിക്കെതിരേ പാഠ്യപദ്ധതിയില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് കലാലയങ്ങള്‍ക്കകത്ത് നിന്ന് ചെറുത്തുനില്‍പ്പുകള്‍ തുടങ്ങണം. സാമൂഹിക ബാധ്യതയായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സ്വീകരിച്ച് പൊതുസമൂഹവും വിദ്യാര്‍ത്ഥി-യുവജന-വനിതാ സംഘടനകളും മുന്നിട്ടിറങ്ങണം. ജയിക്കുന്ന ജനതയെന്നത് കേവലമൊരു പാഴ്‌വാക്കല്ലെന്ന് തെളിയിക്കാന്‍ ഒരുമിച്ച് മുന്നേറാന്‍ ഈ വിശേഷ ദിവസം പ്രതിജ്ഞ പുതുക്കുക

(ലഹരി നിര്‍മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

June 26 - World Anti-Drug Day

Next Story

RELATED STORIES

Share it