Articles

ജൂണ്‍ 19-വായനാ ദിനം: ലോകത്ത് വായിക്കാത്ത ആരെങ്കിലുമുണ്ടോ?

ഹബീബ് റഹ്മാന്‍ കൊടുവള്ളി

ജൂണ്‍ 19-വായനാ ദിനം:   ലോകത്ത് വായിക്കാത്ത ആരെങ്കിലുമുണ്ടോ?
X
വായന മരിക്കുന്നോ ജീവിക്കുന്നോ എന്നൊക്കെയുള്ള മുറവിളി തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലധികമായി. സത്യത്തില്‍ ലോകത്ത് വായിക്കാത്ത ആരെങ്കിലുമുണ്ടോ?. ഇല്ല, എന്ന് തന്നെയാണുത്തരം. വായനയുടെ പ്രതലങ്ങളും രീതികളും വിഷയങ്ങളുമൊക്കെ മാറിയിട്ടുണ്ടാവാം. പക്ഷേ, വായന ഒരിക്കലും മരിക്കില്ല. മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം തന്നെ ചിന്താവായനാ ശേഷികളാണ്. അതിനാല്‍ ലോകവും മനുഷ്യനും നിലനില്‍ക്കുന്നിടത്തോളം വായനയും നിലനില്‍ക്കും.

കൊറോണ ലോക്ക് ഡൗണില്‍ എല്ലാം നിശ്ചലമായപ്പോഴും ഏറ്റവും പെട്ടെന്ന് ഏറെക്കുറെ സാധാരണനിലയിലേക്ക് വന്നത് വഴിയോര പുസ്തക വില്‍പനയാണ് എന്നത് വായനാ പുനര്‍ജ്ജന്മത്തിന്റെ തെളിവാണ്. തിരുവനന്തപുരത്തും തൃശൂരും കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ ഇത്തരം വഴിയോര പുസ്തക കേന്ദ്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവും. ഷേക്‌സ്പിയര്‍ മുതല്‍ ബെന്യാമിന്‍ വരെയുള്ള സകല എഴുത്തുകാരുടെയും പഴയതും പുതിയതുമായ കൃതികള്‍ ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന ജനകീയ കേന്ദ്രങ്ങളാണിത്. വീടുകളിലെ അടച്ചിട്ട കാലത്തെ ഓണ്‍ലൈന്‍, ഡിജിറ്റല്‍, സ്‌ക്രീന്‍ വായനകളുടെ അപര്യാപ്തതയുമാവാം ജനങ്ങള്‍ ഇത്തരം ഫുട്പാത്ത് കേന്ദ്രങ്ങളിലേക്ക് തിരിയാനുള്ള മറ്റൊരു കാരണം.

കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും 'വായിച്ചു വളരുക' എന്ന സന്ദേശത്തിലൂടെ വായനയുടെ വഴികാട്ടിയുമായ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് 1996 മുതല്‍ നാം മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 മുതല്‍ ദേശീയ വായനാ ദിനമായി ഈ ദിവസത്തെ തന്നെ പ്രഖ്യാപിച്ചു എന്നത് സാക്ഷരതയുടെയും വിജ്ഞാനത്തിന്റെയും കാര്യത്തിലുള്ള നമ്മുടെ അഭിമാനമാണ്.

പി എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി

ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യവെ സനാതന ധര്‍മവായനശാലയുടെയും പി കെ മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1947ല്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സ്‌റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ച അദ്ദേഹം 1995 ജൂണ്‍ 19ന് അന്തരിച്ചു.

വായനയും അറിവും മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൗരന്മാര്‍ നാടിന്റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായനാശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും. വായന ഒരാളെ പൂര്‍ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബേക്കന്റെ അഭിപ്രായം തന്നെയാണ് 'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും' എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രഖ്യാപനവും. വായന നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. സാമൂഹിക സാമ്പത്തിക മേഖലയിലെ വളര്‍ച്ചയും വികാസവും വായനയിലൂടെ നമുക്ക് പകര്‍ന്നുകിട്ടുന്നു. അതുകൊണ്ടാണ് എപിജെ അബ്ദുല്‍ കലാം 'ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും' എന്ന് പറഞ്ഞതും. 'വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്തിനെക്കൊണ്ട് പറയിപ്പിച്ചതും.

വായന അറിവും തിരിച്ചറിവുമാണ്. വായനയുടെ ആത്യന്തികലക്ഷ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്‍മയും സംസ്‌കാരണവുമാകുമ്പോള്‍ വായനയുടെ സര്‍ഗ സഞ്ചാരം സമൂഹത്തിന് ഗുണകരമാവും. അതിനാലാണല്ലോ ദൈവം മനുഷ്യനോട് സംസാരിച്ച ആദ്യവചനം തന്നെ 'വായിക്കുക' എന്നായത്. ശ്രദ്ധ കേന്ദ്രീകൃത മനസ്സ് നല്‍കുന്നതോടൊപ്പം വിഷമങ്ങളും പ്രയാസങ്ങളും ചെറുക്കുവാനും കുറയ്ക്കുവാനും മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും ലഭ്യമാക്കുവാനും കഴിയുന്നതിനാല്‍ വായിക്കുന്നവന്‍ വായിക്കാത്തവരേക്കാള്‍ എളുപ്പത്തില്‍ ജീവിതത്തിലെ ഏത് ഘട്ടങ്ങളെയും പക്വതയോടെയും സമചിത്തതയോടെയും തരണം ചെയ്യുന്നതായി കാണാം. സങ്കല്‍പ്പ ശക്തിയും ഭാവനാ ശക്തിയും വര്‍ധിപ്പിച്ച് ജീവിതത്തില്‍ വിജയം നേടുന്ന പലരും വായനയുടെ ശക്തി തിരിച്ചറിഞ്ഞവരാണ്. വായനയിലൂടെ പുതിയ പുതിയ പദാവലികളും വാക്കുകളും ലഭ്യമാവുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ സാധിക്കുന്നു. ഭാഷയെയും സംസ്‌കാരത്തെയും കൂടുതല്‍ അടുത്തറിയാന്‍ കഴിയുന്നതുകൊണ്ട് നമ്മുടെ അറിവുകളും കാഴ്ചപ്പാടുകളും വര്‍ധിച്ചുകൊണ്ടേയിരിക്കും. ലോകം മുഴുവന്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കലയാണ് വായന. ഇതിനൊക്കെപ്പുറമേ വായനയുടെ ശക്തി നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുകയും എഴുത്തുകാരാക്കുകയും ചെയ്യും.

വായനയുടെ രുചിയും അനുഭൂതിയും സ്വായത്തമാക്കിക്കഴിഞ്ഞാല്‍ അതൊരു മനോഹര അനുഭവമാണെന്നതിനാലാണ് 'സ്വര്‍ഗം ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാന്‍ കരുതാറുണ്ട്' എന്ന് ബോര്‍ ഹെസേ പറയാന്‍ കാരണം. 'വായനക്കാരന്‍ മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു, എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു' എന്ന് ജോര്‍ജ് ആന്‍ മാര്‍ട്ടിനെക്കൊണ്ട് പറയിച്ചതും ഈ വായനാനുഭൂതി തന്നെ. വായന കേവല പുസ്തകങ്ങളില്‍ മാത്രം ഒതുക്കരുതെന്നാണ് 'എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകങ്ങളാണ് അവനവനും ചുറ്റുമുള്ള പ്രകൃതിയും' എന്ന കുഞ്ഞുണ്ണി മാഷിന്റെ ഈരടികള്‍ നമ്മെ തെര്യപ്പെടുത്തുന്നത്. നോവല്‍, കഥ, കവിത, യാത്രാവിവരണങ്ങള്‍, പരിഭാഷകള്‍, ലേഖനങ്ങള്‍ തുടങ്ങിയ കലാസാഹിത്യ ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള ഭാഷ. വായിക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാവണമെന്നേയുള്ളൂ.

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം, നാലുകെട്ട്, ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍, രണ്ടിടങ്ങഴി, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, കമലാസുരയ്യയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ബെന്യാമിന്റെ ആടുജീവിതം തുടങ്ങി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് വരെ മലയാളഭാഷയിലെ നിത്യഹരിത നോവലുകളും കഥകളുമാണ്. കുമാരനാശാന്റെ വീണപൂവ്, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, ചങ്ങമ്പുഴയുടെ രമണന്‍, ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒഎന്‍വിയുടെ അമ്മ, വയലാര്‍ രാമവര്‍മ്മയുടെ അശ്വമേധം, മധുസൂദനന്‍ നായരുടെ നാറാണത്ത് ഭ്രാന്തന്‍ തുടങ്ങിയ മനോഹരമായ കവിതകളും മലയാളഭാഷയെ സമ്പുഷ്ടമാക്കുന്നു.

ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങള്‍ രചിക്കുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഗ്രെഹല്‍വയുടെ വില്‍പ്പനയുടെ രീതിശാസ്ത്രം പ്രതിപാദിക്കുന്ന 'അണ്‍ലീഷിങ് ദി പവര്‍ ഓഫ് കണ്‍സള്‍ട്ടേറ്റീവ് സെല്ലിങ്', തത്വശാസ്ത്രം, ചരിത്രം, തമാശകള്‍ എന്നിവയിലൂടെ കുടുംബസ്‌നേഹ കഥ പറയുന്ന ജെയിന്‍ ഓസ്റ്റിന്റെ 'പ്രൈഡ് ആന്‍ഡ് പ്രെജുഡിസ്', മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങള്‍ പ്രതിപാദിക്കുന്ന മനോഹര കഥകള്‍ എഴുതിയ പുലിറ്റ്‌സര്‍ ജേതാവ് ഹാര്‍പ്പര്‍ ലീയുടെ 'ടു കില്‍ എ മോക്കിങ് ബേര്‍ഡ്', ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വസിന്റെ ഫലിതങ്ങളും സംഭ്രമ യഥാര്‍ഥ്യങ്ങളും ഉള്‍ക്കൊള്ളിച്ച സ്പാനിഷ് സാഹിത്യത്തിന്റെ അടയാളപ്പെടുത്തലായ 'വണ്‍ ഹന്‍ഡ്രഡ് യേര്‍സ് ഒഫ് സോളിറ്റിയൂഡ്', ട്രൂമാന്‍ ക്യാപോറ്റിന്റെ പത്രപ്രവര്‍ത്താനാത്മക കുറ്റാന്വേഷണ നോവലായ 'ഇന്‍ കോള്‍ഡ് ബ്ലഡ്' തുടങ്ങിയവയൊക്കെ അന്താരാഷ്ട്ര തലത്തിലെ 'ബെസ്റ്റ് സെല്ലറു'കളാണ്.

Next Story

RELATED STORIES

Share it