Articles

ജനറല്‍ ആശുപത്രി; 'മലപ്പുറം മോഡല്‍ വികസനത്തിന്റെ' ബാക്കിപത്രം

ഇര്‍ഷാദ് മൊറയൂര്‍

ജനറല്‍ ആശുപത്രി; മലപ്പുറം മോഡല്‍ വികസനത്തിന്റെ ബാക്കിപത്രം
X

'ജനറല്‍ ആശുപത്രി' മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്തണം എന്നും പറഞ്ഞു മഞ്ചേരി എംഎല്‍എയും സംഘവും കഴിഞ്ഞ ദിവസം കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. അതിന് എവിടെ ജനറല്‍ ആശുപത്രി? എന്നൊന്നും ചോദിക്കരുത്. പഴയ പുരാവസ്തു ഗവേഷണം പോലെ നിലവില്‍ ഉണ്ടായിരുന്ന ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജാക്കി 'ബോര്‍ഡ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ' നടത്തിയപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ അവിടെയൊക്കെ ഉണ്ടത്രേ. അതിനി പൊടിതട്ടി എടുത്ത് ടിബി ആശുപത്രിയിയിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം. ചുരുക്കി പറഞ്ഞാല്‍ ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജിലും ഒന്ന് തന്നെയാണ് എന്നര്‍ത്ഥം. എന്നാല്‍ ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങളെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ അത് ബബ്ബബാ.

ഈ സമരം ചെയ്യുന്ന കൂട്ടര്‍ തന്നെയാണ് അവരുടെ ഭരണകാലത്ത് തന്നെ ഈ ജനറല്‍ ആശുപത്രി പേര് മാറ്റി മെഡിക്കല്‍ കോളജ് ആക്കിയതും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതും. മറ്റു ജില്ലകളില്‍ സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ കോളജ് വന്നപ്പോള്‍ മലപ്പുറത്ത് 23 കോടിയോളം രൂപ മലപ്പുറത്തെ ജനങ്ങളെ പിഴിഞ്ഞാണ് കോളജ് വന്നത്. അതിന് 'മലപ്പുറം മോഡല്‍ വികസനം' എന്നും പേരിട്ടു. മെഡിക്കല്‍ കോളജിന് വേണ്ട ഒരു സൗകര്യങ്ങളും ഇല്ലാതെയാണ് മഞ്ചേരി നഗരത്തിന്റെ ഏറ്റവും തിരക്കേറിയ ഭാഗത്ത് ഇപ്പോള്‍ 'മെഡിക്കല്‍ കോളജ്' സ്ഥിതിചെയ്യുന്നത്. ശ്വാസം മുട്ടുകയാണ് എന്നു തന്നെ പറയാം. യഥാര്‍ത്ഥത്തില്‍ യുഡിഎഫിന്റെ ദീര്‍ഘവീക്ഷണമില്ലായ്മക്കും വിഡ്ഢിത്തരത്തിനും വലിയ വില കൊടുക്കേണ്ടി വന്നത് മലപ്പുറത്തെ ജനതയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമായിരുന്നു എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിച്ചു കൊണ്ടിരുന്ന മലപ്പുറത്തുകാര്‍ വലിയ പ്രതീക്ഷയോട് കൂടിയാണ് ഈ തീരുമാനം കണ്ടിരുന്നത്. പക്ഷേ, പദ്ധതി നടപ്പിലായപ്പോള്‍ മലപ്പുറത്തുകാര്‍ക്ക് നഷ്ട്ടമായത് അവര്‍ കോടികള്‍ പിരിച്ചെടുത്തു ഉണ്ടാക്കിയ ജനറല്‍ ആശുപത്രിയായിരുന്നു.

ഐഎംഎയും ജനപക്ഷത്തു നിലയുറപ്പിക്കുന്ന എസ് ഡിപിഐ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങളെയും അഭ്യര്‍ത്ഥനകളെയും തള്ളിക്കളഞ്ഞു കൊണ്ടു നിലവിലെ ജനറല്‍ ആശുപത്രി 'ബോര്‍ഡ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ' നടത്തി മെഡിക്കല്‍ കോളജ് ആയി പ്രഖ്യാപിച്ച് ഒരു ജനതയെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു യുഡഎഫ് സര്‍ക്കാര്‍ അന്ന് ചെയ്തത്. യുഡിഎഫ് സര്‍ക്കാറിലെ അപ്രമാദിത്വം ഉള്ള ഘടക കക്ഷിയായ ലീഗിന്റെ വികസന കാഴ്ചപ്പാടിന്റെ പോരായ്മയുടെ ഉദാഹരണം കൂടിയായിരുന്നു ഈ തീരുമാനം. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും വികസനത്തില്‍ പതിനാലാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നാക്കാവസ്ഥ തുടരുകയാണ്. ഇപ്പോള്‍ കൊവിഡ് ആശുപത്രിയായി മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കുകയും ചികില്‍സാ രംഗത്തെ മറ്റ് സൗകര്യങ്ങള്‍ മുഴുവന്‍ അടച്ചിടുകയും ചെയ്തതോട് കൂടി(അടുത്ത ദിവസങ്ങളില്‍ മറ്റു ഒപികള്‍ തുടങ്ങുമെന്ന് അറിയുന്നു) മെഡിക്കല്‍ കോളജിനെ ആശ്രയിച്ചിരുന്ന ജില്ലക്കാര്‍ മുഴുവന്‍ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടേണ്ട സാഹചര്യമാണുള്ളത്.

കൊവിഡ് മൂലം വലിയ സാമ്പത്തിക തകര്‍ച്ചയിലാണ് ജനങ്ങള്‍. ഈ സമയത്താണ് ആകെയുണ്ടായിരുന്ന മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കിയ ഏക ജില്ലയും മലപ്പുറമാണ്. നമുക്കൊരു ജനറല്‍ ആശുപത്രി ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ഗതി വരില്ലായിരുന്നു. അത് കൊണ്ട് ബഹുമാനപ്പെട്ട ജനപ്രതിനിധികളോട് പറയാനുള്ളത് 'ജില്ലയിലെ ജനറല്‍ ആശുപത്രി നഷ്ടപ്പെടുത്തിയത് നിങ്ങളാണ്. അതിനെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്ക് തന്നെയാണ്. ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നിലുള്ള മലപ്പുറത്തെ വീണ്ടും ചതിയിലേക്ക് തള്ളിയിടുകയാണ് നിങ്ങള്‍ ചെയ്തത്. ഇവിടെ കണ്ണില്‍ പൊടിയിടല്‍ സമരം നടത്താതെ ഞങ്ങളുടെ അവകാശങ്ങള്‍ വാങ്ങിത്തരാനുള്ള ഇച്ഛാശക്തിയാണ് നിങ്ങള്‍ കാണിക്കേണ്ടത്. ഇല്ലെങ്കില്‍ ജനകീയ കോടതികളില്‍ മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യട്ടെ...

General Hospital; Reminder of 'Malappuram Model Development'

Next Story

RELATED STORIES

Share it