Articles

നിരീക്ഷണത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങള്‍

കലീം

നിരീക്ഷണത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങള്‍
X

ആറു വര്‍ഷം മുമ്പു തങ്ങള്‍ തന്നെ റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പു പ്രകാരം പോലിസ് പല സംസ്ഥാനങ്ങളിലും കേസെടുത്തതില്‍ സുപ്രിംകോടതി നടുക്കം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തരവകുപ്പ് അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം കൊടുത്തിരിക്കുകയാണ്. അമിത് ഷാ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിന് ഇക്കാര്യം നേരത്തേ അറിയാന്‍ പറ്റിയില്ലെന്നു നിഷ്‌കളങ്കത കൂടിയവര്‍ മാത്രമേ വിശ്വസിക്കൂ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉള്ളതും ഇല്ലാത്തതുമായ നിയമങ്ങള്‍ ഭരണകൂടങ്ങള്‍ പ്രയോഗിക്കും. നിലനില്‍പ്പിന്നത് ആവശ്യമാണ്. യുഎപിഎയ്‌ക്കെതിരേ കൈപൊക്കിയ സിപിഎം നേതാക്കളില്‍പ്പെട്ട പിണറായി വിജയന്‍ തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു മേല്‍ ആ നിയമം ചുമത്തിയത്.

പണ്ടു ബ്രിട്ടിഷുകാര്‍ നടപ്പാക്കിയ പകര്‍ച്ചവ്യാധി നിയമത്തിന്റെ ഗുണഗണങ്ങള്‍ ബ്യൂറോക്രാറ്റുകളും പോലിസും ഇപ്പോഴാണ് കണ്ടുപിടിക്കുന്നത്. യോഗി ആദിത്യനാഥായി കാവി ളോഹയണിഞ്ഞ യുപിയിലെ അജയ്‌മോഹന്‍ ബിഷ്ത്തിനും മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് ചൗഹാനും അസമിലെ ബിശ്വാസ് ശര്‍മയ്ക്കും അഞ്ചിലധികം പേര്‍ തടിച്ചുകൂടുന്നത് തടയാന്‍ അതു മതിയാവും. അത്യുല്‍സാഹമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക്, വീഡിയോഗ്രഫര്‍ സ്ഥലത്തുണ്ടെങ്കില്‍ കുറ്റവാളികളെ ഏത്തമിടീക്കുന്നതിനും ആ നിയമം സംരക്ഷണമേകും. നിരീക്ഷണ സംവിധാനം കൂടുതല്‍ വ്യാപകമാക്കാനും അതുമതി.

മാധ്യമ കുത്തകകളെ ശക്തിപ്പെടുത്തുന്നതില്‍ മോദി ഭരണകൂടം കാണിക്കുന്ന സവിശേഷമായ ഉല്‍സാഹത്തിലും നിയന്ത്രണം ഒരു ഘടകമാണ്. ഉദാഹരണത്തിന് അംബാനിയുടെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ എന്തു കൊടുക്കണമെന്നു തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഒരു ഗുമസ്തന്റെ ഫോണ്‍കോള്‍ മതി. അംബാനിയുടെ 'ന്യൂസ് 18' എന്ന ചാനല്‍ പതിവായി മുസ്‌ലിം സംഘടനകളെക്കുറിച്ച് എക്‌സ്‌ക്ലൂസീവ് നുണകള്‍ കൊടുക്കുന്നത് ഒന്നും കാണാതെയല്ല.

പെഗാസസ്

നിരീക്ഷണങ്ങളുടെ ബലത്തില്‍ മാത്രം നിലകൊള്ളുന്ന സയണിസ്റ്റ് രാഷ്ട്രത്തിനു രാഷ്ട്രീയമായി തങ്ങള്‍ക്കു യോജിക്കാവുന്ന ഭരണകൂടങ്ങള്‍ക്കു മാത്രം വില്‍ക്കുന്ന പെഗാസസ് എന്നു പേരുള്ള ഒരു സോഫ്റ്റ്‌വെയറുണ്ട്. ആര്‍ക്കൊക്കെ അതു നല്‍കിയെന്നു മൊസാദ് പറയില്ല. അത്തരമൊരു സോഫ്റ്റ്‌വെയര്‍ വഴിയുള്ള നിരീക്ഷണത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ എങ്ങോട്ടു പോവുമെന്നറിയാന്‍ ഇനി ഒരു പുതിയ സ്‌നോഡന്‍ രംഗത്തുവരേണ്ടിവരും. അതുപയോഗിച്ച രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളുമൊക്കെ നിരീക്ഷണത്തിലായിരിക്കും. ഫോണിലും കംപ്യൂട്ടറിലും കയറിപ്പറ്റിയാല്‍ എല്ലാ സ്വകാര്യതയും പെഗാസസ് തകര്‍ക്കും(മൊബൈല്‍ ഫോണില്ലാതെ സഞ്ചരിക്കുന്നവരെ പോലിസ് സംശയത്തോടെ വീക്ഷിക്കുന്നത് ഇതുകൊണ്ടാവണം!). ഭീമാ കൊറേഗാവ് കേസില്‍ റോണാ വില്‍സണ്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അവരുടെ ഇ-മെയില്‍ ഒളിച്ചുവായിച്ചു പല സംഭ്രമജനകമായ സന്ദേശങ്ങളും ഐബിയോ കൂടുതല്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും ഏജന്‍സിയോ കുത്തിത്തിരുകി. അതിന്റെയടിസ്ഥാനത്തിലാണ് അനേകം എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ ഭരണമാറ്റം ഉണ്ടായ ഉടനെ എന്‍ഐഎ ചാടിവീണു കേസ് ഏറ്റെടുത്തതിന്റെ പിന്നില്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ കള്ളക്കളി പുറത്താവുമെന്ന പരിഭ്രമം തന്നെയായിരിക്കും

(കലീം എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം ഈ ലക്കം തേജസ് ദ്വൈവാരികയില്‍ വായിക്കാം)

Governments under surveillance

Next Story

RELATED STORIES

Share it